ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് കടുവ. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ ചിത്രത്തിന്റെ റിലീസിനുവേണ്ടി കാത്തിരിക്കുകയാണ്. നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് സിനിമാരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കടുവക്കുണ്ട്.
ഇപ്പോഴിതാ കടുവയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനിഉലകമെന്ന യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രജനീകാന്ത് ചിത്രം സംവിധാനം ചെയ്യാന്‍ തനിക്ക് അവസരം കിട്ടി എന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്.
തനിക്ക് രജനീകാന്ത് സാറിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ അവസരം കിട്ടിയെന്നും എന്നാല്‍ പേടി കൊണ്ട് ആ ഓഫര്‍ സ്വീകരിച്ചില്ല എന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്.
‘എനിക്ക് രജനി സാറിനെ വെച്ച് സിനിമ ചെയ്യാന്‍ അവസരം കിട്ടിയിരുന്നു. പക്ഷെ ആ ഓഫര്‍ വന്നപ്പോള്‍ ഞാന്‍ പേടിച്ചു പോയി. കാരണം രജനി സാര്‍നെ പോലൊരു ലെജന്‍ഡിനെ വെച്ച് സിനിമ ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആ സിനിമ എന്നിലുള്ള രജനി സാര്‍ ഫാനിനെ തൃപ്തിപ്പെടുത്തണം. അത് എന്നെ നിരാശപ്പെടുത്തിയാല്‍ എനിക്ക് അത് വലിയ നിരാശയാകും. എന്നെങ്കിലും ഒരു ദിവസം എനിക്ക് അദ്ദേഹത്തെ വെച്ച് ഒരു ചിത്രം ചെയ്യാം എന്ന ആത്മവിശ്വാസം വന്നാല്‍ ഉറപ്പായും ഞാന്‍ അത് ചെയ്യും.’; പൃഥി പറയുന്നു.
മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്. ലുസിഫറിന് ശേഷം വിവേക് ഒബ്രോയ് വില്ലന്‍ വേഷത്തില്‍ എത്തുന്ന മലയാള ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായിക വേഷം കൈകാര്യം ചെയ്യുന്നത്.
ജൂണ്‍ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പിന്നീട് ജൂലൈ 7ലേക്ക് മാറ്റി വെക്കുകയായിരുന്നു. ‘ചില അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടുന്നതെന്നും സിനിമ ഇനി ജൂലൈ ഏഴിന് റിലീസ് ചെയ്യുമെന്നും’ പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.
ആദം ജോണിന്റെ സംവിധായകനും ‘ലണ്ടന്‍ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിവേക് ഒബ്രോയ് ചിത്രത്തില്‍ വില്ലനായ ഡി.ഐ.ജിയെ അവതരിപ്പിക്കുന്നു. ജേക്ക്സ് ബിജോയ്യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
Content Highlight : I got a chance to do a film with that big star, but for this reason I was not ready for it says Prithviraj Sukumaran