| Sunday, 12th December 2021, 8:38 am

എനിക്ക് തോന്നുമ്പോള്‍ രാജ്യസഭയില്‍ പോകും: രഞ്ജന്‍ ഗൊഗോയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യസഭയില്‍ എപ്പോള്‍ പോകണമെന്ന് താന്‍ തീരുമാനിക്കുമെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും എം.പിയുമായ രഞ്ജന്‍ ഗൊഗോയി. എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സര്‍ക്കാരിന്റെയോ പ്രതിപക്ഷത്തിന്റെയോ വിപ്പ് എനിക്ക് ബാധകമല്ല. ജനങ്ങള്‍ക്കാവശ്യമായ കാര്യങ്ങള്‍ പറയാനുണ്ടെന്ന് തോന്നുമ്പോള്‍ പോകും. അതു സര്‍ക്കാരിനോ പ്രതിപക്ഷത്തിനോ എതിരാണോ എന്നും കാര്യമാക്കില്ല. പറയാനുള്ളത് പറയും,’ ഗൊഗോയി പറഞ്ഞു.

നോമിനേറ്റഡ് അംഗമായതിനാല്‍ എപ്പോള്‍ രാജ്യസഭയില്‍ പോകണമെന്ന് താനാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ സ്ഥിര സാന്നിധ്യമല്ല ഗൊഗോയി.

2020 മാര്‍ച്ചില്‍ രാജ്യസഭാംഗമായെങ്കിലും ഒരു വര്‍ഷത്തിനിടെ പത്തു ശതമാനത്തില്‍ താഴെയാണ് അദ്ദേഹത്തിന്റെ ഹാജര്‍.

സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ശേഷം കേന്ദ്രസര്‍ക്കാരാണ് ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ ‘ജസ്റ്റിസ് ഫോര്‍ ദ് ജഡ്ജ്’ എന്ന ആത്മകഥ പ്രകാശനം ചെയ്തത്.

ബാബ്‌രി മസ്ജിദ്, റഫാല്‍ തുടങ്ങി കേന്ദ്രസര്‍ക്കാര്‍ പ്രതിക്കൂട്ടിലായ വിവിധകേസുകളില്‍ വിധി പറഞ്ഞ ഗൊഗോയിയെ വിരമിച്ചതിനു ശേഷം സര്‍ക്കാര്‍ തന്നെ രാജ്യസഭയിലേക്കു നോമിനേറ്റ് ചെയ്തത് വിവാദമായിരുന്നു.

അയോധ്യ കേസില്‍ വിധി പ്രഖ്യാപിച്ച ശേഷം ജഡ്ജിമാര്‍ക്കൊപ്പം താജ് ഹോട്ടലിലിരുന്നാണ് താന്‍ ഡിന്നര്‍ കഴിച്ചതെന്ന് അദ്ദേഹം ആത്മകഥയില്‍ പറഞ്ഞതും വിവാദമായിരുന്നു.

‘വിധിന്യായത്തിന് ശേഷം കോര്‍ട്ട് നമ്പര്‍ 1 ന് മുന്നിലുള്ള അശോക ചക്രത്തിന് താഴെ നിന്ന് ഒരു ഫോട്ടോ സെഷന്‍ സെക്രട്ടറി ജനറല്‍ സംഘടിപ്പിച്ചിരുന്നു. ആ വൈകുന്നേരം ഞാന്‍ ജഡ്ജിമാരേയും കൂട്ടി താജ് മാന്‍സിംഗ് ഹോട്ടലിലേക്ക് ഡിന്നറിനായി പോയി. ഞങ്ങള്‍ ചൈനീസ് ഭക്ഷണവും അവിടെ ലഭിക്കുന്ന ഏറ്റവും മികച്ച വൈനും കഴിച്ചു,’ എന്നാണ് ഗൊഗോയി ആത്മകഥയില്‍ പറയുന്നത്.

അതേസമയം താജ് ഹോട്ടലില്‍ പോയത് വിധി പ്രഖ്യാപനം ആഘോഷിക്കാനല്ലെന്ന് പിന്നീട് ഗൊഗോയി വിശദീരകരിച്ചിരുന്നു.

2019 നവംബര്‍ ഒമ്പതിനാണ് അയോധ്യ കേസില്‍ വിധി പറഞ്ഞത്. രഞ്ജന്‍ ഗൊഗോയ്ക്ക് പുറമെ നിലവിലെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

അയോധ്യക്കേസില്‍ ഏകകണ്ഠമായാണ് അഞ്ച് ജഡ്ജിമാരും വിധി പറഞ്ഞ്.

അയോധ്യ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇതിനുള്ള അവകാശം കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിനാണ്.

പള്ളി നിര്‍മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് അയോധ്യയില്‍ അഞ്ചേക്കര്‍ ഭൂമി നല്‍കാനും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: I go to the Rajya Sabha whenever I feel Ranjan Gogoi

We use cookies to give you the best possible experience. Learn more