'ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു കോടതിയും ഇടപെട്ടിട്ടല്ല രാജസ്ഥാന് വെള്ളം കൊടുത്തത്'
national news
'ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു കോടതിയും ഇടപെട്ടിട്ടല്ല രാജസ്ഥാന് വെള്ളം കൊടുത്തത്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd October 2023, 1:47 pm

ചിത്തോർഗഡ്: രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിൽ കർണാടകയിലെ കാവേരി നദി വിഷയം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ ഗുജറാത്ത്‌ മുഖ്യമന്ത്രി ആയിരിക്കെ കോടതി ഇടപെടലുകളൊന്നും ഇല്ലാതെ തന്നെ രാജസ്ഥാന് വെള്ളം നൽകിയിരുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

‘ഇപ്പോൾ, വെള്ളത്തിന്റെ പേരിൽ സംസ്ഥാനങ്ങൾ തമ്മിൽ തർക്കം നടക്കുകയാണ്. ഒരു സംസ്ഥാനം മറ്റൊരു സംസ്ഥാനത്തിന് വെള്ളം കൊടുക്കുന്നില്ല. ഞാൻ ഗുജറാത്ത്‌ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ, രാജസ്ഥാന് വെള്ളം നൽകി. ഒരു കോടതി ഇടപെടലോ നിയമ പ്രശ്നങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല,’ അദ്ദേഹം പറഞ്ഞു.

ഈ വർഷം മഴലഭ്യതയിൽ വലിയ തോതിലുള്ള കുറവ് ഉണ്ടായതിനാൽ സുപ്രീംകോടതി നിർദേശിച്ച അളവിൽ വെള്ളം തമിഴ്നാടിന് നൽകാൻ പ്രയാസപ്പെടുകയാണ് കർണാടക. തുടർന്ന്, സംസ്ഥാനമാകെ പ്രതിഷേധങ്ങളും ബന്ദുകളും സംഘട്ടനങ്ങളും ഉണ്ടായിരുന്നു.

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ‘അഹങ്കാരി’ സഖ്യത്തിന് സ്ത്രീകൾക്ക് അവകാശങ്ങൾ ലഭിക്കുന്നതിനോട് താല്പര്യമില്ലെന്നും അതുകൊണ്ട് അവർ മതത്തിന്റെയും ജാതിയുടെയും പേരിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണെന്നും മോദി പറഞ്ഞു.

പാർലമെന്റിൽ വനിതാ സംവരണ ബിൽ പാസ്സാക്കിയെങ്കിലും ഒ.ബി.സി വിഭാഗങ്ങൾക്ക് ഉപസംവരണം നടപ്പാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നിരയിൽ നിന്ന് നിരവധി നേതാക്കൾ രംഗത്ത് എത്തിയിരുന്നു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തുകയാണ് നരേന്ദ്ര മോദി. സെപ്റ്റംബർ 30 മുതൽ ആറ് ദിവസങ്ങളിലായി എട്ട് തെരഞ്ഞെടുപ്പ് റാലികളിൽ അദ്ദേഹം പങ്കെടുക്കും.

മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുന്നത്.

Content highlight: I gave water to Rajasthan not through court interferences, says PM Narendra Modi over Kaveri river dispute