|

പുരാവസ്തു കേസില്‍ ഐ.ജി. ലക്ഷ്മണ്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐ.ജി. ലക്ഷ്മണിനെ അറസ്റ്റ് ചെയ്തു. കേസില്‍ മൂന്നാം പ്രതിയായ ലക്ഷ്മണിനെ മൂന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ 5000 രൂപയുടെ ബോണ്ടില്‍ വിട്ടയച്ചു. നേരത്തെ ഹൈക്കോടതി ഐ.ജിക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ക്രൈംബ്രാഞ്ചാണ് ലക്ഷ്മണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ 11.30ന് ലക്ഷ്മണ്‍ കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. തുടര്‍ന്ന് ഏഴ് മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.

നേരത്തെ രണ്ട് പ്രാവശ്യവും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടും ലക്ഷ്മണ്‍ ഹാജരായിരുന്നില്ല. പുരാവസ്തു കേസിലെ മുഖ്യ ആസൂത്രകനാണ് ലക്ഷ്മണ്‍ എന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.

2021ല്‍ കേസുമായി ബന്ധപ്പെട്ട് ലക്ഷ്മണിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ അന്ന് കേസില്‍ ക്രൈംബ്രാഞ്ച് ഐ.ജിയെ പ്രതി ചേര്‍ത്തിരുന്നില്ല. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ പ്രതി ചേര്‍ത്തതിന് പിന്നാലെയാണ് ഇദ്ദേഹത്തെയും പ്രതി ചേര്‍ത്തത്.

മോന്‍സന്റെ പുരാവസ്തു തട്ടിപ്പില്‍ ഐ.ജി ഇടനിലക്കാരന്‍ ആയെന്ന മൊഴി പുറത്തുവന്നിരുന്നു. പുരാവസ്തു ഇടപാടിന് ആന്ധ്ര സ്വദേശിനിയെ മോന്‍സന് പരിചയപ്പെടുത്തിക്കൊടുത്തത് ഐ.ജി ലക്ഷ്മണാണ്‌.

ഐ.ജി ലക്ഷ്മണയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പൊലീസ് ക്ലബ്ബില്‍ ഇടനിലക്കാരിയും മോന്‍സനും കൂടിക്കാഴ്ച്ച നടത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

CONTENT HIGHLIGHTS: I.G. Lakshman arrested in monson mavunakal case