ലോകമാകെ ആരാധകരുള്ള സൂപ്പർ താരമാണ് സാക്ഷാൽ ലയണൽ മെസി. ഫുട്ബോൾ വിദഗ്ധർ മുതൽ സാധാരണക്കാർ വരെ താരത്തിന്റെ ആരാധകരിൽ ഉൾപ്പെടുന്നുണ്ട്.
മെസിയെ കണ്ടപ്പോഴും അദ്ദേഹവുമായി കളിക്കളത്തിൽ സമയം ചെലവിട്ടപ്പോഴുമുള്ള അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പ്രമുഖർ രംഗത്ത് വന്നിട്ടുണ്ട്.
മെസിയെ കണ്ട നിമിഷം തന്റെ ആഗ്രഹങ്ങളെല്ലാം സഫലമായെന്നും ജീവിതം ധന്യമായെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് റിവർപ്ളേറ്റിന്റെ യുവതാരമായ ക്ലാഡിയോ എച്ചേവെരി.
ഫിച്ചാജെസാണ് റയൽ മാഡ്രിഡ് നോട്ടമിട്ടിരിക്കുന്ന എച്ചേവെരി മെസിയെ കണ്ടതിനെക്കുറിച്ചുള്ള അഭിപ്രായം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റിവർ പ്ളേറ്റിന്റെ അക്കാദമിയിലൂടെ കളി പഠിച്ച എച്ചേവെരിയുടെ റോൾ മോഡലാണ് മെസിയെന്നാണ് അദ്ദേഹം തന്നെ അവകാശപ്പെടുന്നത്.
“ഞാൻ ലോക ചാമ്പ്യനൊപ്പം ചിലവിട്ട സമയം എന്നെ സംബന്ധിച്ചിടത്തോളം മഹത്തരമായിരുന്നു. അദ്ദേഹത്തോടൊപ്പം എനിക്ക് ട്രെയിൻ ചെയ്യാനും അവസരം ലഭിച്ചു. എന്റെ ജീവിതത്തിലെ മനോഹരമായ നിമിഷമായിരുന്നു അത്.
എനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല അദ്ദേഹത്തോടൊപ്പം സമയം ചെലവിടാൻ അവസരം ലഭിച്ചുവെന്നുള്ളത്. എന്റെ സ്വപ്നങ്ങളെല്ലാം സഫലമായി. എന്റെ ജീവിതം ധന്യമായി,’ എച്ചേവെരി പറഞ്ഞു.
അതേസമയം ആഭ്യന്തര ലീഗിലും മത്സരങ്ങളിലും കാഴ്ചവെക്കുന്ന മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ താരത്തെ റയൽ മാഡ്രിഡ് നോട്ടമിട്ടിട്ടുണ്ട്.
വിനീഷ്യസ് ജൂനിയറിനും റോഡ്രിഗോക്കും ശേഷം റയൽ മാഡ്രിഡിലേക്ക് ഒരു മികച്ച ലാറ്റിൻ അമേരിക്കൻ താരത്തിന്റെ വരവാകും എച്ചേവരിയുടെ സൈനിങ് പൂർത്തിയായാൽ സംഭവിക്കുക.
അതേസമയം ലാ ലിഗയിൽ 28 മത്സരങ്ങളിൽ നിന്നും 18 വിജയങ്ങളുമായി 59 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.