ഡെന്‍വര്‍: അംഗപരിമിതര്‍ക്ക് അനുയോജ്യമായ രീതിയിലുള്ള സജീകരണമില്ലാത്തതിനെത്തുടര്‍ന്ന് അപമാനിതനായി ഡെന്‍വര്‍ സിറ്റി കൗണ്‍സില്‍ മെമ്പര്‍ ക്രിസ് ഹിന്ദ്‌സ്. മുന്‍സിപ്പല്‍ കൗണ്‍സില്‍ പുനതെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം ഡെന്‍വറിലെ ക്ലിയോ പാര്‍ക്കര്‍ റോബിന്‍സന്‍ ഡാന്‍സ് ഫെസിലിറ്റിസ് തിയേറ്ററില്‍ എത്തിയതായിരുന്നു അദ്ദേഹം.
‘എനിക്ക് സ്വയമൊരു സര്‍ക്കസ് കുരങ്ങനെപോലെ തോന്നി. ഞാന്‍ അവിടെ ചൂഷണം ചെയ്യപ്പെട്ടു,’ക്രിസ് ഹിന്ദ്‌സ് സി.എന്‍.എനിനോട് പറഞ്ഞു.
നെഞ്ചിന് താഴെ തളര്‍ന്ന ഹിന്ദ്‌സിന് സ്‌റ്റേജിലേക്ക് കയറാന്‍ ഒരു മാര്‍ഗവുമില്ലായിരുന്നു. എന്നാല്‍ തനിക്ക് സ്റ്റേജില്‍ കയറണമെന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ ഭാരം 200 പൗണ്ടും വീല്‍ചെയര്‍ 400 പൗണ്ടുമാണ്. അതായത് മൊത്തം 600 പൗണ്ട് ഭാരം അവര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു,’ ഹിന്ദ്‌സ് പറഞ്ഞു.
തന്നോട് തനിയെ സ്‌റ്റേജിലേക്ക് കടന്ന് ഇരിക്കാന്‍ പറ്റുമോയെന്നും, അങ്ങനെയാണെങ്കില്‍ അവര്‍ക്ക് വീല്‍ചെയര്‍ മാത്രമേ ഉയര്‍ത്തേണ്ടതായി വരുള്ളൂവെന്നും സംഘാടകര്‍ ചോദിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദ്‌സ് വീല്‍ചെയറില്‍ നിന്ന് കൈകള്‍ ഉപയോഗിച്ച് കാലുകള്‍ എടുത്തുവെക്കുന്നതും സ്വയം നിരങ്ങി സ്റ്റേജിലേക്ക് കയറി ഇരിക്കുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ ചര്‍ച്ചാ വിഷയമായി. ചാരി ഇരിക്കാന്‍ വേണ്ടി സംഘാടകര്‍ കസേര കൊണ്ടുവരുന്നത് വരെ ബുദ്ധിമുട്ടുന്ന ഹിന്ദ്‌സിനെയും വീഡിയോയില്‍ കാണാം.
വീല്‍ചെയര്‍ ഇല്ലാതെ സ്‌റ്റേജില്‍ കയറുന്നതിന് ഹിന്ദ്‌സിന് വിമുഖതയുണ്ടായിരുന്നു. എന്നാല്‍ ഡെന്‍വറിലെ സ്ഥാനാര്‍ത്ഥികള്‍ പൊതു പ്രചരണ പരിപാടികളില്‍ നിന്ന് ഒഴിഞ്ഞ് മാറിയാല്‍ പൊതു പ്രചരണ ഫണ്ടുകള്‍ നഷ്ടപ്പെടുമെന്നതിനാല്‍ പങ്കെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒന്നുങ്കില്‍ ഈ സംവാദത്തില്‍ പങ്കെടുക്കണം, അല്ലെങ്കില്‍ പ്രചരണ പ്രക്രിയ അവസാനിപ്പിക്കണം എന്നതായിരുന്നു തനിക്ക് ഉണ്ടായിരുന്ന ചിന്തയെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ വികലാംഗ നിയമം പാസാക്കിയിട്ട് 30 വര്‍ഷമായിട്ടും വികലാംഗ സമൂഹം ഇത്തരം പ്രതിസന്ധികള്‍ അനുഭവിക്കുകയാണെന്ന് ഹിന്ദ്സ് പറഞ്ഞു. കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വികലാംഗന്‍ താന്‍ ആണെന്നും അതിന് ശേഷം വികലാംഗകര്‍ക്ക് കൂടി ഇരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ കൗണ്‍സിലുകളില്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യത്കമാക്കി.
അംഗപരിമിതരായവരെ കൂടി ഉള്‍പ്പെടുത്തേണ്ടതാണ് ജനാധിപത്യമെന്ന് പഠിപ്പിക്കുന്ന നിമിഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒടുവില്‍ തിയേറ്ററിന്റെ പ്രധാന നിലയില്‍ സ്റ്റേജിന്റെ ചുവട്ടില്‍ ഹിന്ദ്‌സിന് വീല്‍ചെയറില്‍ ഇരിക്കാന്‍ പറ്റുന്ന സ്ഥലത്ത് സംവാദം മാറ്റി വെക്കുകയായിരുന്നു.
വികലാംഗകര്‍ക്ക് സൗകര്യമില്ലാത്ത ഇത്തരം വേദികള്‍ക്കെതിരെ വികലാംഗ അഭിഭാഷകര്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്ത് വന്നു.
2008ല്‍ സൈക്ലിങ്ങിനിടെയുണ്ടായ അപകടത്തിലാണ് ഹിന്ദ്‌സ് നെഞ്ചിന് താഴെ തളര്‍ന്ന് കിടപ്പിലായത്. അതിന് ശേഷം തനിക്ക് വികലാംഗപ്രതിനിധാനം ചെയ്യാന്‍ സാധിക്കുമെകില്‍ താന്‍ അത് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
2019ല്‍ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ സിറ്റി കൗണ്‍സില്‍ ചേംബറുകളില്‍ വികലാംഗര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നില്ലെന്നും അത് ഉണ്ടായത് വികലാംഗനായൊരാള്‍ തെരഞ്ഞെടുക്കപ്പെട്ടത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
content highlight: I felt like a monkey myself, a teaching moment that even disabled people are part of democracy: Chris Hinds