| Wednesday, 27th March 2024, 5:12 pm

സ്വന്തം മകളെ സിനിമ കാണിക്കാത്തവന്‍ ആളുകളോട് കുടുംബസമേതം സിനിമ കാണാന്‍ പറയുക എങ്ങനെയാണെന്ന വിമര്‍ശനമുണ്ടായി: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ മകള്‍ ആദ്യമായി കാണാന്‍ പോകുന്ന തന്റെ സിനിമ ആടുജീവിതമാണെന്ന് നടന്‍ പൃഥ്വിരാജ് അടുത്തിടെ പറഞ്ഞിരുന്നു. മകളെ സിനിമ കാണിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരെ വന്ന വിമര്‍ശനങ്ങളെ കുറിച്ചും അതിനോടുള്ള തന്റെ പ്രതികരണത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ്.

മകളെ സിനിമ കാണിക്കാതിരിക്കുന്നതിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടായിരുന്നെന്നും മകള്‍ ഒരു ആക്ടര്‍ എന്ന നിലയിലായിരിക്കില്ല തന്റെ ഒരു സിനിമ ആസ്വദിക്കുകയെന്നും അവിടെ അവള്‍ അവളുടെ അച്ഛനെ മാത്രമേ കാണുകയുള്ളൂവെന്നും പൃഥ്വി പറയുന്നു. ഒരു ആക്ടര്‍ ആകണമെങ്കില്‍ എന്ത് ചെയ്യണമെന്ന് മകള്‍ ഒരു സമയത്ത് തന്നോട് ചോദിച്ചാല്‍ അവളോട് പറയാന്‍ ഒരു മറുപടി തന്റെ കയ്യിലുണ്ടെന്നും പൃഥ്വി പറയുന്നു. അമല പോളിനൊപ്പം ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വി.

‘ എന്റെ മോളെ ഞാന്‍ എന്റെ സിനിമകള്‍ കാണിച്ചിട്ടില്ലെന്ന് ഞാന്‍ ഒരു സമയത്ത് പറയുകയുണ്ടായി. അതിനെ തുടര്‍ന്ന് വിമര്‍ശനങ്ങളുമുണ്ടായി. സ്വന്തം മകളെ സിനിമ കാണിക്കാത്തവന്‍ എങ്ങനെയാണ് ആളുകളോട് കുടുംബസമേതം സിനിമ കാണണം എന്ന് പറയാന്‍ പറ്റുന്നത് എന്ന രീതിയിലായിരുന്നു ആ വിമര്‍ശനം.

അന്ന് ഞാന്‍ അതില്‍ ഒരു എക്‌സ്പ്ലനേഷന്‍ കൊടുത്തിരുന്നു. ഇപ്പോള്‍ അമല പോളിന് നാളെ ഒരു കുഞ്ഞുണ്ടായാല്‍ ആ കുഞ്ഞിനെ തിയേറ്ററില്‍ കൊണ്ടുപോയി എന്റെ ഒരു സിനിമ കാണിക്കുകയാണെങ്കില്‍ ആ കുഞ്ഞ് കാണുന്നത് പൃഥ്വിരാജ് എന്ന നടനെയായിരിക്കും. എന്നാല്‍ എന്റെ മോള്‍ എന്റെ ഒരു സിനിമ കാണുമ്പോള്‍ അവിടെ കാണുക അവളുടെ അച്ഛനെയായിരിക്കും.

അവള്‍ കൊച്ചു കുട്ടിയാണ്. അച്ഛന്‍ ഒരു നടനാണെന്നും സ്‌ക്രീനില്‍ ഒരു കഥാപാത്രത്തെത്തെയാണ് അവതരിപ്പിക്കുന്നത് എന്നൊന്നും തിരിച്ചറിയാന്‍ അവള്‍ക്ക് കഴിയണമെന്നില്ല. അതുകൊണ്ടാണ് എന്റെ മകളെ എന്റെ സിനിമകള്‍ കാണിക്കാത്തത്.

അവള്‍ വളര്‍ന്ന് പ്രായമാകുമ്പോള്‍ ഞാന്‍ അഭിമാനപൂര്‍വം അവളുടെ മുന്‍പില്‍ എന്റെ സിനിമകള്‍ കാണിക്കും. എന്റെ മകള്‍ക്ക് എന്റെ ഒരു സിനിമ കാണാന്‍ താത്പര്യം ഉണ്ടാകുമ്പോള്‍ എന്റെ ഈ സിനിമ കാണാന്‍ മാത്രം ഉള്ള ഒരു പ്രായവും പക്വതയും ആകുന്ന സമയത്ത് ഞാന്‍ അഭിമാനപൂര്‍വം തന്നെ ആടുജീവിതം അവളെ കാണിക്കും. എന്റെ വലിയൊരു അച്ചീവ്‌മെന്റ് ആയി തന്നെ ഈ സിനിമ അവളെ കാണിക്കും.

ഒരു സമയത്ത് അവള്‍ എന്നോട് ചോദിക്കുകയാണ്, അച്ഛാ ഒരു ആക്ടര്‍ ആകുക എന്ന് വെച്ചാല്‍ എന്താണ്, ഒരു ആക്ടര്‍ ആകാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചാലും ഞാന്‍ ഈ സിനിമയാണ് കാണിക്കാന്‍ പോകുന്നത്.

നിനക്ക് ഒരു ആക്ടര്‍ ആകണമെങ്കില്‍ ഇതാണ് നീ പ്രിപ്പയര്‍ ചെയ്യേണ്ടത്, ഈ ക്രാഫ്റ്റിന് ഇതാണ് നമ്മള്‍ തിരിച്ചുകൊടുക്കേണ്ടത് എന്ന് എനിക്ക് എന്റെ എക്‌സ്പീരിയന്‍സില്‍ നിന്ന് പറയാന്‍ പറ്റുന്ന ഏറ്റവും നല്ല സിനിമ ആടുജീവിതം തന്നെയാണ്,’ പൃഥിരാജ് പറഞ്ഞു.

പൃഥ്വി എന്ന കുട്ടി ഏറ്റവും ആദ്യം കണ്ട സിനിമ ഏതാണെന്ന ചോദ്യത്തിന് അത് തനിക്ക് ഓര്‍മയിലില്ലെന്നും അങ്ങനെ ഒരുപാട് സിനിമകള്‍ കാണുന്ന, സിനിമ കാണാന്‍ ഇഷ്ടമുള്ള ഒരു കുട്ടിയായിരുന്നില്ല താനെന്നുമായിരുന്നു പൃഥ്വിയുടെ മറുപടി.

Content Highlight: i faced a question that how a person who doesn’t show his daughter a movie tells people to watch a movie with family says prithviraj

Latest Stories

We use cookies to give you the best possible experience. Learn more