സര്‍ക്കാര്‍ സഹായമില്ലാതെ ചലച്ചിത്രമേള നടത്താന്‍ കഴിയില്ലെന്ന് മന്ത്രി എ.കെ ബാലന്‍ അറിയിച്ചതോടെ ഐ.എഫ്.എഫ്.കെ നടത്തിപ്പ് വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ചെലവ് ചുരുക്കി അക്കാദമിയുടെ സ്വന്തം ചിലവില്‍ മേള നടത്താമെന്ന് അക്കാദമി ഭാരവാഹികള്‍ മുഖ്യമന്ത്രിയോട് വ്യക്തമാക്കിയിരുന്നെങ്കിലും പ്ലാന്‍ഫണ്ടില്‍ നിന്ന് ഒരുകോടിയെങ്കിലും അനുവദിക്കണമെന്നാണ് മന്ത്രി പറഞ്ഞത്.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ ആഘോഷപരിപാടികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ചലച്ചിത്ര മേളയുള്‍പ്പെടെയുള്ളവ നടത്തേണ്ടതില്ലെന്ന തീരുമാനം സര്‍ക്കാര്‍ അദ്യം കൈക്കൊണ്ടിരുന്നു. എന്നാല്‍ വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് അനുമതി ലഭിച്ചിരുന്നത്.
പുതിയ പ്രതിസന്ധിയുടെ പേരില്‍ ചലച്ചിത്രമേള ഉപേക്ഷിക്കരുതെന്നാണ് സിനിമാപ്രവര്‍ത്തകരും ഫെസ്റ്റിവല്‍പ്രേമികളും പറയുന്നത്.
ദുരന്തം ഉണ്ടായതിന്റെ പേരില്‍ ഫെസ്റ്റിവല്‍ നടത്തേണ്ടതില്ല എന്ന തീരുമാനം ഒരു പുരോഗമന സമൂഹ ചിന്തയ്ക്ക് നിരക്കുന്നതല്ലെന്ന് സംവിധായകനായ ഡോക്ടര്‍ ബിജു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ചരിത്രം പരിശോധിച്ചാല്‍ എല്ലാത്തരം ദുരന്തങ്ങളെയും അതിജീവിക്കുന്നതിലും പുതുതായി കെട്ടിപ്പടുക്കുന്നതിലും കലയ്ക്കുള്ള പങ്ക് വലുതായിരുന്നുവെന്ന് മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ചെലവ് ചുരുക്കി മേള നടത്താനുള്ള ചില നിര്‍ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു.
ഫെസ്റ്റിവല്‍ നടക്കണമെന്ന് തന്നെയാണ് ആഗ്രഹമെന്ന് സംവിധായകന്‍ സുദേവനും പറയുന്നു. “ഉദ്ഘാടന-സമാപന ചടങ്ങുകളും മറ്റു പ്രചരണങ്ങളും കുറച്ചുകൊണ്ട് സാംസ്‌ക്കാരിക പരിപാടിയെന്ന നിലയ്ക്ക് നടത്തേണ്ടത് തന്നെയാണ്. ആഘോഷമെന്ന നിലയില്‍ ഐ.എഫ്.എഫ്.കെയെ കാണരുതെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. വിദേശസിനിമകളാണെങ്കിലും തദ്ദേശ സിനിമകളാണെങ്കിലും ഫിലിംഫെസ്റ്റിവലുകളില്‍ ഒരു സാംസ്‌ക്കാരിക വിനിമയം കൂടി നടക്കുന്നുണ്ട്.”
ഫെസ്റ്റിവലുകളില്‍ നിന്നുള്ള “ലാഭം” പണത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടക്കാക്കേണ്ടതല്ലെന്നാണ് ചലച്ചിത്രപ്രവര്‍ത്തകനായ കെ.ആര്‍ മനോജും പങ്കുവെച്ചത്. “ഇന്ത്യയിലെ തന്നെ ഏറ്റവും ജനപങ്കാളിത്തമുള്ള ഫെസ്റ്റിവലാണ് ഐ.എഫ്.എഫ്.കെ. പ്രളയത്തില്‍ തിരിച്ചടിയേറ്റ ജനതയ്ക്ക് അതിനെ മറികടക്കാന്‍ പല രീതികളുണ്ടാകാം. പ്രളയം ബാധിച്ച ഒരു വ്യക്തിയെ മുന്നോട്ടുനയിക്കാന്‍ ഒരു സാംസ്‌ക്കാരിക കൂട്ടായ്മയ്ക്ക് സാധിക്കുമെങ്കില്‍ അത് വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. ഐ.എഫ്.എഫ്.കെ പോലുള്ളൊരു വേദിയ്ക്ക് ഇത്തരമൊരു കാര്യം ചെയ്യാന്‍ കഴിയുമെങ്കില്‍ അതിന്റെ സാധ്യത പരിശോധിക്കേണ്ടതാണ്.
സ്വതന്ത്ര സിനിമകള്‍ ഐ.എഫ്.എഫ്.കെയെ ആശ്രയിക്കുന്നുണ്ട്. കേരളത്തില്‍ നിന്നുണ്ടാകുന്ന സൃഷ്ടികള്‍ക്ക് ഒരിടമില്ലാതെയാവും. ചലച്ചിത്ര പ്രവര്‍ത്തകരെ സംബന്ധിച്ചടത്തോളം തങ്ങളുടെ സിനിമയിലേക്ക് ജനശ്രദ്ധ കൊണ്ടുവരാനുള്ള വേദിയാണ് ഐ.എഫ്.എഫ്.കെ പോലുള്ള വേദികള്‍. ഒരു വര്‍ഷം നടത്താതെയാവുമ്പോള്‍ ഈ ചിത്രങ്ങള്‍ പിന്നീട് പ്രദര്‍ശിപ്പിക്കപ്പെടാനുള്ള സാധ്യത കുറയുകയാണ് ചെയ്യുക.” മനോജ് പറയുന്നു.
സര്‍ക്കാരിന്റെ സഹായമില്ലാതെ ഫെസ്റ്റിവല്‍ നടത്താന്‍ സാധിക്കില്ലെന്നതിനാല്‍ ഫെസ്റ്റിവലിനായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന തുകയുടെ പകുതിയെങ്കിലും സര്‍ക്കാര്‍ നല്‍കണമെന്ന് ചലച്ചിത്ര പ്രവര്‍ത്തകനായ ചെലവൂര്‍ വേണുവും അഭിപ്രായപ്പെടുന്നു ചലച്ചിത്രമേള മാറ്റി വെക്കുന്നതിലൂടെ പല സിനിമകള്‍ക്കും ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ കഴിയാതെയാവുമെന്നും അദ്ദേഹം പറയുന്നു.
ലോകഫെസ്റ്റിവല്‍ ഭൂപടത്തില്‍ പ്രധാനസ്ഥാനമുള്ള ഐ.എഫ്.എഫ്.കെ നടക്കാതെയാവുമ്പോള്‍ തുടര്‍ച്ച നഷ്ടപ്പെടുമെന്ന് മാത്രമല്ല ഫിലിം ഷെയറിംഗടക്കം നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തെ മറ്റുചലച്ചിത്രമേളകളെയും ബാധിക്കുമെന്നാണ് ചലച്ചിത്രപ്രേമികള്‍ പറയുന്നത്. ആറരക്കോടി വരുന്ന സ്ഥലത്ത് ഒരുകോടി മാത്രമാണ് ആവശ്യപ്പെടുന്നത്. വളരെച്ചെറിയൊരു പ്ലാന്‍ഫണ്ട് മതി ഞങ്ങളത് നടത്തിക്കൊള്ളാമെന്ന് അക്കാദമി പറയുമ്പോള്‍ അതിനെ സര്‍ക്കാര്‍ പരിഗണിക്കേണ്ടതുണ്ടെന്ന് ഇവര്‍ പറയുന്നു.
ഐ.എഫ്.എഫ്.കെ അക്കാദമിയുടെ പ്രധാനപ്പെട്ട ഇവന്റുകളിലൊന്നാണ്. അത് നടത്താനായി ചില ക്രമീകരണങ്ങള്‍ നടത്തേണ്ടി വന്നേക്കാം. തെറ്റായ വികസന സങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്യുന്നതിനും മനുഷ്യ മനസുകളെ നവീകരിക്കാനും ഒരു സാംസ്‌ക്കാരിക പരിപാടിക്ക് കഴിയുമെങ്കില്‍ അത് വളരെ നിര്‍ണ്ണായകമാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിന്റെ ബ്രാന്‍ഡിങ്ങില്‍ ഐ.എഫ്.എഫ്.കെ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നിരിക്കെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി സ്‌കൂള്‍ കലോത്സവവും കായികമേളയും നടത്തുമ്പോള്‍ ചലച്ചിത്രമേളയും ചെലവ് ചുരുക്കി നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്.
WATCH THIS VIDEO: