2009 ഐ.പി.എല്‍ ദിവസങ്ങളില്‍ താന്‍ അഭിമുഖീകരിച്ച വിഷാദരോഗത്തെ കുറിച്ച് മനസ് തുറന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ. ക്രിക്കറ്റ് ലോകത്ത് നിന്ന് വിരമിച്ചതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറയുന്നത്.
കഴിഞ്ഞ ദിവസമാണ് താരം ആഭ്യന്തര-അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ക്രിക്കറ്റ് ജീവിതത്തിലുടനീളം തന്നെ പിന്തുണച്ചതിന് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നന്ദി അറിയിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയാണ് താരം വിരമിക്കുന്ന വാര്‍ത്ത പുറത്തു വിട്ടത്.
സമീപകാലത്ത് താന്‍ വിഷാദത്തിലൂടെ പോവുകയായിരുന്നെന്നും അതിനെപ്പറ്റി താന്‍ അറിഞ്ഞില്ലായിരുന്നെന്നും ഉത്തപ്പ പറഞ്ഞു.
‘2009 ഐ.പി.എല്‍ കാലഘട്ടങ്ങളില്‍ ഞാനൊരു വിഷാദ രോഗിയായിരുന്നു. ഞാനതറിയാന്‍ വൈകിയിരുന്നു. മത്സരം നടക്കുമ്പോഴൊക്കെ ആത്മഹത്യയെ കുറിച്ചുള്ള ചിന്തയിലൂടെയായിരുന്നു ഞാന്‍ പോയ്‌ക്കൊണ്ടിരുന്നത്’- ഉത്തപ്പ പറഞ്ഞു.
ഇക്കാരണത്താല്‍ ആര്‍.സി.ബിക്ക് വേണ്ടി കളിച്ച ആദ്യ സീസണില്‍ മോശം പ്രകടനമായിരുന്നു പുറത്തെടുക്കാത്തതെന്നും ആ സീസണിലെ ഒരൊറ്റ മത്സരത്തില്‍ പോലും തനിക്ക് നന്നായി കളിക്കാന്‍ സാധിച്ചിരുന്നില്ലെന്നും താരം പറഞ്ഞു.
ഐ.പി.എല്‍ ഉദ്ഘാടന സീസണില്‍ അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് വേണ്ടി അരങ്ങേറ്റം കുറിച്ച ഉത്തപ്പയെ രണ്ടാം സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കുകയായിരുന്നു. 2007ല്‍ ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായ ഉത്തപ്പ 2004ല്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും കളിച്ചിരുന്നു.
2006ല്‍ നടന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏഴാമത്തെയും അവസാനത്തെയും മത്സരത്തിലാണ് ഉത്തപ്പ ഏകദിന ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റം നടത്തിയത്. അരങ്ങേറ്റത്തില്‍തന്നെ മികച്ച പ്രകടനം കാഴ്ചവച്ച അദ്ദേഹം 86 റണ്‍സുമായി നില്‍ക്കുമ്പോള്‍ റണ്ണൗട്ടായി. ഒരു ഇന്ത്യന്‍ താരം നിശ്ചിത ഓവര്‍ മത്സരങ്ങളിലെ അരങ്ങേറ്റത്തില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
ഏകദിന മത്സരത്തിലായിരുന്നു ആദ്യമായി ഇന്ത്യന്‍ ജേഴ്സിയണിയുന്നത്. ഇന്ത്യക്ക് വേണ്ടി 46 ഏകദിനങ്ങളില്‍ കളിച്ച ഉത്തപ്പ 936 റണ്‍സ് നേടിയിട്ടുണ്ട്. 86 ആണ് ഉയര്‍ന്ന സ്‌കോര്‍.
ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകക്ക് വേണ്ടിയാണ് താരം കൂടുതല്‍ കളിച്ചിട്ടുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുംബൈ ഇന്ത്യന്‍സ്, പൂനെ വാരിയേഴ്സ്, റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടി 15 ഐ.പി.എല്‍ സീസണുകളിലും താരം കളിച്ചിട്ടുണ്ട്.