മുംബൈ: ഷീന ബോറയെ കൊല ചെയ്ത അതേദിവസം ഇന്ദ്രാണി മുഖര്‍ജി തന്നെയും വധിക്കാന്‍ ശ്രമിച്ചിരുന്നെന്ന് ഇന്ദ്രാണി മുഖര്‍ജിയുടെ മകനും ഷീനയുടെ സഹോദരനുമായ മിഖൈല്‍ ബോറ. അവര്‍ തന്നെ മുംബൈയിലെ വീട്ടിലേക്കു വിളിപ്പിച്ചിക്കുകയും മയക്കുമരുന്ന് ചേര്‍ന്ന പാനീയം കുടിക്കാന്‍ നല്‍കുകയും ചെയ്തു. എന്നാല്‍ താന്‍ കൃത്യസമയത്ത് അവിടെ നിന്നും രക്ഷപ്പെട്ടെന്നും മിഖൈല്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
ഇന്ദ്രാണി മുഖര്‍ജിയ്‌ക്കെതിരെ തന്റെ പക്കല്‍ ശക്തമായ തെളിവുകളുണ്ടെന്ന് കഴിഞ്ഞ മൂന്നുദിവസമായി മിഖൈല്‍ അവകാശപ്പെടുന്നുണ്ട്.
2012 ഏപ്രില്‍ 24ന് ഇന്ദ്രാണി തന്നെ മുംബൈയിലേക്കു വിളിപ്പിച്ചു. വോര്‍ലിയിലെ മാര്‍ലോ ബില്‍ഡിങ്ങിലെ ഫ്‌ളാറ്റിലേക്കു വരാനാണ് അവര്‍ ആവശ്യപ്പെട്ടത്.
ഇന്ദ്രാണിയുടെ ഭര്‍ത്താവായ പീറ്റര്‍ മുഖര്‍ജി വിദേശത്ത് അവധി ആഘോഷിക്കുകയായിരുന്നു അപ്പോള്‍. രാഹുല്‍ മുഖര്‍ജിയുമായുള്ള ഷീനയുടെ വിവാഹത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാനെന്നു പറഞ്ഞാണ് സഞ്ജീവ് ഖന്നയും ഇന്ദ്രാണിയും തന്നെ വിളിച്ചത്. മയക്കുമരുന്ന് കലര്‍ത്തിയ പാനീയം അവര്‍ തനിക്കു കുടിക്കാന്‍ തന്നു.
പാനീയം കുടിച്ചയുടന്‍ തലചുറ്റുന്നതുപോലെ തോന്നി. ഇന്ദ്രാണിയും ഖന്നയും ഷീനയെ വിളിച്ചുകൊണ്ടുവരാന്‍ പോയ തക്കം നോക്കി താന്‍ എങ്ങനെയോ രക്ഷപ്പെടുകയായിരുന്നെന്നുമാണ് മിഖൈല്‍ മൊഴി നല്‍കിയത്.
ഷീനയെക്കൂടി അവിടെ കൊണ്ടുവന്ന് ഇരുവരെയും കൊല്ലുകയെന്നതായിരുന്നു പദ്ധതിയെന്നും മിഖൈല്‍ പറയുന്നു. വോര്‍ലിയിലേക്കു വരാന്‍ ഷീനയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. രാഹുലുമായുള്ള വിവാഹത്തിനു സമ്മതമാണെന്നും ഇക്കാര്യം സംസാരിക്കണമെന്നും പറഞ്ഞാണ് ഇന്ദ്രാണി ഷീനയെ വിളിപ്പിച്ചതെന്നും ഒരു മുതിര്‍ന്ന പോലീസ് ഓഫീസര്‍ പറഞ്ഞു.
വിവാഹനിശ്ചയത്തിനായി ബാന്ദ്രയിലെ പ്രമുഖ ഷോറൂമില്‍ നിന്നും മോതിരം വാങ്ങാനെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇന്ദ്രാണിയും ഖന്നയും ഷീനയെ വിളിപ്പിച്ചതെന്ന് മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബാന്ദ്രയിലെത്തിയ ഷീനയ്ക്കു മയക്കുമരുന്നു കലര്‍ന്ന പാനീയം നല്‍കി അവരെ ഉറക്കി കിടത്തി. തുടര്‍ന്ന് ഇന്ദ്രാണിയും ഖന്നയും ഷീനയെയും കൊണ്ട് വോര്‍ലിയിക്കേു പോയി. പക്ഷെ അവിടെ മിഖൈല്‍ ഉണ്ടായിരുന്നില്ലെന്നും പോലീസ് പറയുന്നു.
സാമ്പത്തിക ശക്തിയും ഷീന രാഹുലിനെ വിവാഹം ചെയ്താല്‍ പീറ്റര്‍ മുഖര്‍ജിക്കുമേലുള്ള സ്വാധീനവും നഷ്ടപ്പെടുമെന്ന് ഭയന്നാണ് ഇന്ദ്രാണി ഷീനയെ കൊന്നതെന്നാണ് ചില ഉറവിടങ്ങള്‍ പറയുന്നത്. തന്റെ മകളാണെന്ന കാര്യം ഷീന രാഹുലിനോട് വെളിപ്പെടുത്തുമോയെന്ന ഭയവും ഇന്ദ്രാണിക്ക് ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.