ഫിഫ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടതോടെ കരഞ്ഞുകൊണ്ട് ഡ്രസിങ് റൂമിലേക്ക് മടങ്ങുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കയോട് തോല്‍വി വഴങ്ങിക്കൊണ്ട് ടീം പോര്‍ച്ചുഗല്‍ ടൂര്‍ണമെന്റില്‍ നിന്ന് എലിമിനേറ്റ് ചെയ്യപ്പെടുകയായിരുന്നു.
ലോകകപ്പില്‍ ഒരു ഗോളാണ് താരം നേടിയത്. സ്വിറ്റ്സര്‍ലന്‍ഡിനും മൊറോക്കോയ്ക്കും എതിരെ നടന്ന നോക്ക് ഔട്ട് മത്സരങ്ങളില്‍ മോശം ഫോമിനെ തുടര്‍ന്ന് താരത്തെ ബെഞ്ചിലിരുത്തുകയായിരുന്നു. മത്സരത്തിന്റെ സെക്കന്‍ഡ് ഹാഫിലാണ് താരത്തെ സബ്സ്റ്റിറ്റിയൂട്ട് ചെയ്ത് കളത്തിലിറക്കിയത്. സൂപ്പരര്‍താരത്തെ ബെഞ്ചിലിരുത്തിയതിന് കോച്ച് ഫെര്‍ണാണ്ടോ സാന്റോസിനെ വിമര്‍ശിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു.
എന്നിരുന്നാലും, തോല്‍വിക്ക് പിന്നാലെ റൊണാള്‍ഡോ കരഞ്ഞുകൊണ്ട് കളം വിട്ടത് താനൊത്തിരി ആസ്വദിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മൊറോക്കന്‍ താരം സോഫിയാന്‍ ബൗഫല്‍. താന്‍ ലയണല്‍ മെസി ആരാധകനാണെന്നും പോര്‍ച്ചുഗല്‍ ലോകകപ്പില്‍ നിന്ന് പുറത്തായപ്പോല്‍ താനൊത്തിരി സന്തോഷിച്ചിരുന്നെന്നും ബൗഫല്‍ പറഞ്ഞു. ഖത്തര്‍ സ്‌പോര്‍ട്‌സ് ചാനലായ അല്‍കാസിനോടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘റൊണാള്‍ഡോയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ, ലോകകപ്പ് തോറ്റപ്പോഴുണ്ടായ റൊണാള്‍ഡോയുടെ കരച്ചില്‍ ഞാനൊത്തിരി ആസ്വദിച്ചിരുന്നു. എനിക്ക് റൊണാള്‍ഡോയെക്കാള്‍ ഇഷ്ടം ലയണല്‍ മെസിയെയാണ്. എനിക്ക് ബാഴ്‌സലോണ എഫ്.സിയില്‍ കളിക്കാനാണിഷ്ടം,’ ബൗഫല്‍ പറഞ്ഞു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കയുടെ യൂസഫ് എന്‍ നെസ്രിയാണ് തകര്‍പ്പന്‍ ഹെഡറിലൂടെ പോര്‍ച്ചുഗല്‍ വല കുലുക്കിയത്. വൈ.എ. അല്ലായുടെ ലോങ് പാസില്‍ കൃത്യമായി തലവെച്ച നെസ്രിയെ തടുക്കാന്‍ പോര്‍ച്ചുഗലിന്റെ ഗോള്‍കീപ്പര്‍ കോസ്റ്റക്ക് സാധിച്ചില്ല.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ പോര്‍ച്ചുഗല്‍ കോച്ച് സാന്റോസ് റൊണാള്‍ഡോയെ ഇറക്കിയതോടെ ഗോള്‍ മടക്കാനുള്ള പോര്‍ച്ചുഗലിന്റെ നിരന്തര ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ഒന്നും ഫലം കണ്ടിരുന്നില്ല.
ആദ്യ പകുതിയില്‍ ബോള്‍ കൈവശം വെക്കുന്നതില്‍ പോര്‍ച്ചുഗലാണ് മുന്നിട്ട് നിന്നതെങ്കിലും ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. 66 ശതമാനം ബോള്‍ പൊസെഷന്‍ പോര്‍ച്ചുഗലിനുണ്ടായിട്ടും മൊറോക്കോയുടെ ഇരട്ടി പാസുകള്‍ കംപ്ലീറ്റ് ചെയ്തിട്ടും ഗോള്‍ കണ്ടെത്താന്‍ മാത്രം ടീമിന് സാധിച്ചില്ല.
കഴിഞ്ഞ ലോകകപ്പില്‍ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു മൊറോക്കോ കാഴ്ചവെച്ചിരുന്നത്. ബെല്‍ജിയം, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ വമ്പന്‍ ടീമുകളെ പരാജയപ്പെടുത്തി അവസാന നാലിലേക്ക് കടക്കാന്‍ മൊറോക്കോയക്ക് സാധിച്ചിരുന്നു. എന്നാല്‍ ഫൈനല്‍ ഫോറില്‍ ഫ്രാന്‍സിനോട് തോല്‍വി വഴങ്ങി ടീം മൊറോക്കോ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയായിരുന്നു.