ബെംഗളുരു: കന്നുകാലി മാംസം കഴിക്കാന്‍ തനിക്ക് ഇഷ്ടമാണെന്നും ആരും അത് ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. വിവാദവിഷയങ്ങളില്‍ പ്രതികരിക്കാനുള്ള നേതാക്കളുടെ ധൈര്യക്കുറവിനെ വിമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.
കോണ്‍ഗ്രസ് സ്ഥാപകദിനത്തോടനുബന്ധിച്ച് നടന്ന യോഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഞാന്‍ കന്നുകാലി മാംസം കഴിക്കാറുണ്ട്. എനിക്ക് ഇഷ്ടമാണ് അതുകൊണ്ട് കഴിക്കുന്നു. നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ കഴിക്കണ്ട. എന്നാല്‍ ഞാന്‍ കഴിക്കുന്നത് ചോദ്യം ചെയ്യാന്‍ നിങ്ങള്‍ ആരാണ്? എന്ത് ഭക്ഷണം കഴിക്കണമെന്നത് എന്റെ അവകാശമാണ്’, സിദ്ധരാമയ്യ പറഞ്ഞു.
എന്നാല്‍ ഇത്തരം വിഷയങ്ങള്‍ പരസ്യമായി പറയാന്‍ പാര്‍ട്ടിയിലുള്ളവര്‍ തയ്യാറാകുന്നില്ലെന്നും തിരിച്ചടികള്‍ ഭയന്നാണ് ഇതൊന്നും ആരും പുറത്ത് പറയാത്തതെന്നും അദ്ദേഹം പറഞ്ഞു.
ഗോവധ നിരോധനം സംസ്ഥാനത്ത് നടപ്പിലായാല്‍ പ്രായമായ പശുക്കളെ കര്‍ഷകര്‍ എന്ത് ചെയ്യണം? ഒരു കന്നുകാലിയെ നോക്കാന്‍ കുറഞ്ഞത് നൂറ് രൂപയെങ്കിലും വേണം. ഈ സാഹചര്യത്തിലാണ് ഗോവധ നിരോധനം നടപ്പാക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.
ഡിസംബര്‍ 9നാണ് കര്‍ണ്ണാടകയില്‍ ഗോവധ നിരോധനം നടപ്പാക്കിയത്. ശബ്ദ വോട്ടോടെയാണ് ബില്ല് പാസാക്കിയത്. കാലി കശാപ്പിന് 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ പിഴയും ഏഴു വര്‍ഷം വരെ തടവും ലഭിക്കുന്നതാണ് നിയമം. ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.
കര്‍ണാടക ഗോവധ നിരോധന- ഗോ സംരക്ഷണ ബില്‍- 2020 ആണ് പാസാക്കിയത്. പശുക്കടത്ത്, പശുക്കള്‍ക്കെതിരായ ആക്രമണം പശുക്കളെ കൊല്ലുന്നത് എന്നിവ നിയമ പരിധിയില്‍ വരുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Karnataka Former Cm Siddaramayya On Anti Cow Slaughter Law