എന്റെ കുടുംബത്തിന്റെ പേരു കളയാന്‍ ഞാനാഗ്രഹിക്കുന്നില്ല: ധ്യാന്‍ ശ്രീനിവാസന്‍ സംസാരിക്കുന്നു
Daily News
എന്റെ കുടുംബത്തിന്റെ പേരു കളയാന്‍ ഞാനാഗ്രഹിക്കുന്നില്ല: ധ്യാന്‍ ശ്രീനിവാസന്‍ സംസാരിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th May 2015, 10:15 am

അഭിനയിക്കുകയെന്നത് എന്റെ ലാസ്റ്റ് ചോയ്‌സ് ആണ്. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ചെയ്യുന്ന സമയ്ത്ത ഞാനൊരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. ഞാന്‍ തന്നെ സംവിധാനം ചെയ്ത് അഭിനയിച്ച് (അഭിനയിക്കാന്‍ മറ്റാരേയും കിട്ടാത്തതുകൊണ്ട്). ഒരിക്കല്‍ എന്റെ ലാപ്‌ടോപ്പില്‍ വിനീത് ഇതു കാണാനിടയായി. അങ്ങനെയാണ് “തിര”യിലേക്കു ക്ഷണിക്കുന്നത്.



ഫേസ് ടു ഫേസ് | ധ്യാന്‍ ശ്രീനിവാസന്‍

ഗായകന്‍, നടന്‍, സംവിധായകന്‍ അങ്ങനെ വിനീത് ശ്രീനിവാസന്റെ സിനിമാ രംഗത്തെ വളര്‍ച്ച പെട്ടെന്നായിരുന്നു. എന്നാല്‍ സഹോദരന്‍ ധ്യാന്‍ ശ്രീനിവാസന്റെ കാര്യം അങ്ങനെയല്ല. ആദ്യ ചിത്രം “തിര” പുറത്തിറങ്ങി നീണ്ട ഇടവേളയ്ക്കുശേഷമാണ് ധ്യാന്‍ വീണ്ടും വെള്ളിത്തിരയിലെത്തുന്നത്. അതും വിനീതിന്റെ തന്നെ ചിത്രത്തിലൂടെ.

“കുഞ്ഞിരാമായണം” എന്ന ചിത്രത്തിലൂടെയാണ് ധ്യാനിന്റെ തിരിച്ചുവരവ്. ഇരുവരും ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതകൂടിയുണ്ട് “കുഞ്ഞിരാമായണ”ത്തിന്. വീണ്ടും വെള്ളിത്തിരയിലെത്തുന്ന ധ്യാന്‍ തന്റെ സിനിമാ മോഹങ്ങളെക്കുറിച്ച് സംസാരിക്കുന്നു.

രണ്ടാം പ്രോജക്ട് ഏറ്റെടുക്കുന്നതിനു മുമ്പ് ഒരു വര്‍ഷത്തെ ഇടവേള. മനപൂര്‍വ്വമുള്ള തീരുമാനമായിരുന്നോ അത്?

ചില പ്രോജക്ടുകള്‍ എന്നെ തേടി വന്നിരുന്നു. പക്ഷെ ഞാനതൊന്നും ഏറ്റെടുത്തില്ല. എല്ലാത്തിനും ഉപരി കിട്ടുന്ന എല്ലാ പ്രോജക്ടുകളും ഏറ്റെടുത്ത് എന്റെ ഏട്ടന്റെയും അച്ഛന്റെയും പേരു കളയാന്‍ ഞാനിഷ്ടപ്പെടുന്നില്ല.

അഭിനയിക്കുകയെന്നത് എന്റെ ലാസ്റ്റ് ചോയ്‌സ് ആണ്. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ചെയ്യുന്ന സമയ്ത്ത ഞാനൊരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. ഞാന്‍ തന്നെ സംവിധാനം ചെയ്ത് അഭിനയിച്ച് (അഭിനയിക്കാന്‍ മറ്റാരേയും കിട്ടാത്തതുകൊണ്ട്). ഒരിക്കല്‍ എന്റെ ലാപ്‌ടോപ്പില്‍ വിനീത് ഇതു കാണാനിടയായി. അങ്ങനെയാണ് “തിര”യിലേക്കു ക്ഷണിക്കുന്നത്. എനിക്കു മടിയായിരുന്നു. എന്നാലും ഒന്നു ശ്രമിച്ചുനോക്കാന്‍ തീരുമാനിച്ചു.

സിനിമ സംവിധാനം ചെയ്യണമെന്നതായിരുന്നു എന്റെ എല്ലാ കാലത്തേയും സ്വപ്നം. എന്റെ സുഹൃത്തുക്കളോ വീട്ടുകാരോ ഇതുവരെ എന്നോട് പുതിയ ചിത്രങ്ങള്‍ ഏറ്റെടുക്കാത്തതിനെപ്പറ്റി ചോദിച്ചിട്ടില്ല.

dhyanകുഞ്ഞിരാമായണം ഏറ്റെടുക്കാനുള്ള കാരണം?

ചിത്രത്തിന്റെ സംവിധായകനായ ബാസില്‍ എന്റെ അടുത്ത സുഹൃത്താണ്. അതുകൊണ്ട് ഈ ഓഫറുമായി വന്നപ്പോള്‍ അതിന്റെ ഭാഗമാകാമെന്നു തോന്നി. ഏട്ടനും, അജു ഏട്ടനും, നീരജ് മാധവും, ദീപക് പരംബോളുമൊക്കെയുള്ള ഒരു കുടുംബ ചിത്രമാണിത്. “തിര”യിലേതില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഈ ചിത്രത്തിലെ കഥാപാത്രം. ആദ്യ ചിത്രത്തില്‍ സ്‌നേഹസമ്പന്നനായ സഹോദരനെയാണ് അവതരിപ്പിച്ചതെങ്കില്‍ രണ്ടാമത്തെ ചിത്രത്തില്‍ ഒരു പൂവാലനാണ്.

“കുഞ്ഞിരാമായണം” അതു നടക്കുന്ന കാലഘട്ടം ഏതാണെന്നു സൂചിപ്പിക്കുന്നില്ല.

വിനീതുമായി സ്‌ക്രീന്‍ പങ്കിട്ടപ്പോഴുള്ള അനുഭവം എന്തായിരുന്നു?

ഏട്ടനൊപ്പം അഭിനയിക്കുന്നതില്‍ വലിയ സന്തോഷമേയുള്ളൂ. ഈ ചിത്രത്തില്‍ ഞങ്ങള്‍ ഒരുമിച്ചുള്ള സീനുകള്‍ അധികമൊന്നുമില്ല. ഒരു രസകരമായ സംഭവം പറയും. ഏട്ടന്‍ എന്നോട് വളരെ രോഷത്തോടെ സംസാരിക്കുന്ന ഒരു സീനുണ്ട്. ഏട്ടന്‍ ദേഷ്യപ്പെടുന്നത് ആരും കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ആ ഷോട്ടില്‍ ഞങ്ങള്‍ക്കാര്‍ക്കും ചിരിയടക്കാന്‍ കഴിഞ്ഞില്ല. പിന്നെ എന്നോട് കണ്ണടച്ചു നില്‍ക്കാന്‍ പറഞ്ഞാണ് ഏട്ടന്‍ ഡയലോഗ് ഭംഗിയായി പറഞ്ഞത്.

dhyan1വിനീതൊരു ബഹുമുഖ കലാകാരനാണ്. അദ്ദേഹത്തിന്റെ ഏതു റോളിനോടാണ് ആരാധന തോന്നിയിട്ടുള്ളത്?

അദ്ദേഹത്തിന്റെ എല്ലാ റോളുകളും എനിക്കിഷ്ടമാണ്. അദ്ദേഹം വളരെ ക്ഷമയുള്ള ഫിലിംമേക്കറാണ്. ഇപ്പോള്‍ ഓം ശാന്തി ഓശാനയ്ക്കുശേഷം അദ്ദേഹം അഭിനയവും ഏറെ ആസ്വദിക്കുന്നുണ്ടെന്നു തോന്നുന്നു.

“തിര”യുടെ രണ്ടാം ഭാഗത്തില്‍ നിങ്ങള്‍ ഉണ്ടാവില്ലെന്നു കേട്ടു?

അതെ, “തിര 2” യില്‍ ഞാനുണ്ടാവില്ല. പക്ഷെ അതിനര്‍ത്ഥം ഞാനും ഏട്ടനും തമ്മില്‍ എന്തോ പ്രശ്‌നമുണ്ടെന്നല്ല. ചില ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ അങ്ങനെ പറയുന്നുണ്ട്. തിരയില്‍ എന്റെ ഭാഗം കഴിഞ്ഞുവെന്നേ അതിനര്‍ത്ഥമുള്ളൂ. ശക്തമായ രോഹിണി പ്രണബിനെക്കുറിച്ചാണ് രണ്ടാം ഭാഗം. ആ കഥാപാത്രത്തെ ശോഭനയാണ് അവതരിപ്പിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിക്കാന്‍ നേരമില്ല. ഞങ്ങള്‍ക്കു ചുറ്റുമുള്ള സുഹൃത്തുക്കള്‍ക്കും ആളുകള്‍ക്കും സത്യമറിയാം.

എല്ലാറ്റിനും ഉപരി കുടുംബസംരംഭങ്ങള്‍ മാത്രം ഏറ്റെടുക്കുന്നതില്‍ കാര്യമില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു. കൂടുതല്‍ മികച്ച രീതിയില്‍ മുന്നേറാന്‍ നമ്മള്‍ തന്നെ പരിശ്രമിക്കണം.

dhyan23സിനിമാ കരിയറുമായി ബന്ധപ്പെട്ട് അച്ഛന്റെ ഉപദേശം തേടാറുണ്ടോ?

ഞങ്ങള്‍ സിനിമയെക്കുറിച്ച് വീട്ടില്‍ അധികമൊന്നും ചര്‍ച്ച ചെയ്യാറില്ല. കൃഷിയെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചുമൊക്കെയാണ് ചര്‍ച്ച ചെയ്യാറുള്ളത്. അച്ഛന് ഓര്‍ഗാനിക് ഫാമിങ്ങില്‍ വലിയ താല്‍പര്യമാണ്. അതുമായി ബന്ധപ്പെട്ട ഉപദേശങ്ങള്‍ തരാറുണ്ട്.

എന്താണ് ഭാവി പരിപാടികള്‍?

ഈ വര്‍ഷം “കുഞ്ഞിരാമായണം” അല്ലാതെ മറ്റൊന്നും ഏറ്റെടുത്തിട്ടില്ല. സെലക്ടീവാകാനാണ് എനിക്കു താല്‍പര്യം. ഒരു സമയത്ത് ഒരു ചിത്രത്തില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിക്കണം. എന്റെ എല്ലാ കഴിവും ആ ചിത്രത്തിനുവേണ്ടി പുറത്തെടുക്കണം. എല്ലാം നല്ല രീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ അടുത്തവര്‍ഷം ഞാന്‍ സംവിധാനം ചെയ്യുന്ന ചിത്രമുണ്ടാവും. തിരക്കഥയുടെ കാര്യത്തില്‍ ഞാന്‍ അല്പം മടിയനാണ്. അതുകൊണ്ട് ആ ജോലി എന്റെ സുഹൃത്തിനെ ഏല്‍പ്പിച്ചിരിക്കുകയാണ്.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ