എനിക്ക് മുസ്‌ലിം വോട്ടുകള്‍ വേണ്ട: ഹിമന്ദ ബിശ്വ ശര്‍മ
national news
എനിക്ക് മുസ്‌ലിം വോട്ടുകള്‍ വേണ്ട: ഹിമന്ദ ബിശ്വ ശര്‍മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th August 2023, 11:10 pm

ന്യൂദല്‍ഹി: താന്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ ഏര്‍പ്പെടാറില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ. കോണ്‍ഗ്രസിനെ പോലെ താന്‍ മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്താറില്ലെന്നും അദ്ദേഹം എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘എനിക്കിപ്പോള്‍ മുസ്‌ലിം വോട്ടുകള്‍ വേണ്ട. വോട്ട് ബാങ്ക് രാഷ്ട്രീയം കൊണ്ടാണ് എല്ലാ പ്രശ്‌നങ്ങളും ഉണ്ടാകുന്നത്. ഞാന്‍ എല്ലാ മാസത്തിലും മുസ്‌ലിം മേഖലകള്‍ സന്ദര്‍ശിക്കാറുണ്ട്, അവരുടെ പരിപാടികളില്‍ പങ്കെടുക്കാറുണ്ട്, അവരുമായി സംസാരിക്കാറുണ്ട്. വികസനവുമായി രാഷ്ട്രീയത്തെ ബന്ധിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസിന് അവരുമായുള്ള ബന്ധം വോട്ടുകള്‍ നേടാനുള്ളതാണെന്ന് അവര്‍ മനസിലാക്കണം,’ അദ്ദേഹം പറഞ്ഞു.

ശൈശവ വിവാഹം നിര്‍ത്തലാക്കാനും മദ്രസയില്‍ പോകുന്നത് അവസാനിപ്പിക്കാനുമാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം പെണ്‍കുട്ടികള്‍ക്കായി താന്‍ ഏഴ് കോളേജുകള്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുകയാണെന്നും ശര്‍മ പറഞ്ഞു.

‘എനിക്ക് നിങ്ങള്‍ വോട്ട് തരേണ്ട, 10 വര്‍ഷത്തിനുള്ളില്‍ എനിക്ക് നിങ്ങളുടെ മേഖലകളില്‍ വികസനം കൊണ്ടുവരണം. എനിക്ക് ശൈശവ വിവാഹം നിര്‍ത്തലാക്കണം, മദ്രസയില്‍ പോകുന്നത് അവസാനിപ്പിക്കണം, പകരം കോളേജില്‍ പോകൂ. മുസ്‌ലിം പെണ്‍കുട്ടികള്‍ക്കായി ഞാന്‍ ഏഴ് കോളേജുകള്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുകയാണ്. കോണ്‍ഗ്രസ് മുസ്‌ലിം പ്രദേശങ്ങളില്‍ സ്‌കൂളുകള്‍ നിര്‍മിച്ചിട്ടില്ല. എന്നാല്‍ എനിക്കത് ചെയ്യണം. ഒരു 10-15 വര്‍ഷത്തിനുള്ളില്‍ ഞാനത് ചെയ്യും, എന്നിട്ട് ഞാന്‍ മുസ്‌ലിങ്ങളോട് വോട്ട് ചോദിക്കും. ഇപ്പോള്‍ ഞാന്‍ അവരോട് വോട്ട് ചോദിച്ചാല്‍ അതൊരു കൊടുക്കല്‍ വാങ്ങല്‍ ബന്ധമാകും. അത്തരത്തിലൊരു ബന്ധമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പിലും മുസ്‌ലിം പ്രദേശങ്ങളില്‍ പ്രചാരണം നടത്തേണ്ടെന്ന് തീരുമാനിച്ചിരുന്നതായി ശര്‍മ പറഞ്ഞു.

‘2016ലെയും 2020ലെയും പ്രചാരണ സമയത്ത് ഞാന്‍ മുസ്‌ലിം പ്രദേശങ്ങളില്‍ പോയിരുന്നില്ല. തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം മാത്രമേ പോകൂവെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഞാന്‍ അവരോട് പറയുന്നത്, അവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാം. അവരുടെ പ്രദേശങ്ങളില്‍ ബി.ജെ.പി പ്രചാരണം നടത്തില്ല,’ അദ്ദേഹം പറഞ്ഞു.

അസമില്‍ 126 അംഗ സഭയില്‍ 60 സീറ്റ് നേടിയാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചത്. സഖ്യ കക്ഷിയായ എ.ജി.പിക്ക് ഒമ്പത് സീറ്റും യു.പി.പി.എല്ലിന് ആറ് സീറ്റുകളും ലഭിച്ചു. 2015ലാണ് കോണ്‍ഗ്രസ് വിട്ട് ഹിമന്ദ ബിശ്വ ശര്‍മ ബി.ജെ.പിയില്‍ ചേരുന്നത്. സര്‍ബാനന്ദ സോനോവാള്‍ സര്‍ക്കാരില്‍ ആരോഗ്യ വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായി മൂന്ന് തവണ സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസിന്റെ തരുണ്‍ ഗൊഗോയ് സര്‍ക്കാരിനെ തോല്‍പ്പിച്ചാണ് ബി.ജെ.പി 2016ല്‍ അധികാരത്തിലേറിയത്.

Content Highlights: I dont want muslim votes: Himanta bishwa sharma