| Wednesday, 19th March 2014, 9:06 am

സരിതയെ അബ്ദുള്ളക്കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്തു എന്ന് കരുതുന്നില്ല: ജസീറ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]കണ്ണൂര്‍: സരിതയെ അബ്ദുള്ളക്കുട്ടി എം.എല്‍.എ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് കരുതുന്നില്ലെന്ന് മണല്‍ മാഫിയക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ ജസീറ. സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത.എസ്.നായര്‍ തന്നെ അബ്ദുള്ളക്കുട്ടി ബലാത്സംഗം ചെയ്തു എന്ന് കാണിച്ച് നേരത്തേ പരാതി നല്‍കിയിരുന്നു.

അങ്ങനെ എല്ലാ കാര്യത്തിലും അബ്ദുള്ളക്കുട്ടിയെ കുറ്റപ്പെടുത്താനാവില്ലെന്നും ജസീറ പറഞ്ഞു.

സ്ഥാനാര്‍ത്ഥിയാവാന്‍ പലരും ക്ഷണിച്ചുവെന്നും എന്നാല്‍ ഇക്കുറി വോട്ടു ചെയ്യാന്‍ പോലും തീരുമാനിച്ചിട്ടില്ലെന്നും ജസീറ കൂട്ടിച്ചേര്‍ത്തു.

സ്ഥാനാര്‍ത്ഥിയാവാന്‍ ക്ഷണിച്ചവരുടെ പേര് പുറത്തു പറയുന്നില്ല. എന്തു ജനാധിപത്യം എന്നാണ് പറയാനുള്ളത്. അബ്ദുള്ളക്കുട്ടി മത്സരിക്കുകയായിരുന്നെങ്കില്‍ അയാള്‍ക്കെതിരെ മത്സരിക്കുമായിരുന്നു. എന്നാല്‍ അയാളുടെ കാര്യം തീര്‍ന്നു.

പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരും എന്നെ കാണാന്‍ പിന്നീട് വന്നിട്ടേയില്ല. ഇപ്പോള്‍ ഒറ്റയ്ക്കാണ്. ദല്‍ഹിയില്‍ നിന്ന തിരിച്ചു വന്നപ്പോള്‍ മണല്‍മാഫിയ എനിക്കെതിരെ തിരിഞ്ഞു. പോലീസും മണല്‍ മാഫിയയോടൊപ്പമാണ്. മക്കളെ പരീക്ഷയെഴുതാന്‍ പോലും അവര്‍ സമ്മതിച്ചില്ല- ജസീറ പറഞ്ഞു.

മണല്‍ മാഫിയക്കെതിരെ ജസീറ എന്ന വീട്ടമ്മ നടത്തിയ ഒറ്റയാള്‍ സമരം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യം സ്വദേശമായ കണ്ണൂരും പിന്നീട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലും അതിനു ശേഷം ദല്‍ഹിയിലും ജസീറ സമരം നടത്തി.

ജസീറയുടെ സമരത്തെ പരിഹസിച്ചു കൊണ്ട് രംഗത്തെത്തിയവരില്‍ എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എയുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അബ്ദുള്ളക്കുട്ടിക്കെതിരെ മത്സരിക്കുമെന്ന് ജസീറ പ്രഖ്യാപിച്ചിരുന്നത്.

മണല്‍ മാഫിയക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ജസീറ ദല്‍ഹിയിലെ സമരം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.

ഇതിനിടെ പാരിതോഷികമായി നല്‍കാമെന്നു പറഞ്ഞ തുക നല്‍കാഞ്ഞതിനെ തുടര്‍ന്ന് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വീടിനു മുന്നില്‍ സമരം നടത്തുന്നതിനിടെ ജസീറയെ പോലീസ് ഇടപെട്ട് നീക്കിയിരുന്നു. തുടര്‍ന്ന് ഇവരുടെ കുട്ടികളെ അനാഥാലയത്തിലേക്കും മാറ്റിയിരുന്നു.

ഇപ്പോള്‍ പോലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് പഴയങ്ങാടിയിലെ ഒരു ആശുപത്രിയിലാണ് ജസീറ.

We use cookies to give you the best possible experience. Learn more