ഹൈദരാബാദ്: സിനിമാ തിയേറ്ററില്‍ ദേശീയഗാനം ചൊല്ലുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് തനിക്ക് ഇഷ്ടമില്ലാത്ത കാര്യമാണെന്ന് നടന്‍ പവന്‍ കല്ല്യാണ്‍. കര്‍ണൂലില്‍ യുവാക്കളുമായി നടത്തിയ സംവാദ പരിപാടിയ്ക്കിടെയാണ് ജനസേനാ പാര്‍ട്ടി തലവന്‍ കൂടിയായ പവന്‍ കല്ല്യാണിന്റെ പ്രതികരണം.
കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം വിനോദത്തിനായെത്തുന്ന തിയേറ്ററുകള്‍ പോലും ദേശസ്‌നേഹം അളക്കാനുള്ള പരീക്ഷണ ശാലയാക്കി മാറ്റിയെന്ന് പവന്‍ കല്ല്യാണ്‍ പറഞ്ഞു.
തിയേറ്ററുകളിലെ ദേശീയഗാനം സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ് വന്നപ്പോഴും എതിര്‍ത്ത് സംസാരിച്ചയാളാണ് പവന്‍ കല്ല്യാണ്‍. ദേശീയഗാനം വേണമെന്ന് പറയുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ തങ്ങളുടെ ഓഫീസുകളിലും പാര്‍ട്ടി യോഗങ്ങളിലും തീരുമാനം നടപ്പിലാക്കി മാതൃക കാണിക്കട്ടെയെന്നും പവന്‍ കല്ല്യാണ്‍ പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് യുദ്ധമുണ്ടാകുമെന്ന് ബി.ജെ.പി തന്നോട് പറഞ്ഞിരുന്നതായി പവന്‍ കല്ല്യാണ്‍ ഈയിടെ വെളിപ്പെടുത്തിയിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് ബി.ജെ.പി തന്നോട് ഇക്കാര്യം പറഞ്ഞതെന്നും പവന്‍ കല്ല്യാണ്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ബി.ജെ.പിയെ ലക്ഷ്യം വെച്ചുള്ള പുതിയ പ്രസ്താവനയുമായി പവന്‍ കല്ല്യാണ്‍ എത്തിയിരിക്കുന്നത്.