| Thursday, 26th October 2017, 3:03 pm

കോടിയേരിയെ പരിചയമില്ല ; കാറ് വിട്ടുകൊടുത്തത് സി.പി.ഐ.എം പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യപ്രകാരമെന്നും കാരാട്ട് ഫൈസല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്:ജനജാഗ്രതയാത്രയില്‍ വാഹനം വിട്ട് കൊടുത്തത് സി.പി.ഐ.എം പ്രദേശിക നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണെന്ന് കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍.

കോടിയേരി ബാലകൃഷ്ണനെ തനിക്ക് പരിചയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വര്‍ണക്കടത്ത് കേസില്‍ തന്നെ ചോദ്യം ചെയ്തിരുന്നു എന്നത് ശരിയാണ് എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു കേസും നിലവില്‍ ഇല്ലെന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഫൈസല്‍ വ്യക്തമാക്കി.

എന്നാല്‍ തനിക്കെതിരെ കേസില്ല എന്ന ഫൈസലിന്റെ വാദം കള്ളമെന്ന് കൂട്ടുപ്രതി ഷഹബാസ് വെളിപ്പെടുത്തിയിരുന്നു.കേസില്‍ ഫൈസല്‍ ഏഴാം പ്രതിയാണ് തന്റെ ബിസിനസ് പങ്കാളിയായ ഫൈസല്‍ കരിപ്പൂര്‍ സ്വര്‍ണകേസില്‍ തന്റെ കൂടെ കാക്കനാട് ജയിലില്‍ കിടന്നിട്ടുണ്ടെന്നും ഷഹബാസ് വെളിപ്പെടുത്തി. അതേസമയം കേസിലെ മുഖ്യ പ്രതിയായിരുന്ന ഫിറമോസ ഡി.അര്‍.ഐക്ക് നല്‍കിയ മൊഴിയുടെ പകര്‍പ്പും മാധ്യമങ്ങള്‍ പുറത്ത് വിട്ടു.

ഫൈസലും ഷഹബാസും ബിസിനസ് പങ്കാളികളാണെന്ന് ഫിറമോസ ഡി.ആര്‍.ഐക്ക് മൊഴി നല്‍കിയിരുന്നു. ഡി.അര്‍.ഐയുടെ കുറ്റപത്രത്തില്‍ ഫൈസല്‍ ആറാം പ്രതിയാണ്.


Also Read ബി.ജെ.പി നേതാക്കളും ഫൈസലിന്റെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ടെന്ന് കോടിയേരി; കോഫെപോസെ കേസിലെ പ്രതിയെ മന്ത്രിയാക്കിയ പാര്‍ട്ടിയാണ് ലീഗെന്നും കോടിയേരി


സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജനജാഗ്രതാ യാത്രയില്‍ കാരാട്ട് ഫൈസലിന്റെ കാറ് ഉപയോഗിച്ചതാണ് ആരോപണങ്ങള്‍ക്ക് വഴി വെച്ചത്. ജനജാഗ്രതാ യാത്രയല്ല പണജാഗ്രതാ യാത്രയാണ് കോടിയേരി നടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. കോടിയേരിയും കള്ളക്കടത്തുക്കാരുമായുള്ള ബന്ധം പാര്‍ട്ടിയും മുഖ്യമന്ത്രിയും അന്വേഷിക്കണമെന്നും കെ. സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.

മുസ്ലീം ലീഗ് നേതൃത്വവും സമാന ആരോപണവുമായി രംഗത്തെത്തിയരുന്നു. കോടിയേരി ബാലകൃഷ്ണന്‍ കാരാട്ട് ഫൈസല്ന്റെ കാറുപയോഗിച്ചത് സി.പി.ഐ.എമ്മും സ്വര്‍ണ മാഫിയയും തമ്മിലെ ബന്ധത്തിന്റെ തെളിവാണെന്നായിരുന്നു ലീഗിന്റെ ആരോപണം. ആരോപണം മുഖ്യമന്ത്രി നേരിട്ട് അന്വേഷിക്കണമെന്നും ലീഗ് ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more