[]കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്റെ അനുഭവം തനിക്ക് വരുമോയെന്ന് കാലവും ചരിത്രവും തെളിയിക്കട്ടേയെന്ന് കൊയിലാണ്ടിയില്‍ സി.പി.ഐ.എമ്മില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എന്‍.വി ബാലകൃഷ്ണന്‍.
എന്നാല്‍ കൊയിലാണ്ടിയില്‍ നിലവില്‍ അത്തരമൊരു സാഹചര്യമില്ലെന്നും എന്‍.വി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
പാര്‍ട്ടിയ്‌ക്കെതിരായി ലേഖനങ്ങളെഴഉതി എന്നാരോപിച്ചാണ് കൊയിലാണ്ടി മുന്‍ ഏരിയ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറിയുമായ എന്‍.വി ബാലകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
എന്നാല്‍ ബാലകൃഷ്ണനെതിരെയുള്ള നടപടി പിന്‍വലിച്ചില്ലെങ്കില്‍ കൊയിലാണ്ടിയിലെ ഒരു പക്ഷം സി.പി.ഐ.എം പ്രവര്‍ത്തകര്‍ മുഴുവന്‍ ഔദ്യോഗിക പക്ഷത്തു നിന്ന് മാറുമെന്ന് ഉറപ്പായിരിയ്ക്കുകയാണ്.
ബാലകൃഷ്ണന്റെ ഭാര്യയും കൊയിലാണ്ടി നഗരസഭാ അധ്യക്ഷയുമായ കെ.ശാന്തയും നിരവധി നഗരസഭാ കൗണ്‍സിലര്‍മാരും ഇതിനോടകം തന്നെ രാജി സന്നദ്ധതയറിയിച്ച് രംഗത്തു വന്നു കഴിഞ്ഞു.
എന്നാല്‍ പാര്‍ട്ടി നേതൃത്വം ആരുടേയും രാജി ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇതിനിടെ ബാലകൃഷ്ണനെതിരായുള്ള നടപടി സംഘടനാപരമാണെന്ന് സി.പി.ഐ.എം അറിയിച്ചു.
ബാലകൃഷ്ണനെതിരെയുള്ളത് ഗൗരവപരമായ അച്ചടക്ക ലംഘനമാണ്, തിരുത്താനുള്ള അവസരമാണ് പാര്‍ട്ടി നല്‍കിയത്. പരാതിയുണ്ടെങ്കില്‍ ബാലകൃഷ്ണന് മേല്‍ക്കമ്മിറ്റിയെ സമീപിക്കാമെന്നും സി.പി.ഐ.എം അറിയിച്ചിരുന്നു.
ബാലകൃഷ്ണനുമായി ആര്‍.എം.പി നേതൃത്വം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ആര്‍.എം.പിയോട് സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നഭ്യര്‍ത്ഥിച്ചായിരുന്നു കൂടിക്കാഴ്ച്ച.
എന്നാല്‍ ഇത് സംബന്ധിച്ച് ബാലകൃഷ്ണനോ രാജി സന്നദ്ധത അറിയിച്ചവരോ ഒന്നും പ്രതികരിച്ചിട്ടില്ല.
ഗള്‍ഫില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഫോര്‍ പിഎം, ഡെയ്‌ലി െ്രെടബ്യൂണ്‍ എന്നീ പത്രങ്ങളുടെ കോഴിക്കോട് ബ്യൂറോ ചീഫു കൂടിയായ ബാലകൃഷ്ണന്‍ ഫോര്‍ പിഎമ്മില്‍ എല്‍.ഡി.എഫിന്റെ സോളാര്‍ സമരം പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ടതിനെ ആസ്പദമാക്കി ലേഖനമെഴുതുകയും പലപ്പോഴായി നൂറിലധികം തവണ പാര്‍ട്ടിക്കെതിരായി എഴുതുകയും ചെയ്തു എന്നാണ് പാര്‍ട്ടിയുടെ ആരോപണം.
ഫോര്‍ പിഎം ന്യൂസില്‍ വന്ന “കാറ്റു പോയ തുമ്പപ്പൂ വിപ്ലവം” എന്ന ലേഖനം താന്‍ എഴുതിയതല്ലെന്ന് ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. ലേഖനം എഴുതിയത് ദേവദാസ് ചെറുകാട് എന്നയാളാണെന്ന് പത്രവും വെളിപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ബാലകൃഷ്ണനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷം തീരുമാനിക്കുകയായിരുന്നു. ഏരിയാ കമ്മറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും ബാലകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യത്തിലുറച്ചു നിന്നിട്ടും ജില്ലാ നേതൃത്വം നടപടി സസ്‌പെന്‍ഷനിലൊതുക്കുകയായിരുന്നു.