ലഖ്‌നൗ: ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമുള്ള മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ് എന്നും സംസ്ഥാനത്ത് ഈദ് ആഘോഷത്തിന് പോലും അനുമതിയില്ലെന്നുമുള്ള പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗധരിയുടെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
വീടിനകത്ത് വിശുദ്ധ ചരട് കെട്ടി നില്‍ക്കുകയും പുറത്തിറങ്ങുമ്പോള്‍ തൊപ്പി ധരിക്കുകയും ചെയ്യുന്ന കപടസ്വഭാവക്കാര്‍ ബി.ജെ.പിയില്‍ ഇല്ലെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ മറുപടി.
ഞാന്‍ ഈദ് ആഘോഷിക്കില്ല. ഞാന്‍ ഒരു ഹിന്ദുവാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നുമുണ്ട്. സമാധാനപരമായി ഈദ് ആഘോഷിക്കാന്‍ ആരെങ്കിലും തയ്യാറാകുന്നുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ട എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ ചെയ്യുമെന്നും യോഗി പറഞ്ഞു. ഹിന്ദുവാണെന്ന് അഭിമാനിക്കുന്നതില്‍ തെറ്റായി താന്‍ ഒന്നും കാണുന്നില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ത്രിപുരയിലെ ചുവന്ന കൊടി താഴെയിറക്കിയതുപോലെ സമാജ് വാദി പാര്‍ട്ടിയുടെ അടയാളമായ ചുവന്ന തൊപ്പി തങ്ങള്‍ താഴെവെപ്പിക്കുമെന്നും യോഗി പറഞ്ഞു.
ഹോളിയും ദിവാലിയും ആഘോഷിക്കാന്‍ അനുമതി നല്‍കുന്നതുപോലെ സംസ്ഥാനത്ത് ഈദ് ആഘോഷങ്ങള്‍ക്ക് അനുമതിയില്ലെന്നായിരുന്നു ചൗധരിയുടെ പ്രസ്താവന. ഈ രാജ്യം ഏതെങ്കിലും തരത്തില്‍ വിഭജിക്കപ്പെടുന്നുണ്ടെങ്കില്‍ അത് ബി.ജെ.പിയുടെ തെറ്റായ നയങ്ങളുടെ ഭാഗമായിട്ടാണെന്നും ചൗധരി പറഞ്ഞിരുന്നു.
എന്നാല്‍ ഇന്ത്യയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും എന്നാല്‍ അതിന് ശ്രമിക്കുന്നവരെ തങ്ങള്‍ തകര്‍ക്കുമെന്നുമായിരുന്നു യോഗിയുടെ മറുപടി.