ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ഏറ്റവും മൂല്യമേറിയ സൈനിങ്ങുകളിൽ രണ്ടാമത്തേതും യൂറോപ്യൻ സൈനിങ്ങിൽ ഏറ്റവും മൂല്യമേറിയതുമായിരുന്നു എൻസോ ഫെർണാണ്ടസിന്റെത്.
റൊണാൾഡോയെ അൽ നസർ 225 മില്യൺ പ്രതിവർഷ ശമ്പളത്തിന് സൗദിയിലെത്തിച്ചതിന് ശേഷം 107 മില്യൺ പൗണ്ടിന് എൻസോ ചെൽസിയിലെത്തിയതായിരുന്നു ജനുവരി ട്രാൻസ്ഫർ ജാലകത്തിലെ ഏറ്റവും വില കൂടിയ താര കൈമാറ്റം.
എൻസോ കൂടി ചെൽസിയിലെത്തിയതോടെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ താരങ്ങളെ ടീമിലെത്തിച്ച ക്ലബ്ബായി ചെൽസി മാറി. പതിനഞ്ചിലേറെ താരങ്ങളെ തങ്ങളുടെ ക്യാമ്പിലെത്തിച്ച ചെൽസി തന്നെയാണ് ഏറ്റവും കൂടുതൽ ട്രാൻസ്ഫർ നടത്തിയ ക്ലബ്ബ്.
ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം പോർച്ചുഗീസ് ക്ലബ്ബ് ബെൻഫിക്കയിൽ നിന്നും ചെൽസി നാലര വർഷത്തെ കരാറിലാണ് അർജന്റൈൻ താരത്തെ ടീമിലെടുത്തിരിക്കുന്നത്.
ഇത്രയേറെ തുക സ്‌ക്വാഡ് ഡെപ്ത്ത് വിപുലമാക്കാൻ ചിലവഴിച്ചത് കൊണ്ട് തന്നെ പ്രീമിയർ ലീഗിൽ നേരിടുന്ന തിരിച്ചടിയിൽ നിന്നും കര കയറാമെന്ന് തന്നെയാണ് ചെൽസിയുടെ പ്രതീക്ഷ.
എന്നാൽ തങ്ങളുടെ ക്ലബ്ബിൽ കളിക്കാൻ താൽപര്യമില്ലാത്ത കളിക്കാരുടെ പിന്നാലെ താൻ കരഞ്ഞു നടക്കാറില്ലെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ബെൻഫിക്ക പ്രസിഡന്റ് റൂയി കോസ്റ്റ.
“എൻസോക്ക് ബെൻഫിക്കയിൽ നിൽക്കാൻ ഒരു താൽപര്യവുമില്ലായിരുന്നു. അവൻ ഞങ്ങൾക്ക് ഒരു അവസരം പോലും നൽകാതെ ഞങ്ങളെ വിട്ട് പോവുകയായിരുന്നു. എൻസോയെ ക്ലബ്ബിൽ പിടിച്ചു നിർത്താൻ ഞാനെന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. അവൻ പോയതിൽ എനിക്ക് ദുഖമുണ്ട്.
പക്ഷെ ക്ലബ്ബിൽ കളിക്കാൻ താൽപര്യമില്ലാത്ത ഒരു പ്ലെയറിന്റെ പിന്നാലെ കരഞ്ഞു നടക്കാൻ എനിക്ക് തീരെ താൽപര്യമില്ല,’ റൂയി കോസ്റ്റ പറഞ്ഞു.
എന്നാൽ എൻസോയെ ക്ലബ്ബിൽ പിടിച്ചു നിർത്താൻ ബെൻഫിക്ക കഴിയുന്നതും ശ്രമിച്ചിരുന്നു. ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ചതോടെ നിരവധി ക്ലബ്ബുകളാണ് താരത്തിന് പിന്നാലെ കൂടിയത്. ഇതിനാൽ തന്നെ എൻസോയുടെ റിലീസ് ക്ലോസ് തുക ബെൻഫിക്ക ഉയർത്തിയെങ്കിലും ചെൽസി താരത്തെ വിടാതെ പിന്തുടരുകയായിരുന്നു.
അതേസമയം ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 1:30ന് ഫുൾഹാമിനെതിരെയാണ് ചെൽസിയുടെ അടുത്ത മത്സരം.