സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസറിൽ നിലവിലെ ഏറ്റവും വലിയ റെക്കോഡ് തുക പ്രതിഫലം പറ്റി ചേക്കേറിയിരിക്കുകയാണ് റൊണാൾഡോ.
ക്ലബ്ബിൽ എത്തിയതിന് പിന്നാലെ തന്നെ അൽ അലാമി എന്നറിയപ്പെടുന്ന അൽ നസർ ക്ലബ്ബിനായി എട്ട് ഗോളുകൾ സ്കോർ ചെയ്യാൻ റൊണാൾഡോക്കായി.
എന്നാൽ റൊണാൾഡോയെ 2024ലെ യൂറോ ടീമിലേക്ക് നിർദേശിച്ചതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പോർച്ചുഗലിന്റെ പുതിയ പരിശീലകനായ റോബർട്ടോ മാർട്ടീനെസ്.
38 വയസ്സുള്ള റൊണാൾഡോ ഖത്തർ ലോകകപ്പോടെ വിരമിക്കുമെന്നായിരുന്നു മുമ്പ് പുറത്ത് വന്ന റിപ്പോർട്ടുകൾ.
ലോകകപ്പിൽ അഞ്ച് മത്സരങ്ങൾ കളിച്ച റൊണാൾഡോക്ക് ഒരു ഗോൾ മാത്രമെ ടൂർണമെന്റിൽ നിന്നും സ്കോർ ചെയ്യാൻ സാധിച്ചുള്ളു. എന്നാൽ ലോകകപ്പിന് ശേഷവും സജീവമായി പ്രൊഫഷണൽ ഫുട്ബോളിൽ തുടരുകയാണ് താരമിപ്പോഴും.
റൊണാൾഡോയെ യൂറോ ടീമിലേക്ക് നിർദേശിച്ചത് അദ്ദേഹത്തിന്റെ മികവ് കണ്ടുകൊണ്ടാണെന്നും താരങ്ങളെ ടീമിലേക്ക് എടുക്കുന്നതിൽ താൻ അവരുടെ പ്രായം കാര്യമാക്കാറില്ലെന്നുമാണ് റോബർട്ടോ മാർട്ടീനെസ് അഭിപ്രായപ്പെട്ടത്.
“റൊണാൾഡോ വളരെ കമ്മിറ്റഡായ ഒരു പ്ലെയറാണ്. അദ്ദേഹത്തിന്റെ എക്സ്പീരിയൻസ് ടീമിന് വലിയ രീതിയിലുള്ള ശക്തി പകരും.
അദ്ദേഹത്തിന്റെ പ്രായത്തെ ഗൗനിക്കുന്നതിൽ വലിയ അർഥമൊന്നുമില്ല,’ റോബർട്ടോ മാർട്ടീനെസ് പറഞ്ഞു.
പുരുഷ രാജ്യാന്തര ഫുട്ബോളിലെ എക്കാലത്തെയും ഉയർന്ന ടോപ്പ് സ്കോററാണ് റൊണാൾഡോ. 196 മത്സരങ്ങളിൽ നിന്നും 118 ഗോളുകളാണ് പോർച്ചുഗലിനായി റൊണാൾഡോ സ്കോർ ചെയ്തത്.
താരത്തിന്റെ നേതൃത്വത്തിൽ 2016ൽ പോർച്ചുഗൽ യൂറോ കപ്പ് സ്വന്തമാക്കിയിരുന്നു.
Content Highlights:I don’t look at age Roberto Martinez said about Cristiano Ronaldo