ബനാറസ്: ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ തന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് അധ്യാപകന്‍ ഫിറോസ് ഖാന്‍.
മുസ്‌ലിം അധ്യാപകനെ നിയമിച്ചതിനെതിരെയുള്ള വിവാദത്തിന് മറുപടിയുമായി അധ്യാപകന്‍. ഫിറോസ് ഖാനെ സംസ്‌കൃത സാഹിത്യ വിഭാഗത്തില്‍ നിയമിച്ചതിനെതിരെ എ.ബി.വി.പി ശക്തമായി രംഗത്തു വന്നിരുന്നു.
എന്തുകൊണ്ടാണ് തന്റെ നിയമനത്തിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പെട്ടെന്ന് എങ്ങനെയാണ് എന്റെ മത സ്വത്വം ഇത്രവലിയ പ്രശ്‌നമായി മാറിയതെന്ന് അറിയില്ല.
എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ സംസ്‌കൃതം പഠിച്ചു. ഒരിക്കലും ഒരു മുസ്‌ലിം ആണെന്ന് ഞാന്‍ തിരിച്ചറിഞ്ഞില്ല. പക്ഷേ, ഇപ്പോള്‍ ഞാന്‍ പഠിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മാത്രം അത് ഒരു വിഷയമാകുന്നു” അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു. സംസ്‌കൃതം അറിയുന്നത്രപോലും തനിക്ക് ഖുറാന്‍ അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഞാന്‍ രണ്ടാം ക്ലാസ്സ് തൊട്ട് സംസ്‌കൃതം പഠിക്കാന്‍ തുടങ്ങിയതാണ്. എന്റെ പ്രദേശമായ ബാഗ്രുവില്‍ 30 ശതമാനം മുസ്‌ലിങ്ങള്‍ ആയിട്ടു പോലും പ്രദേശത്തുള്ള മൗലവികളോ സമൂഹത്തിലെ മറ്റുള്ളവരോ ആരും തന്നെ ഇത് ചൂണ്ടിക്കാട്ടിയിട്ടില്ല. വാസ്തവത്തില്‍ സംസ്‌കൃതം അറിയുന്നത് പോലെ എനിക്ക് ഖുറാനറിയില്ല. ഒരു മുസ്‌ലിം ആയിരുന്നിട്ടുപോലും സംസ്‌കൃതത്തിലെ എന്റെ അറിവിനെ പ്രദേശത്തുള്ള ഹിന്ദുപുരോഹിതന്മാര്‍വരെ പ്രശംസിച്ചിട്ടുണ്ട്.
സംസ്‌കൃത സാഹിത്യം പഠിപ്പിക്കുന്നതിന് മതവുമായി യാതൊരു ബന്ധവുമില്ല. സംസ്‌കൃത സാഹിത്യത്തിന്റെ സാങ്കേതികതകളാണ് നമ്മള്‍ പഠിക്കുന്നത്. അഭിജ്ഞാന ശാകുന്തളം ഉത്തരരാമചരിതം, രഘുവംശ മഹാകാവ്യം അല്ലെങ്കില്‍ ഹര്‍ഷചരിതം ഒന്നിനുംതന്നെ മതപരമായി ബന്ധമില്ല – അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികള്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷയാണ് ഫിറോസിനുള്ളത്. അവരുടെ ഹൃദയത്തില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ തനിക്കത് മാറ്റിയെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മതം, ജാതി, സമുദായം, ലിംഗഭേദം എന്നിവ കണക്കിലെടുക്കാതെ എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുസ്ലിം പ്രൊഫസറുടെ നിയമനത്തെ പിന്തുണച്ചുകൊണ്ടു ബനാറസ് ഹിന്ദു സര്‍വകലാശാല പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്റെയും കേന്ദ്രസര്‍ക്കാരിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍ കമ്മിറ്റി ഏകകണ്ഠമായി ഉദ്യോഗാര്‍ഥിയെ ശുപാര്‍ശ ചെയ്തതെന്ന് ബനാറസ് ഹിന്ദു സര്‍വകലാശാല ഭരണകൂടം ഇതിനകം തന്നെ വ്യക്തമാക്കിയതായി സര്‍വ്വകലാശാല പ്രസ്താവനയില്‍ പറഞ്ഞു.