ഭോപ്പാല്‍: നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലപ്രഖ്യാപനം വരുമ്പോള്‍ താന്‍ ജയിലിലായിരിക്കുമോ അല്ലെങ്കില്‍ പുറത്തായിരിക്കുമോയെന്ന് അറിയില്ലെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മധ്യപ്രദേശിലെ ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് (എ.എ.പി) പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദല്‍ഹിയിലെയും പഞ്ചാബിലെയും ജനങ്ങള്‍ എ.എ.പിക്ക് വോട്ട് നല്‍കിയത് പോലെ മധ്യപ്രദേശിലെ ജനങ്ങള്‍ വരും ദിവസങ്ങളില്‍ വോട്ട് ചെയ്യണമെന്ന് താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അരവിന്ദ് കെജ്‌രിവാൾ സിങ്റൗളിയില്‍ വന്നിരുന്നെന്നും അദ്ദേഹത്തിന് തങ്ങള്‍ ചരിത്ര വിജയം സമ്മാനിച്ചുവെന്നും മധ്യപ്രദേശിലെ ജനങ്ങള്‍ പറയണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. അരവിന്ദ് കെജ്‌രിവാളുടെ പ്രചരണത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും പങ്കെടുത്തിരുന്നു.
കഴിഞ്ഞ ദിവസം എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ് ഒഴിവാക്കി അരവിന്ദ്കെജ്‌രിവാൾ വൈധാനില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്നും ചൂണ്ടിക്കാട്ടി സമന്‍സ് പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
സമന്‍സ് അവ്യക്തമാണെന്നും അഴിമതിയുമായി ബന്ധപ്പെട്ട സാക്ഷിയുടെയും സംശയാസ്പദമായ പ്രതിയുടെ വിവരങ്ങളും സമന്‍സില്‍ ഉള്‍പെടുത്തിയിട്ടില്ലെന്നും ഇ.ഡിക്ക് എഴുതിയ മറുപടിക്കത്തില്‍ കെജ്‌രിവാൾ പറഞ്ഞു.
സമന്‍സ് തനിക്ക് ലഭിക്കുന്നതിന് മുന്‍പേ ബി.ജെ.പി പ്രവര്‍ത്തകര്‍ താന്‍ അറസ്റ്റിലാകുമെന്ന് പ്രചരിപ്പിച്ചിരുന്നെന്നും തുടര്‍ന്നാണ് തന്റെ കയ്യിലേക്ക് സമന്‍സ് കിട്ടിയതെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. ഒന്നുങ്കില്‍ പ്രസ്തുത സമന്‍സ് ചോര്‍ന്നെന്നും അല്ലെങ്കില്‍ രാഷ്ട്രീയ പ്രേരിതമായാണ് സമന്‍സ് നല്‍കിയതെന്നും കത്തില്‍ കെജ്‌രിവാൾ ആരോപിച്ചു.
നവംബര്‍ 17ന് സംസ്ഥാനത്ത് വോട്ടെടുപ്പും ഡിസംബര്‍ 3ന് ഫലപ്രഖ്യാപനമുണ്ടാവും.
Content Highlight: I don’t know if I will go to jail when it’s all over: Aravind Kejrival