മലയാള സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. വലിയ കൊമേഴ്ഷ്യല്‍ സിനിമകളല്ല മലയാളത്തിലുണ്ടാകുന്നതെന്നും കഥയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ദുല്‍ഖര്‍ പറഞ്ഞു. അതുകൊണ്ടാണ് മലയാള സിനിമകള്‍ക്ക് ഒ.ടി.ടിയില്‍ കൂടുതല്‍ റീച്ചുണ്ടാകുന്നതെന്നും സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.
‘റീച്ചുണ്ടാകുന്ന വലിയ കൊമേഴ്ഷ്യല്‍ സിനിമകളല്ല മലയാളത്തിലുണ്ടാകുന്നത്. കഥയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടാണ് മലയാള സിനിമകള്‍ക്ക് ഒ.ടി.ടിയില്‍ കൂടുതല്‍ റീച്ച് കിട്ടുന്നത്. എന്നാല്‍ ഇത് മാറുമെന്ന് തോന്നുന്നു. വലിയ സ്വപ്‌നങ്ങള്‍ കാണാനുള്ള ധൈര്യം ഇപ്പോള്‍ മലയാളം ഇന്‍ഡസ്ട്രിക്കുണ്ട്,’ ദുല്‍ഖര്‍ പറഞ്ഞു.
രാം ചരണിനേയും ജൂനിയര്‍ എന്‍.ടി.ആറിനേയും ദുല്‍ഖറിനേയും ഒരു ചിത്രത്തില്‍ കാണണമെന്ന ഒരു ആരാധകന്റെ കമന്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ തനിക്ക് അവരെ പോലെ ഡാന്‍സ് കളിക്കാന്‍ സാധിക്കില്ലെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.
‘എനിക്ക് അവരെ പോലെ ഫൈറ്റ് ചെയ്യാനോ ഡാന്‍സ് കളിക്കാനോ പറ്റില്ല. അവര്‍ ഡാന്‍സ് കളിക്കുന്നത് കണ്ടിട്ടുണ്ടോ. സാധാരണ മനുഷ്യര്‍ക്ക് അത് പറ്റില്ല. അവര്‍ അതിന് വേണ്ടി ജനിച്ചിരിക്കുന്നതാണ്,’ ദുല്‍ഖര് കൂട്ടിച്ചേര്‍ത്തു.
ഹീരിയേ എന്ന ആല്‍ബത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ദുല്‍ഖര്‍ അഭിമുഖം നല്‍കിയത്. ജസ്ലീന്‍ റോയലും അര്‍ജീത്ത് സിങ്ങും പാടിയ ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ദുല്‍ഖറിനൊപ്പം ജസ്‌ലീന്‍ തന്നെയാണ് ആല്‍ബത്തില്‍ അഭിനയിച്ചത്.
അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്ത, നെറ്റ്ഫ്‌ളിക്‌സ് സീരീസ് ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് എന്നിവയാണ് ഇനി റിലീസിനൊരുങ്ങുന്ന ദുല്‍ഖര്‍ ചിത്രങ്ങള്‍.
Content Highlight: I don’t know how to dance or fight like Ram Charan, says Dulquer Salmaan