Advertisement
national news
എനിക്ക് ഹിന്ദി അറിയില്ല; ഐ.പി.സി മാറ്റി പുതിയ പേര് പറയില്ല: ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jan 24, 06:28 am
Wednesday, 24th January 2024, 11:58 am

ചെന്നൈ: ഐ.പി.സി മാറ്റി നിയമസംഹിതകളുടെ പുതിയ പേര് പറയില്ലെന്ന് മദ്രാസ് ഹൈകോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ്. തനിക്ക് ഹിന്ദി അറിയില്ലെന്നും ഉച്ചാരണം കൃത്യമാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടതിയിൽ ഒരു കേസിന്റെ വാദം നടക്കുന്നതിനിടയിലാണ് ജസ്റ്റിസിന്റെ പരാമർശം. അഭിഭാഷകർ ഐ.പി.സി, സി.ആർ.പി.സി സംബന്ധിച്ച് ചില പരാമർശങ്ങൾ നടക്കുന്നതിനിടയിൽ പുതിയ ആക്ട് പരിശോധിക്കണമെന്ന അഭിപ്രായം ഉയർന്നു.

തുടർന്ന് ആക്ടിന്റെ പുതിയ പേര് പറയാമോ എന്ന് അഭിഭാഷകനോട് ചോദിച്ചു. എന്നാൽ അഭിഭാഷകൻ അത് പറയാൻ പ്രയാസപ്പെട്ട സാഹചര്യത്തിലാണ് താൻ ഇനിയും ഐ.പി.സി എന്നും സി.ആർ.പി.സി എന്നും പറയുമെന്നും തനിക്ക് ഹിന്ദി അറിയില്ലെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കിയത്.

അഭിഭാഷകർക്കും സർക്കാർ ജീവനക്കാർക്കും പോലും പുതിയ പേരുകൾ പറയാൻ പ്രയാസമുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡി.എം.കെ മന്ത്രിമാരെ വെറുതെവിട്ടതിനെതിരെ സ്വമേധയാ പുനപരിശോധന നടപടികൾ സ്വീകരിച്ച് ശ്രദ്ധേയനായിരുന്നു ആനന്ദ് വെങ്കിടേഷ്. ഇതുപോലെയുള്ള ജഡ്ജിമാർ ഉണ്ടെന്നതിൽ ദൈവത്തോട് നന്ദി പറയുന്നു എന്ന് ആഴ്ചകൾക്ക് മുമ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ദേഹത്തെ കുറിച്ച് പറഞ്ഞിരുന്നു.

Content Highlight: I don’t know hindi, won’t say new names of IPC and CRPC says Justice Anandh Venkidesh