| Friday, 17th May 2019, 9:46 am

കല്ലേറും ചെരുപ്പേറും കൊണ്ട് ഭയപ്പെടില്ല; ഇന്നത്തേത് നിലവാരമില്ലാത്ത രാഷ്ട്രീയം; ആക്രമണത്തിനെതിരെ കമല്‍ഹാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അറവാകുറിച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ കല്ലേറും ചീമുട്ടയേറും കണ്ട് ഭയപ്പെട്ട് പിന്‍മാറില്ലെന്ന് മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ഹാസന്‍. ഓരോ ദിവസം കഴിയുന്തോറും രാഷ്ട്രീയത്തിന്റെ നിലവാരം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും ഇതൊന്നും വലിയ ഭീഷണിയായി തോന്നുന്നില്ലെന്നും ഭയപ്പെട്ട് പിന്‍മാറാന്‍ ഉദ്ദേശമില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.

” ഓരോ മതത്തിലും തീവ്രവാദികളുണ്ട്. ഞങ്ങള്‍ വിശുദ്ധരാണെന്നും പുണ്യവാന്‍മാരാണെന്നും ഞങ്ങള്‍ അവകാശപ്പെടുന്നില്ല. ഓരോ മതത്തിലും തീവ്രവാദികള്‍ ഉണ്ടായിരുന്നെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്’- കമല്‍ഹാസന്‍ പറഞ്ഞു.

ഇന്നലെയായിരുന്നു കമല്‍ഹാസന്റെ റാലിക്ക് നേരെ കല്ലേറും ചീമുട്ടയേറും നടന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായ നാഥുറാം വിനായക് ഗോഡ്സെയാണെന്ന പ്രസ്താവനയില്‍ പ്രതിഷേധിച്ചായിരുന്നു കമലിന് നേരെ ആക്രമണം നടന്നത്.

എന്നാല്‍ ആക്രമണം നടത്തിയ രണ്ടംഗ സംഘത്തെ നീതി മയ്യം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യുകയും തൂടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അക്രമികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

തമിഴ്‌നാട്ടിലെ മധുരയിലെ തിരുപ്പാറന്‍കുണ്ട്രം നിയമസഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പു പ്രചരണം നടത്തവേ കമലിന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ചെരുപ്പേറുണ്ടായിരുന്നു. അതിന് പിന്നാലെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വ്യാപക അക്രമമാണ് കമല്‍ നേരിടുന്നത്.

ബി.ജെ.പി പ്രവര്‍ത്തകരും ഹനുമാന്‍ സേന പ്രവര്‍ത്തകരുമുള്‍പ്പെടുന്ന 11 അംഗ സംഘമായിരുന്നു ചെരുപ്പേറിന് പിന്നില്‍. കമല്‍ഹാസന്‍ സംസാരിക്കുന്ന വേദിയ്ക്കുനേരെ ഇവര്‍ ചെരിപ്പെറിയുകയായിരുന്നു.

പരാമര്‍ശത്തിന്റെ പേരില്‍ കമല്‍ഹാസനെതിരെ പത്തിലേറെ ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അറവകുറിച്ചി നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവേയായിരുന്നു കമല്‍ഹാസന്‍ ഹിന്ദു തീവ്രവാദത്തെക്കുറിച്ച് പറഞ്ഞത്.

‘ഇവിടെ ഒരുപാട് മുസ്ലിങ്ങള്‍ ഉണ്ടെന്നതിനാലല്ല ഞാനിതു പറയുന്നത്. ഗാന്ധിയുടെ പ്രതിമയുടെ മുമ്പില്‍വെച്ചാണ് ഞാനിതു പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോഡ്‌സെയെന്നാണ്.’ എന്നായിരുന്നു കമല്‍ ഹാസന്റെ വാക്കുകള്‍.

We use cookies to give you the best possible experience. Learn more