| Friday, 23rd September 2022, 6:05 pm

ഇരുട്ടത്തിരുന്നുകൊണ്ട് എക്‌സ്പീരിയന്‍സ് ചെയ്യേണ്ട ഒരു കാര്യമാണത്; ഒ.ടി.ടിക്ക് വേണ്ടി ഞാന്‍ പടം ചെയ്യുന്നില്ല: ശ്രീനാഥ് ഭാസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്രീനാഥ് ഭാസി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ചട്ടമ്പി. 1990കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഒരു ചട്ടമ്പിയുടെ കഥയാണ് പറയുന്നത്. ഭാസിയുടെ സിനിമാ ജീവിതത്തിലെ വ്യത്യസ്തമായ ഒരു കഥാപാത്രമായിട്ടാണ് ചട്ടമ്പിയിലെ ‘കറിയ ജോര്‍ജ്’ വിലയിരുത്തപ്പെടുന്നത്.

ഡോണ്‍ പാലത്തറയുടെ കഥയെ ആസ്പദമാക്കി നവാഗതനായ അഭിലാഷ് എസ്. കുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയാണ് ചട്ടമ്പി. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫര്‍ കൂടിയായ അലക്സ് ജോസഫ് ആണ്.

ചിത്രത്തിന്റെ പ്രൊമേഷന്റെ ഭാഗമായി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഒ.ടി.ടി-തിയേറ്റര്‍ ക്ലാസിഫിക്കേഷനുകളെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീനാഥ് ഭാസി ഇപ്പോള്‍.

‘ഒരു സിനിമ പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ പറയുകയാണ് അത് ഒ.ടി.ടി സിനിമയാണ്, അല്ലെങ്കില്‍ അത് തിയേറ്റര്‍ പടമാണെന്ന്. ഇന്റര്‍നെറ്റിന് വേണ്ടിയല്ല സിനിമ എടുക്കുന്നത്, നമ്മള്‍ സിനിമ ഉണ്ടാക്കാന്‍ വേണ്ടിയാണ് സിനിമ എടുക്കുന്നത്. അത് തിയേറ്ററിലോടി ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെട്ടതിന് ശേഷം സംഭവിക്കേണ്ടതാണ് ഒ.ടി.ടി റിലീസ്.

പാന്‍ഡമിക്കിന്റെ സമയത്താണ് ഒ.ടി.ടി-തിയേറ്റര്‍ ക്ലാസിഫിക്കേഷന്‍ വന്നത്. ഞങ്ങളുടെ കാഴ്ച്ചപ്പാടില്‍ ഒ.ടി.ടി പടം തിയേറ്റര്‍ പടം എന്നൊന്നില്ല, പടം എന്നേ ഉള്ളൂ. സിനിമ വരുന്നതിന് മുമ്പ് തന്നെ അത് ഒരു ഒ.ടി.ടി പടമാണെന്ന് നമ്മള്‍ ജഡ്ജ് ചെയ്യുകയാണ്. അതൊരു റിയാലിറ്റിയാണ്. ചെറിയ പടം എന്ന് ആളുകള്‍ക്ക് ആലോചിക്കാന്‍ പറ്റുന്നില്ല. ചെറിയ പടം എന്ന് പറഞ്ഞാല്‍ അത് ഒ.ടി.ടി പടമാണെന്ന് ആളുകള്‍ പറയും. ആ ചിന്താഗതി തെറ്റാണ്.

സിനിമ എന്ന കലയെ സിനിമയായി തന്നെ നിലനിര്‍ത്തിക്കൊണ്ട്, ഒ.ടി.ടി പടം എന്ന ക്ലാസിഫിക്കേഷന്‍ നമ്മള്‍ ഒഴിവാക്കണം. ഇരുട്ടത്തിരുന്നുകൊണ്ട് നമ്മള്‍ എക്‌സ്പീരിയന്‍സ് ചെയ്യേണ്ട ഒരു കാര്യമാണ് അത്. എല്ലാ ജോണറിലുള്ള പടങ്ങളും തിയേറ്ററില്‍ ആക്‌സപ്റ്റബിള്‍ ആയിരിക്കണം, ആളുകള്‍ അത് കാണണം എന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും,’ ശ്രീനാഥ് ഭാസി പറഞ്ഞു.

ശ്രീനാഥ് ഭാസിയെ കൂടാതെ ചട്ടമ്പിയില്‍ ചെമ്പന്‍ വിനോദ്, മൈഥിലി, ഗ്രേസ് ആന്റണി, ബിനു പപ്പു, ഗുരു സോമസുന്ദരം, ചിലംബന്‍, ആസിഫ് യോഗി, ജോജി, ബിസല്‍, റീനു റോയ്, സജിന്‍ പുലക്കന്‍, ഉമ, ജി.കെ. പന്നന്‍കുഴി, ഷൈനി ടി. രാജന്‍, ഷെറിന്‍ കാതറിന്‍, അന്‍സല്‍ ബെന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlight: I don’t do films for OTT says Sreenath Bhasi

Latest Stories

We use cookies to give you the best possible experience. Learn more