ചെന്നൈ: പതിനൊന്നാം വയസ്സില്‍ പൂണൂല്‍ ഉപേക്ഷിച്ചയാളാണ് താനെന്ന് തമിഴ് ചലച്ചിത്ര താരം കമല്‍ഹാസന്‍. ജീവിക്കാന്‍ മതം വേണ്ടെന്നും ഉലകനായകന്‍ പറയുന്നു. പതിനൊന്നാം വയസ്സില്‍ പൂണൂല്‍ ഉപേക്ഷിച്ച് മതവിശ്വാസിയല്ലാതെ ജീവിക്കാന്‍ സാധിച്ചതില്‍ തന്റെ മാതാപിതാക്കളോടും സഹോദരങ്ങളോടും താരം നന്ദി പറഞ്ഞു.
തനിക്ക് കെട്ടുകഥകള്‍ വിശ്വസിച്ച് ജീവിക്കാനാകില്ല. ശാസ്ത്രം കൂടുതല്‍ സ്വീകാര്യമാണ്. ഐതിഹ്യങ്ങളോടും മതത്തോടും ആചാരങ്ങളോടുമല്ല, ശാസ്ത്രത്തോടും ധാര്‍മികതയോടും തത്വചിന്തയോടുമാണ് തനിക്ക് ചായവെന്നും കമല്‍ഹാസന്‍ പറഞ്ഞു. ദി ഹിന്ദു ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു മതങ്ങളോടും വിശ്വാസങ്ങളോടുമുള്ള താരത്തിന്റെ പ്രതികരണം.
വിഷമഘട്ടങ്ങളില്‍ എന്തില്‍നിന്നാണ് താങ്കള്‍ കരുത്തുനേടുന്നത് എന്ന ചോദ്യത്തോട് പ്രതികരിച്ച താരം താന്‍ മതത്തില്‍ നിന്നല്ല അത്തരം ഘട്ടങ്ങളില്‍ കരുത്തുനേടുന്നതെന്നും പറഞ്ഞു. “തീര്‍ച്ചയായും മതത്തില്‍ നിന്നല്ല ഞാന്‍ കരുത്തുനേടുന്നത്. അങ്ങനെ ചിന്തിക്കാന്‍ അനുവദിച്ചതിന് രക്ഷിതാക്കള്‍ക്കും സഹോദരന്മാര്‍ക്കും ഞാന്‍ നന്ദി പറയുന്നു. അവരാരും എന്നെ ഒന്നിനും നിര്‍ബന്ധിച്ചില്ല. അത് വളരെ അപൂര്‍വമാണ്. കുടുംബങ്ങള്‍ നിങ്ങളെ ഹിന്ദുവോ മുസ്‌ലിമോ ക്രിസ്ത്യനോ ആക്കാന്‍ ശ്രമിക്കുന്നു. എന്റെ മാതാപിതാക്കള്‍ അങ്ങനെ ചെയ്യാന്‍ ശ്രമിച്ചില്ല” കമലഹാസന്‍ വ്യക്തമാക്കി.
“പതിനൊന്നാം വയസില്‍ ഞാന്‍ പൂണൂല്‍ ധരിക്കാന്‍ വിസമ്മതിച്ചു. അപ്പോള്‍ അച്ഛന്‍ പറഞ്ഞത്, “അവന്‍ ചെയ്‌തോട്ടെ അവനുവേണ്ടി അവന്‍ ചിന്തിക്കുന്നുണ്ട് എന്നാണ്.” ചില സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞത് “നിനക്ക് ഇപ്പോള്‍ 16 വയസായി അപ്പോള്‍ ഈശ്വരനിഷേധവുമായി നടക്കുന്നു. 21 വയസായി ചെക്ക് ഒപ്പിട്ടു തുടങ്ങുമ്പോള്‍ അത് മാറിക്കൊള്ളും”എന്നായിരുന്നു.
പക്ഷേ ഞാന്‍ ചെക്കുകള്‍ ഒപ്പിട്ടു തുടങ്ങി, മാറിയില്ല. അപ്പോള്‍ വിവാഹം കഴിയുന്നതോടെ ഇത് മാറുമെന്നായി അവര്‍. ഞാന്‍ രണ്ടു വട്ടം വിവാഹിതനായി. അപ്പോള്‍ കുട്ടികള്‍ ഉണ്ടാകുമ്പോള്‍ ശരിയാകും എന്നായി അവര്‍.” താരം പറയുന്നു.
സാമ്പത്തികമായി കമലഹാസന്‍ അത്ര മെച്ചപ്പെട്ട നിലയിലല്ലെന്ന തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ അഭിപ്രായ പ്രകടനത്തോടും കമലഹാസന്‍ അഭിമുഖത്തില്‍ പ്രതികരിച്ചു. “ഒരു മാതൃകയാകാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് എനിക്ക് ധാരാളം പണം കുന്നുകൂട്ടാന്‍ കഴിയാത്തത്. എനിക്കും രാജ്യത്തെ മറ്റുള്ളവര്‍ക്കും മാതൃകയാകാനാണ് ശ്രമം. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് നികുതി നല്‍കാതിരിക്കുന്നത് തെറ്റല്ല. പക്ഷേ ഇന്ത്യ എന്റെ കമ്പനിയാണ്. ഞാന്‍ നികുതി കൊടുക്കണം. ജല്ലികെട്ട് വിവാദത്തില്‍ രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കാന്‍ എനിക്ക് കഴിഞ്ഞത് ഞാന്‍ അവരെക്കാളും മഹാനായതുകൊണ്ടല്ല. അവരെക്കാള്‍ മെച്ചമായതിനാലാണെന്നും താരം പറഞ്ഞു.
ബിഗ്‌ബോസിന്റെ തമിഴ് പതിപ്പിലൂടെ എന്താണ് താങ്കള്‍ വരച്ച് കാട്ടുന്നതെന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടി എന്റെ വ്യതക്തിത്വം ഈ റിയോലിറ്റി ഷോയിലൂടെ പ്രകടിപ്പിക്കും എന്നായിരുന്നു. ഷോയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് അത് ചെയ്യുമെന്നും തികച്ചും സത്യസന്ധമായി തന്നെയാകും അതിനെ വരച്ച് കാട്ടുകയെന്നും താരം പറഞ്ഞു.