കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ ബംഗാളില്‍ ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അധിനിവേശത്തില്‍ ആശങ്ക പ്രകടിപ്പിച്ചുള്ള കവിത പങ്കു വെച്ച് മമത ബാനര്‍ജി. ഞാന്‍ ഇത് അംഗീകരിക്കുന്നില്ല എന്ന തലക്കെട്ടോടു കൂടെയുള്ള കവിത ട്വിറ്ററിലാണ് മമത പങ്കു വെച്ചത്.
ബംഗാളില്‍ ഉയര്‍ന്നു വന്ന നവോത്ഥാനത്തിന്റെ സേവകയാണ് ഞാന്‍. മതത്തിന്റെ പേരില്‍ പ്രകോപനം വില്‍ക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. കവിതയില്‍ പറയുന്നു. ജയ്ശ്രീം രാം വിളിച്ച് കൊണ്ടായിരുന്നു ബി.ജെ.പി ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. 18 സീറ്റുകളാണ് ബി.ജെ.പി ബംഗാളില്‍ നേടിയത്. ആദ്യമായാണ് ബി.ജെ.പി സംസ്ഥാനത്ത് രണ്ടക്കം കടക്കുന്നത്.
ബംഗാളില്‍ 34 സീറ്റുകളുണ്ടായ മമതയുടെ ത്രിണമൂല്‍ കോണ്‍ഗ്രസിന് ഈ വര്‍ഷം നേടാനായത് വെറും 22 സീറ്റുകളാണ്. മോദിയും അമിത് ഷായും തെരഞ്ഞെടുപ്പ് സമയത്ത് ഏറിയ സമയവും ബംഗാളിലായിരുന്നു ചെലവഴിച്ചത്. രണ്ടും പേരും 15 വീതം റാലികളാണ് ബംഗാളില്‍ നടത്തിയത്. സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന മുസ്‌ലിം ജനസംഖ്യ ചൂണ്ടിക്കാട്ടി ഹിന്ദു വോട്ടുകള്‍ ഏകോപിപ്പിക്കാനാണ് ബി.ജെ.പി ശ്രമിച്ചത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തു വിടുന്നതിന് മുമ്പ് ബംഗാളിയില്‍ ‘എമര്‍ജന്‍സി’ എന്ന കവിതയും മമത ട്വിറ്ററില്‍ പങ്കു വെച്ചിരുന്നു.
തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ മമത വിജയികള്‍ക്ക് അഭിനന്ദനം അറിയിച്ചിരുന്നു. എല്ലാ വിജയികള്‍ക്കും അഭിനന്ദനം.. പക്ഷേ പരാജയപ്പെട്ടവരെല്ലാം യഥാര്‍ത്ഥത്തില്‍ പരാജയപ്പെട്ടവരല്ല എന്നായിരുന്നു മമതയുടെ വാക്കുകള്‍.
സംസ്ഥാനത്ത് ന്യൂനപക്ഷവോട്ടുകള്‍ നിര്‍ണ്ണായകമായ മണ്ഡലങ്ങളിലും അതിര്‍ത്തി മണ്ഡലങ്ങളിലും ബി.ജെ.പി മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. 2021ലാണ് ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.