റോഷാക്കും കെട്ട്യോളാണെന്റെ മാലാഖയും ഉയരേയും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല; അതിനൊരു കാരണമുണ്ട്: ആസിഫ് അലി
Movie Day
റോഷാക്കും കെട്ട്യോളാണെന്റെ മാലാഖയും ഉയരേയും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല; അതിനൊരു കാരണമുണ്ട്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th September 2023, 1:32 pm

നല്ല അഭിപ്രായങ്ങള്‍ കേട്ട തന്റെ ഒരു ചിത്രങ്ങളും താന്‍ കണ്ടിട്ടില്ലെന്ന് നടന്‍ ആസിഫ് അലി. അതിനൊരു കാരണമുണ്ടെന്നും നടന്‍ ആസിഫ് അലി. എന്നാല്‍ മോശമാണെന്ന് ആളുകള്‍ പറഞ്ഞ എല്ലാ സിനിമയും കുത്തിയിരുന്ന് കണ്ടിട്ടുണ്ടെന്നും എന്താണ് ആ സിനിമയ്ക്ക് സംഭവിച്ചതെന്ന് മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് അലി പറഞ്ഞു.

ചില സിനിമകളില്‍ അഭിനയിക്കുമ്പോള്‍ തന്നെ ആ സിനിമ പ്രശ്‌നത്തിലേക്കാണ് പോയ്‌ക്കൊണ്ടിരിക്കുന്നതെന്ന് നമുക്ക് മനസിലാകുമെന്നും മാക്‌സിമം എഫേര്‍ട്ട് കൊടുക്കകയല്ലാതെ ആ ഘട്ടത്തില്‍ വേറൊന്നും ചെയ്യാന്‍ സാധിക്കാറില്ലെന്നും ആസിഫ് അലി പറഞ്ഞു.

‘എന്റെ ഒരുമാതിരി നല്ല അഭിപ്രായങ്ങള്‍ വന്ന സിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല. കെട്ട്യോളാണെന്റെ മാലാഖ, ഉയരെ, എന്തിന് റോഷാക്ക് പോലും ഞാന്‍ കണ്ടിട്ടില്ല. അതിന്റെ വലിയൊരു കോംപ്ലിക്കേഷന്‍ കിടക്കുന്നത് അവിടെയാണ്.

ഒരു സിനിമ നന്നായെന്ന് പറയുമ്പോള്‍ നമ്മള്‍ അത് കണ്ട് കഴിഞ്ഞാല്‍ ഈ കൊള്ളാമെന്ന് പറയുന്ന സാധനമൊക്കെ നമുക്ക് എടുക്കാന്‍ തോന്നും. പിന്നെ അത് സേഫ് സോണ്‍ മാനറിസമായി മാറും. അത് സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് കാണാതിരിക്കുന്നത്.

എന്നാല്‍ എന്റെ മോശം സിനിമയെന്ന് ആളുകള്‍ പറയുന്നത് ഞാന്‍ കുത്തിയിരുന്ന് കാണും. എന്റെ എല്ലാ സിനിമയിറങ്ങുമ്പോഴും വീട്ടില്‍ നിന്ന് എല്ലാവരു പോയി കാണും. സിനിമ കഴിഞ്ഞ് അതിന്റെ റിയാക്ഷന്‍ കോള് വരാനുള്ള ഡ്യൂറേഷനില്‍ എനിക്ക് സിനിമയുടെ അവസ്ഥ ജഡ്ജ് ചെയ്യാന്‍ കഴിയും.

സുഹൃത്തുക്കള്‍ വന്നിരുന്ന് എടാ ഇത് ഇങ്ങനെയാണ് ഇത്തരത്തിലുള്ള പ്രശ്‌നമുണ്ടെന്ന് പറയും. പിന്നെ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ഈ സിനിമ പ്രശ്‌നത്തിലേക്കാണ് പോയ്‌ക്കൊണ്ടിരിക്കുന്നതെന്നും അല്ലെങ്കില്‍ ഇങ്ങനെ ഒരു പ്രശ്‌നം ഈ സിനിമ ഫേസ് ചെയ്യുമെന്നും എനിക്ക് മനസിലാകാറുണ്ട്.

എന്നാലും നമുക്ക് ഉഴപ്പാന്‍ പറ്റില്ല. നമ്മള്‍ മാക്‌സിമം നന്നായി എഫേര്‍ട്ടിടും. അപ്പോഴും ഒരു പ്രതീക്ഷയുണ്ട്, സിനിമ ഇറങ്ങുന്നതിന് മുന്‍പ് ഇത് നന്നാവുമെന്ന്. പക്ഷേ മോശമാകുന്ന ഒരുപാട് സിനിമകളുണ്ട്.

ഈ സിനിമകള്‍ കണ്ടുവരുന്ന സുഹൃത്തുക്കളും കുടുംബവും എന്നോട് കാര്യങ്ങള്‍ പറയും. എന്താണ് സിനിമയ്ക്ക് പറ്റിയതെന്ന കാര്യം അപ്പോള്‍ ഞാന്‍ കണ്ടിരുന്ന് മനസിലാക്കും. സാധാരണ ഗതിയില്‍ ഒരു സിനിമ പൊട്ടുമ്പോള്‍ ഏറ്റവും അവസാനം അറിയുന്നത് ആ സിനിമയിലെ ഹീറോ ആയിരിക്കും. ആ അവസ്ഥ എനിക്ക് വരരുതെന്ന നിര്‍ബന്ധമുണ്ട്.

ഈ സിനിമ മൊത്തത്തില്‍ പ്രശ്‌നമുണ്ട്, അല്ലെങ്കില്‍ നിന്റേത് ഔട്ട്‌ഡേറ്റഡ് സ്‌ക്രിപ്റ്റ് സെലക്ഷനായി പോയി എന്നൊക്കെ പറയുന്ന ജനുവിനായി അഭിപ്രായം തരുന്ന നല്ല സര്‍ക്കിള്‍ എനിക്കുണ്ട്. എന്നിട്ടും ഞാന്‍ ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നു (ചിരി).

നമ്മള്‍ മധുരമുള്ള നുണകള്‍ പറഞ്ഞിട്ട് കാര്യമില്ല. ആദ്യം കേള്‍ക്കുമ്പോള്‍ വിഷമമുണ്ടാകുമെന്ന് വെച്ചിട്ട് പലരും പറയാതിരിക്കും. അതില്‍ കാര്യമില്ല. വലിയ വിഷമമാകുന്നതിനേക്കാള്‍ നല്ലതല്ലേ കാര്യങ്ങള്‍ നേരത്തെ തിരിച്ചറിയുന്നത്.

സ്‌ക്രിപ്റ്റ് സെലക്ഷന്‍ എപ്പോഴും എന്റേത് തന്നെയാണ്. അതില്‍ വേറെ ആരേയും ആശ്രയിക്കാറില്ല. ആ സിനിമ നന്നായാലും മോശമായാലും അത് എന്റെ തീരുമാനമായിരുന്നു.

എന്റെ അടുത്ത് വരുന്ന സ്‌ക്രിപ്റ്റ് ഞാന്‍ കേള്‍ക്കും എക്‌സൈറ്റ്‌മെന്റ് കിട്ടിയാല്‍ ഞാന്‍ ചെയ്യും. എനിക്ക് കിട്ടിയില്ലെങ്കില്‍ വേണ്ടെന്ന് വെക്കും. ആ സ്‌ക്രിപ്റ്റ് വേറൊരാള്‍ ചെയ്യുമ്പോള്‍ അത് സൂപ്പര്‍ഹിറ്റായേക്കും. പക്ഷേ ആ വേണ്ടെന്ന് വെച്ച തീരുമാനം എന്റേതായിരുന്നു. അതില്‍ എനിക്ക് കുഴപ്പമില്ല. വേറെ ആരുടേയും ഉപദേശം കേട്ടിട്ട് ചെയ്യാതിരുന്നതല്ലല്ലോ. അതുപോലെ എന്നെ ഫോണ്‍ വിളിച്ച് കിട്ടാതെ പോയ കുറേ നല്ല സിനിമകളുണ്ട്,’ ആസിഫ് അലി പറഞ്ഞു.

Content Highlight: I Didnt Watch my Success Movies says Actor Asif Ali