| Tuesday, 24th December 2019, 9:53 am

'എനിക്കാ സ്വര്‍ണമെഡല്‍ വേണ്ട'; ഹിജാബ് ധരിച്ചതിന്റെ പേരില്‍ രാഷ്ട്രപതിയുടെ ചടങ്ങില്‍ നിന്നു പുറത്താക്കപ്പെട്ട വിദ്യാര്‍ഥിനി പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പോണ്ടിച്ചേരി: ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വളരെ മോശമാണെന്നും അതുകൊണ്ടാണു സ്വര്‍ണമെഡല്‍ നിഷേധിച്ചതെന്നും ഹിജാബ് ധരിച്ചതിന്റെ പേരില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ചടങ്ങില്‍ നിന്നു പുറത്താക്കപ്പെട്ട പെണ്‍കുട്ടി. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടായിരുന്നു റബീഹ അബ്ദുറഹീമിന്റെ പ്രതികരണം.

‘അവരെന്നോട് സ്‌റ്റേജില്‍ വന്ന് സ്വര്‍ണമെഡല്‍ സ്വീകരിക്കാന്‍ പറഞ്ഞപ്പോള്‍ത്തന്നെ ഞാന്‍ നിഷേധിച്ചു. എനിക്കാ സ്വര്‍ണമെഡല്‍ വേണ്ട. കാരണം, ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വളരെ മോശമാണ്.

ഇതു വിദ്യാര്‍ഥികളോടും എന്‍.ആര്‍.സിക്കും പൗരത്വ ഭേദഗതി നിയമത്തിനും പൊലീസ് അക്രമത്തിനും എതിരെ പ്രതിഷേധിക്കുന്നവരോടുമുള്ള സമാധാനപരമായ രീതിയിലുള്ള ഐക്യദാര്‍ഢ്യമാണ്.’- റബീഹ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ എം.എ മാസ് കമ്മ്യൂണിക്കേഷന്‍ സ്വര്‍ണമെഡല്‍ ജേതാവാണ് റബീഹ.

എന്തുകൊണ്ടാണു തന്നെ ഹാളില്‍ നിന്നു പുറത്താക്കിയതെന്ന് അറിയില്ലെന്നും എന്നാല്‍ പൊലീസിനോടു വിദ്യാര്‍ഥികള്‍ ചോദിച്ചപ്പോള്‍, ഹിജാബിന്റെ പേരിലായിരിക്കാം എന്നാണു മറുപടി ലഭിച്ചതെന്നും റബീഹ പറഞ്ഞു. ആരും തന്റെ മുഖത്തു നോക്കി ഇക്കാര്യം പറയുന്നില്ലെങ്കില്‍പ്പോലും കാരണം ഇതായിരിക്കാം എന്നും റബീഹ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്നലെ നടന്ന ചടങ്ങില്‍ പങ്കെടുത്ത് രാഷ്ട്രപതി മടങ്ങിയതിനു ശേഷമാണ് റബീഹയ്ക്ക് ഹാളില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചത്. 189 പേരില്‍ 10 പേരെ തെരഞ്ഞെടുക്കുത്ത്, ഇവര്‍ക്കു മാത്രം നേരിട്ടു ബഹുമതി സമ്മാനിച്ച ശേഷമാണു രാഷ്ട്രപതി മടങ്ങിയത്.

We use cookies to give you the best possible experience. Learn more