സി.ബി.ഐ സീരീസ് വരണമെന്ന് വിചാരിച്ച് മനപ്പൂര്‍വം കഥകള്‍ എഴുതിയിട്ടില്ലെന്ന് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി. ഓരോ കഥകള്‍ മനസിലേക്ക് വരുമ്പോള്‍ അത് സി.ബി.ഐയിലേക്ക് ചേരുമെന്ന് തോന്നി ചെയ്തതാണെന്ന് എസ്.എന്‍. സ്വാമി പറഞ്ഞു.
ഒരുപാട് സമയമെടുത്താണ് അഞ്ചാം ഭാഗം എഴുതിയതെന്നും ആറാം ഭാഗം വരുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ എസ്.എന്‍. സ്വാമി പറഞ്ഞു.
‘സി.ബി.ഐ മുമ്പോട്ട് പോകണം എന്ന് തീരുമാനിച്ച് ചെയ്തതൊന്നുമല്ല. സ്‌പൊണ്ടേനിയസായി ഒരു കഥ വന്നു, അതിനുള്ള സാഹചര്യം സി.ബി.ഐയിലുണ്ട് എന്നുള്ളതുകൊണ്ടാണ് തുടര്‍ച്ചയായി അത് ചെയ്തത്. അല്ലാതെ സി.ബി.ഐക്ക് വേണ്ടി കഥ വേണമെന്ന് ഞാന്‍ മുന്‍കൂട്ടി പറഞ്ഞിട്ടില്ല. പക്ഷേ സി.ബി.ഐ അഞ്ച് എഴുതാന്‍ ഒരുപാട് സമയമെടുത്തു.
സി.ബി.ഐ ആറാം ഭാഗത്തെ പറ്റിയുള്ള ചോദ്യത്തിന് ആറാം ഭാഗം വരുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് സ്വാമി പറഞ്ഞത്. ‘മനസില്‍ ഒരു കഥയുമില്ലാതെ എങ്ങനെയാണ് സി.ബി.ഐ ആറാം ഭാഗം വരുമെന്ന് പറയുന്നത്. എനിക്ക് അങ്ങനെ ഒരു പബ്ലിസിറ്റിയുടെ ആവശ്യമില്ല. സി.ബി.ഐ ആറാം ഭാഗം വരുമെന്ന് പറഞ്ഞ്, അതിന്റെ കെയര്‍ ഓഫില്‍ ഒരു പബ്ലിസിറ്റിയും എനിക്ക് വേണ്ട. വരുമ്പോള്‍ വരട്ടെ,’ എസ്.എന്‍. സ്വാമി പറഞ്ഞു.
അതേസമയം എസ്.എന്‍. സ്വാമി ആദ്യമായി സംവിധായകനാവുന്ന ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്.
സ്വാമി തന്നെ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനാണ് നായകന്‍. രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ഗ്രിഗറി, കലേഷ, അപര്‍ണാ ദാസ്, ആര്‍ദ്രാ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. ലക്ഷ്മി പാര്‍വതി വിഷന്‍സിന്റെ ബാനറില്‍ രാജേന്ദ്രപ്രസാദ് ആണ് ചിത്രം നിര്‍മിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം.
Content Highlight: I didn’t say CBI 6 is coming, I don’t need that kind of publicity, says SN Swami