ഞാൻ മെസിയെ ലോകകപ്പ് നേടിയതിന് അഭിനന്ദിച്ചില്ല, അതിന് കാരണമുണ്ട്; ലോകകപ്പിൽ ഫ്രാൻസിനെ പിന്തുണച്ച മുൻ അർജന്റൈൻ ലോകകപ്പ് താരം
football news
ഞാൻ മെസിയെ ലോകകപ്പ് നേടിയതിന് അഭിനന്ദിച്ചില്ല, അതിന് കാരണമുണ്ട്; ലോകകപ്പിൽ ഫ്രാൻസിനെ പിന്തുണച്ച മുൻ അർജന്റൈൻ ലോകകപ്പ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 8th January 2023, 4:20 pm

ഫുട്ബോൾ ലോകകപ്പ് ഖത്തറിന്റെ മണ്ണിൽ നിന്നും നേടിയതിന് പിന്നാലെ വലിയ അഭിനന്ദന പ്രവാഹമാണ് മെസിയെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്.

ലോകകപ്പ് കിരീടത്തോടെ തന്റെ കരിയർ സമ്പൂർണനാക്കിയ മെസിക്ക് ലോകമെമ്പാടുമുള്ള ആരാധകരുടെ ഭാഗത്ത് നിന്നും വലിയ രീതിയിലുള്ള അഭിനന്ദന പ്രവാഹമാണ് വന്ന് കൊണ്ടിരിക്കുന്നത്. ലോകകപ്പ് കിരീട നേട്ടത്തിനെ പിന്നാലെ അർജന്റീന ടീമിന് ബ്യൂണസ് ഐറിസിൽ വെച്ച് സംഘടിക്കപ്പെട്ട വിക്ടറി പരേഡിൽ വലിയ അഭിനന്ദന പ്രവാഹമാണ് ആരാധകർ മെസിക്ക് നൽകിയത്.

കൂടാതെ അർജന്റീന ലോകകപ്പ് കരസ്ഥമാക്കിയതിന് തൊട്ടു പിന്നാലെ അർജന്റീനയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് മെസിയുടെയും മെസിയുമായി ബന്ധപ്പെട്ടതുമായ പേരുകൾ ഇടുന്ന പ്രവണത വർധിച്ചുവരുന്നെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.

എന്നാലിപ്പോൾ അർജന്റീന ലോകകപ്പ് കരസ്ഥമാക്കിയെങ്കിലും താൻ മെസിയെ അഭിനന്ദിക്കുകയോ, കത്തെഴുതുകയോ ചെയ്തിട്ടില്ലെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് അർജന്റീനയുടെ മുൻ ലോകകപ്പ് താരവും മെസിയുടെ പഴയ സഹതാരവുമായിരുന്ന കാർലോസ് ടെവാസ്. 2006,2010 ലോകകപ്പുകളിൽ അർജന്റീനക്കായി ജേഴ്സിയണിഞ്ഞ താരമാണ് ടെവാസ്.

കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ താരം കൂടിയായ ടെവാസ് താൻ തന്റെ രണ്ട് പെൺമക്കൾക്കൊപ്പമിരുന്നാണ് കളി കണ്ടെതെന്നും, അർജന്റീനയുടെ വിജയം തനിക്കും തന്റെ മക്കൾക്കും വലിയ സന്തോഷം നൽകി എന്നും വെളിപ്പെടുത്തി.

“ഞാൻ ഇത് വരെ മെസിയെ അഭിനന്ദിച്ചില്ല. കാരണം ഈ സാഹചര്യത്തിൽ അദ്ദേഹത്തെ ഫോണിൽ വിളിച്ചാൽ കിട്ടുന്നത് പ്രയാസമാണ്. കത്തെഴുതാം എന്ന് വിചാരിച്ചാൽ എനിക്ക് അതിന് മടിയാണ്,’ ടെ വാസ് പറഞ്ഞു.

അർജന്റീനയിലെ പ്രമുഖ ക്ലബ്ബായ ബൊക്കാ ജൂനിയേഴ്സിന്റെ ഇതിഹാസ താരങ്ങളിലൊരാളായാണ് ടെവാസ് കണക്കാക്കപ്പെടുന്നത്. ബൊക്കക്കായി 235 മത്സരങ്ങളിൽ നിന്നും 82 ഗോളുകളും 31 അസിസ്റ്റുകളും നേടിയ താരം ബൊക്കയെ അഞ്ച് ലീഗ് ടൈറ്റിലുകൾ നേടാനും സഹായിച്ചു.

കൂടാതെ ഒരു ഇന്റർനാഷണൽ കപ്പും ബൊക്കക്കായി ടെവാസ് നേടി.
എന്നാൽ ഇത്തവണത്തെ ലോകകപ്പിൽ അർജന്റീനക്ക് പകരം ഫ്രാൻസിനെയാണ് അദ്ദേഹം തന്റെ ഇഷ്ട ടീമായി തിരഞ്ഞെടുത്തത്. അതിന് കാരണം ചോദിച്ച മാധ്യമപ്രവർത്തകരോട് അത് തന്റെ ഇഷ്ടം എന്നായിരുന്നു ടെവാസിന്റെ മറുപടി.

ബൊക്കയിൽ കളിച്ചതിന് ശേഷം മാൻസിറ്റി, മാൻ യുണൈറ്റഡ്, ബയേൺ എന്നീ ക്ലബ്ബുകളിലും താരം കളിച്ചു.

അതേസമയം പി.എസ്.ജിയിൽ തിരിച്ചെത്തിയ മെസി ഇത് വരെ മത്സരത്തിന് ഇറങ്ങിയിട്ടില്ല. ഫ്രാൻസിനെ ലോകകപ്പിൽ തകർത്ത മെസിയെ ഫ്രഞ്ച് ആരാധകർ എങ്ങനെ സ്വീകരിക്കും എന്ന് മാനേജ്മെന്റിന് ആശങ്കയുണ്ടായിരുന്നെങ്കിലും മികച്ച സ്വീകരണമാണ് താരത്തിന് ഫ്രഞ്ച് ആരാധകർ നൽകിയത്.

 

Content Highlights:I didn’t congratulate Messi for winning the World Cup said Former Argentina World Cup player