| Friday, 7th January 2022, 2:18 pm

ഞാന്‍ ചെയ്തത് ശരിയാണ്, പശ്ചാത്താപമില്ല; ബുള്ളി ഭായ് കേസിലെ മുഖ്യപ്രതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുസ്‌ലിം സ്ത്രീകളെ വില്‍പനയ്ക്ക് വെച്ച ബുള്ളി ഭായ് ആപ്പിന് പിന്നിലെ മുഖ്യപ്രതി നീരജ് ബിഷ്‌ണോയ് തന്റെ പ്രവൃത്തിയില്‍ പശ്ചാത്താപമില്ലെന്ന് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. താന്‍ ചെയ്തത് ശരിയാണെന്ന് നീരജ് ബിഷ്‌ണോയ് പറഞ്ഞതായും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള സോഫ്റ്റവെയര്‍ പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബ്ബില്‍ ഹോസ്റ്റ് ചെയ്ത ആപ്ലിക്കേഷനുണ്ടാക്കാനുപയോഗിച്ച ഉപകരണങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ നീരജാണ് ആപ്ലിക്കേഷനുകള്‍ ഉണ്ടാക്കിയതെന്നാണ് വിവരം. ഭോപ്പാലിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ബി.ടെക് വിദ്യാര്‍ഥിയാണ് നീരജ്.

ബിഷ്‌ണോയ് ഉണ്ടാക്കിയ ബുള്ളി ഭായ് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് നിലവില്‍ റദ്ദ് ചെയ്തിരിക്കുകയാണ്.

ഇയാളെ നിലവില്‍ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

ഇതുവരെയുള്ള ചോദ്യം ചെയ്യലില്‍ ആപ്പ് യഥാര്‍ത്ഥത്തില്‍ നവംബറില്‍ താന്‍ തന്നെ വികസിപ്പിച്ചതാണെന്നും ഡിസംബര്‍ 31 ന് മറ്റൊരു ട്വിറ്റര്‍ അക്കൗണ്ട് കൂടി സൃഷ്ടിച്ചിരുന്നതായും ബിഷ്‌ണോയ് പറഞ്ഞു.

മുംബൈ പൊലീസിനെ കളിയാക്കുന്നതിന് വേണ്ടിയും ബിഷ്‌ണോയ് മറ്റൊരു ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മുംബൈ പൊലീസിനെ സ്ലംബൈ പൊലീസ് എന്ന് ഇയാള്‍ വിളിച്ചിരുന്നു.

മുസ്‌ലിം സ്ത്രീകളെ വില്‍പനയ്ക്ക് വെച്ച ബുള്ളി ഭായ് ആപ്പിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത് സിഖ് പേരുകളില്‍ ഉണ്ടാക്കിയ അക്കൗണ്ടുകളിലൂടെയാണെന്ന് ആയിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. കേസില്‍ കസ്റ്റഡിയിലെടുത്ത യുവതിയാണ് വ്യാജ സിഖ് പ്രൊഫൈലുകള്‍ സൃഷ്ടിച്ച് വിദ്വേഷ പ്രചാരണം നയിച്ചതെന്ന് പൊലീസ് പറഞ്ഞിരുന്നു.

ട്വിറ്ററിലൂടെയും ബുള്ളി ഭായ് എന്ന ആപ്പിന്റെ പ്രചാരണം ഇവര്‍ നടത്തിയിരുന്നു. ഖലിസ്ഥാന്‍ ചിത്രമുപയോഗിച്ച് സൃഷ്ടിച്ച ബുള്ളി ഭായ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയായിരുന്നു ആപ്പിന്റെ പ്രചാരണമുണ്ടായിരുന്നത്.

കേസിലെ പ്രതിയായ യുവതിയെ ഉത്തരാഖണ്ഡില്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബാംഗ്ലൂരില്‍ വെച്ച് നേരത്തെ അറസ്റ്റ് ചെയ്ത യുവാവും തമ്മില്‍ പരിചയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. 21 വയസ്സായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി വിശാലിനെയാണ് പൊലീസ് ബെംഗളൂരുവില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്.

പ്രസിദ്ധ മാധ്യമപ്രവര്‍ത്തക ഇസ്മിത് ആറയാണ് ബുള്ളി ഭായ് ആപ്പിനെതിരെ ആദ്യമായി രംഗത്തു വന്നത്. തന്റെ ഫോട്ടോകള്‍ ചേര്‍ത്തുവച്ച് ബുള്ളി ബായ് ആപ്പില്‍ വില്‍പ്പനയ്ക്ക് വെച്ചെന്നാണ് ഇസ്മത് പറഞ്ഞത്.

ഇതിനു പിന്നാലെ ലേലത്തിനെന്ന പേരില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍നിന്ന് കാണാതായ നജീബിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്വി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സബാ നഖ്വി, റേഡിയോ ജോക്കി സായിമ, സാമൂഹിക പ്രവര്‍ത്തക സിദ്റ, മാധ്യമപ്രവര്‍ത്തക ഖുര്‍റത്തുല്‍ഐന്‍ റെഹ്ബര്‍, ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് അടക്കം നൂറുകണക്കിനു മുസ്ലിം സ്ത്രീകളെയാണ് ഇവരുടെ ചിത്രങ്ങള്‍ സഹിതം ആപ്പില്‍ വില്‍പനയ്ക്കു വച്ചിരിക്കുന്നത്.

സി.എ.എ വിരുദ്ധ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന മലയാളി വിദ്യാര്‍ത്ഥി നേതാക്കളായ ലദീദ സഖലൂനും ആയിഷ റെന്നയേയും ബുള്ളി ഭായ് ആപ്പില്‍ വില്‍പനയ്ക്ക് വെച്ചിരുന്നു. നേരത്തെ സുള്ളി ഡീല്‍സ് ആപ്പിലും ഇവരുടെ ചിത്രങ്ങള്‍ സഹിതം പ്രചരിച്ചിരുന്നു.

തിരിച്ചറിയാനാവാത്ത ചില ആളുകള്‍ ചേര്‍ന്ന് തന്റെ വ്യാജ ഫോട്ടോകള്‍ വെബ്‌പേജില്‍ അപ്ലോഡ് ചെയ്യുന്നുവെന്നും ഒപ്പം മോശം കമന്റുകള്‍ ഇടുന്നുവെന്നുമാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നത്. കമന്റുകള്‍ മുസ്‌ലിം വനിതകളെ അപമാനിക്കാന്‍ ലക്ഷ്യം വെച്ചുള്ളവയാണെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

‘മോശമായതും അംഗീകരിക്കാന്‍ പറ്റാത്തതുമായ സാഹചര്യത്തില്‍ എന്റെ മോര്‍ഫ് ചെയ്യപ്പെട്ട ഫോട്ടോ ഒരു വെബ്‌സൈറ്റില്‍ കണ്ടു. ഓണ്‍ലൈന്‍ ട്രോളുകള്‍ക്ക് ഞാന്‍ നിരന്തരം ഇരയാവാറുണ്ട്. ഇത് അത്തരം ചൂഷണത്തിന്റെ അടുത്ത ഘട്ടമായാണ് തോന്നുന്നത്.

എന്നെപ്പോലെ സ്വതന്ത്രരായ സ്ത്രീകളെയും മാധ്യമപ്രവര്‍ത്തകരെയും അപമാനിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പ്രവര്‍ത്തിയെന്ന് വ്യക്തമാണ്. അതിനാല്‍ ഇതില്‍ അടിയന്തര നടപടി വേണം.

‘ബുള്ളി ഭായ്’ എന്ന പേര് തന്നെ അപമാനിതമാണ്. ഈ വെബ്‌സൈറ്റിന്റെ കണ്ടന്റ് മുസ്‌ലിം സ്ത്രീകളെ അപമാനിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തമാണ്,” മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: I did the right thing, no regrets; The main accused in the Bulli Bhai case

We use cookies to give you the best possible experience. Learn more