തിരുവനന്തപുരത്ത് വെച്ച് നടന്ന യൂത്ത് കോണ്‍ഗ്രസിന്റെ ഒരു ക്യാമ്പില്‍ വെച്ച് അവരുടെ ഒരു പ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള മറുപടിയായി ഞാന്‍ സംസാരിച്ചതില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ സമീപ ദിവസങ്ങളില്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ചോദ്യത്തിനുള്ള ഉത്തരമായി ഞാന്‍ ഒന്ന് ചിരിച്ചതും ചില വാക്കുകള്‍ പറഞ്ഞതും ഒരു വിവാദ വിഷയമായിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു. ഇക്കാര്യത്തില്‍ എനിക്കുള്ള മറുപടിയായി കെ.ടി കുഞ്ഞിക്കണ്ണന്‍ ഡൂള്‍ന്യൂസില്‍ ലേഖനമെഴുതിയതും ശ്രദ്ധയില്‍പ്പെട്ടു.
ചില വിശദീകരണങ്ങള്‍ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. എന്തുകൊണ്ടെന്നാല്‍ കമ്മ്യൂണിസ്റ്റുകാര്‍ ദേശീയ പ്രസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല, അങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല. സോവിയറ്റ് റഷ്യ ഉണ്ടായതുകൊണ്ടും കമ്മ്യൂണിസ്റ്റുകാര്‍ ഉണ്ടായതുകൊണ്ടുമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് മാഷ് എങ്ങനെ പ്രതികരിക്കുന്നുവെന്ന ഒരാളുടെ ചോദ്യത്തിനുള്ള കേവല മറുപടി മാത്രമായിരുന്നു അത്.
ആ ചോദ്യം കേട്ടപ്പോള്‍ ഞാന്‍ ചിരിച്ചു. കാരണം അത് ചിരിക്കേണ്ട ഒരു വിഷയമാണ്. ശേഷം ഞാന്‍ ചോദിച്ചു സ്വാതന്ത്ര്യം കിട്ടിയെന്നത് കമ്മ്യൂണിസ്റ്റുകാര്‍ എന്നാണ് അംഗീകരിച്ചതെന്ന്. 1947 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യം കിട്ടിയത് അവര്‍ അംഗീകരിച്ചിട്ടില്ലല്ലോ. 1942ലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍ അവര്‍ പങ്കെടുത്തില്ലല്ലോ. അങ്ങനെ മൂന്നു നാല് വാക്യങ്ങളാണ് ഞാന്‍ പറഞ്ഞത്.
കോടിയേരി ബാലകൃഷ്ണന്‍
അത് ആ വിഷയത്തെ സംബന്ധിച്ച് ഞാന്‍ നടത്തിയ പ്രസംഗമോ പ്രബന്ധമോ ഒന്നും അല്ല. ഒരു ചോദ്യോത്തരവേളയിലെ പ്രതികരണമാണ്. അതു തന്നെയും ഞാന്‍ പറഞ്ഞ മുഴുവന്‍ വാക്കുകളും നിലവില്‍ വൈറലായിക്കഴിഞ്ഞ ആ വീഡിയോയില്‍ ഉണ്ടോ എന്നും എനിക്കറിയില്ല.
എത്രയോ കമ്മ്യൂണിസ്റ്റുകാര്‍ ആ പേരില്‍ അറിയപ്പെടുന്നതിന് മുമ്പ് തന്നെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാട്, എ.കെ ഗോപാലന്‍, പി. കൃഷ്ണപിള്ള അങ്ങനെ പില്‍ക്കാലത്ത് കമ്യൂണിസ്റ്റുകളായിരുന്ന എത്രയോ പേര്‍ ദേശീയപ്രസ്ഥാനത്തിലുണ്ടായിരുന്നു. മുഹമ്മദ് അബ്ദു റഹ്മാന്‍ സാഹിബ് കെ.പി.സി.സിയുടെ പ്രസിഡണ്ട് ആയിരിക്കുമ്പോള്‍ സെക്രട്ടറിയായിരുന്നു ഇ.എം.എസ് നമ്പൂതിരിപ്പാട്.
ഇ.എം.എസ്, എ.കെ.ജി, പി. കൃഷ്ണപിള്ള
ദേശീയ പ്രസ്ഥാനം ബ്രിട്ടീഷ് വിരുദ്ധ സമരം മാത്രമല്ല നടത്തിയിരുന്നത്. ഇവിടുത്തെ സാമൂഹ്യ നവോത്ഥാനം, ജന്മി വിരുദ്ധ സമരം എല്ലാം അതിന്റെ ഭാഗമായിരുന്നു. ജന്മി വിരുദ്ധ സമരത്തിലെ പ്രധാനപ്പെട്ട ഒരു നായകനാണ് പി. കൃഷ്ണപിള്ള. അദ്ദേഹമാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിച്ചതില്‍ പ്രധാനപ്പെട്ട ഒരാള്‍. അദ്ദേഹം ജാതിവിരുദ്ധസമരത്തില്‍ ഉണ്ട്, വൈക്കം സത്യാഗ്രഹത്തിലും ഉണ്ട്. 1931ലെ ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സമരത്തില്‍ പ്രധാനപ്പെട്ടയാളുകളില്‍ ഒരാള്‍ എ.കെ ഗോപാലനും മറ്റൊരാള്‍ പി കൃഷ്ണപിള്ളയുമാണ്.
1930ലെ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത ആളാണ് പി. കൃഷ്ണപിള്ള. അങ്ങനെ എന്തെല്ലാം ഉദാഹരണങ്ങള്‍, വി.ടി പ്രസ്ഥാനത്തില്‍ ഇ.എം.എസ് ഉണ്ടായിരുന്നു. ഇവര്‍ 1939ലാണ് കോണ്‍ഗ്രസിനകത്തുള്ള കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നു പറയുന്ന ബ്ലോക്ക് തീര്‍ത്ത് പിരിഞ്ഞുപോകുന്നത്. കമ്മ്യൂണിസ്റ്റുകാരാണ് അധികവും അതിനകത്തുണ്ടായിരുന്നത്.
സ്വാതന്ത്ര്യ സമരത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ ഒന്നും ചെയ്തിട്ടില്ല എന്ന് ചരിത്രത്തെപ്പറ്റി എന്തെങ്കിലും ധാരണയുള്ളവര്‍ പറയില്ല, ഞാന്‍ എന്തായാലും പറയില്ല. എന്റെ പ്രതികരണം കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റു വിരുദ്ധരുമൊക്കെ വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും യൂട്യൂബിലും വൈറലാക്കിയെന്ന് മാത്രമേയുള്ളൂ.
മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്
ഇ.എം.എസ്, എ.കെ ഗോപാലന്‍, കൃഷ്ണപിള്ള തുടങ്ങി അക്കാലത്തെ കമ്യൂണിസ്റ്റ് വിരുദ്ധരെല്ലാം ഇവിടെ ജന്മിവിരുദ്ധ സമരം നടത്തിയവരും ജാതിവിരുദ്ധ സമരം നടത്തിയവരും മുതലാളിത്തവിരുദ്ധ സമരം നടത്തിയവരും തൊഴിലാളി സമരം നയിച്ചവരും സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി സമരം ചെയ്തവരും ഒക്കെയാണ്. അതൊക്കെ ദേശീയപ്രസ്ഥാനമാണ്.
കാര്യം ഇത്രയേ ഉള്ളൂ സ്വാതന്ത്ര്യ സമരത്തില്‍ എല്ലാം ചെയ്തത് കമ്മ്യൂസ്റ്റുകാരാണ് എന്ന് കോടിയേരി ഉദ്ദേശിച്ചെങ്കില്‍ അത് തെറ്റാണ്. കമ്മ്യൂണിസ്റ്റുകാര്‍ ഒന്നും ചെയ്തിട്ടില്ല എന്ന് എന്റെ ആ ഒരു ചിരിയിലും രണ്ട് വാക്യങ്ങളിലും ആളുകള്‍ക്ക് തോന്നിയെങ്കില്‍ അതും തെറ്റാണ്.
കമ്മ്യൂണിസ്റ്റുകാര്‍ അവരെക്കൊണ്ടാവുന്ന പലതും കോണ്‍ഗ്രസിനകത്തും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കകത്തും കമ്മ്യൂസ്റ്റ് പാര്‍ട്ടിക്കകത്തും ചെയ്തിട്ടുണ്ട്. പിന്നെ അവരെക്കൊണ്ടാണ് സ്വാതന്ത്ര്യം കിട്ടിയത് എന്ന് കോടിയേരി പറഞ്ഞാലും കാരശ്ശേരി പറഞ്ഞാലും അത് ശരിയല്ല.
ദേശീയപ്രസ്ഥാനത്തിന്റെ കാലത്ത് സോഷ്യലിസ്റ്റുകള്‍, കമ്മ്യൂണിസ്റ്റുകാര്‍, കോണ്‍ഗ്രസുകാര്‍ അവരൊക്കെ അവരെക്കൊണ്ടാവുന്നപോലെ പല രംഗത്തും പ്രവൃത്തിച്ചിട്ടുണ്ട്. അത് എന്നെക്കൊണ്ടാവുന്നപോലെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഒരാളാണ് ഞാന്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: I did not mean Communist had not participated in Indian Freedom Struggle, says MN Karassery