ലിസ്ബന്‍: അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെക്കാള്‍ കൂടുതല്‍ ബാലണ്‍ദ്യോര്‍ പുരസ്‌കാരങ്ങള്‍ അര്‍ഹിക്കുന്നതു തനിക്കാണെന്ന് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഐ ടിവിയില്‍ പ്രശസ്ത കമന്റേറ്റര്‍ പിയേഴ്‌സ് മോര്‍ഗനുമായി നടത്തിയ അഭിമുഖത്തിലാണ് ക്രിസ്റ്റിയാനോ ഇക്കാര്യം പറഞ്ഞത്.
ഇതുവരെ മെസ്സിക്കും ക്രിസ്റ്റ്യാനോയ്ക്കും അഞ്ചുവീതം ബാലണ്‍ദ്യോര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോയ്ക്ക് 34-ഉം മെസ്സിക്ക് 32-ഉം വയസ്സാണുള്ളത്.
‘ഞങ്ങള്‍ 15 വര്‍ഷമായി ലോക ഫുട്‌ബോളിന്റെ ഭാഗമാണ്. മെസ്സിയും ഞാനും സുഹൃത്തുക്കള്‍ മാത്രമല്ല. ഞാന്‍ മികച്ചൊരു താരമാകാന്‍ അദ്ദേഹവും അദ്ദേഹം മികച്ചൊരു താരമാകാന്‍ ഞാനും സ്വാധീനിച്ചിട്ടുണ്ടെന്ന് എനിക്കറിയാം.
എങ്കിലും മെസ്സിയെക്കാളും കൂടുതല്‍ ബാലണ്‍ദ്യോര്‍ പുരസ്‌കാരങ്ങള്‍ നേടി ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരം എന്ന ബഹുമതിയോടെ വിരമിക്കണമെന്നാണ് എന്റെ ആഗ്രഹം.’- ക്രിസ്റ്റ്യാനോ പറഞ്ഞു.
മെസ്സി ഫുട്‌ബോള്‍ ചരിത്രത്തിലുണ്ട്. പക്ഷേ എനിക്ക് ആറോ ഏഴോ എട്ടോ അതിലധികമോ ബാലണ്‍ദ്യോര്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞാനത് ഇഷ്ടപ്പെടുന്നു. ഞാന്‍ അതര്‍ഹിക്കുന്നുവെന്നാണ് വിചാരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
റെക്കോഡുകളെ ഞാന്‍ തേടിപ്പോകാറില്ല. എന്നെത്തേടി അവയാണു വരാറ്. ഞാന്‍ വിജയത്തിന് അടിപ്പെട്ടിരിക്കുന്നു. അതൊരു മോശം കാര്യമാണെന്നു ഞാന്‍ വിചാരിക്കുന്നില്ല. അതാണെന്നെ പ്രചോദിപ്പിക്കുന്നത്.
നിങ്ങള്‍ക്കു ലക്ഷ്യമില്ലെങ്കില്‍ എല്ലാം അവസാനിപ്പിക്കുന്നതാണു നല്ലതെന്നും അദ്ദേഹം പറഞ്ഞു.