ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങുമായുള്ള അര്‍ജന്റൈന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസിയുടെ കരാര്‍ ഈ സീസണോടെ അവസാനിക്കുകയാണ്. കരാർ പുതുക്കാൻ പി.എസ്.ജി നേരത്തെ തയ്യാറെടുത്തിരുന്നെങ്കിലും വേൾഡ് കപ്പ് കഴിഞ്ഞ് നടപടി ക്രമങ്ങൾ പൂർത്തിയാക്കാമെന്നായിരുന്നു മെസി അറിയിച്ചിരുന്നത്.
അതേസമയം താരത്തിന്റെ മുൻ തട്ടകമായ ബാഴ്‌സലോണ എഫ്.സി അടക്കം നിരവധി ക്ലബ്ബുകൾ മെസിയെ സൈൻ ചെയ്യിക്കാൻ രംഗത്തെത്തിയിരുന്നു.
എന്നാൽ താരം തന്റെ തീരുമാനം വ്യക്തമാക്കിയിരുന്നില്ല. ഇപ്പോൾ ഖത്തർ വേൾഡ് കപ്പ് അവസാനിച്ച് അർജന്റീന ലോക ചാമ്പ്യന്മാരായതോടെ മെസി പി.എസ്.ജിയിൽ തന്നെ തുടരുമെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാനേജർ നാസർ അൽ ഖലൈഫി.
പി.എസ്.ജിയിൽ മെസി സന്തുഷ്ടനാണെന്നും താരം ക്ലബ്ബിൽ തുടരാൻ ആഗ്രഹിക്കുന്നെന്നുമാണ് ഖലൈഫി പറഞ്ഞത്.
‘പി.എസ.ജിയിൽ ലിയോ മെസി വളരെ സന്തുഷ്ടനാണെന്ന് ഞാൻ ആയിരം തവണ സ്ഥിരീകരിക്കുന്നു. ക്ലബ്ബിൽ തുടരാൻ താരം ആഗ്രഹിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഈ സീസണിൽ അദ്ദേഹം ഞങ്ങൾക്ക് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ദേശീയ ടീമിനും ക്ലബ്ബിനും വേണ്ടി അദ്ദേഹം ധാരാളം ഗോളുകളും അസിസ്റ്റുകളും നേടിയിട്ടുണ്ട്,’ ഖലൈഫി വ്യക്തമാക്കി.
എന്നാൽ മെസി ഇതുവരെ വിഷയത്തിൽ തന്റെ തീരുമാനം അറിയിച്ചിട്ടില്ല. ഈ സീസണിൽ ലീഗ് വണ്ണിൽ ഇതുവരെ ഏഴ് ഗോളുകളും 10 അസിസ്റ്റുകളുമാണ് മെസിയുടെ അക്കൗണ്ടിലുള്ളത്.
അതേസമയം, ലോകകപ്പില്‍ നിന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായ ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ തിങ്കളാഴ്ച പി.എസി.ജിയില്‍ പരിശീലനത്തിനിറങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
മെസി ലോകചാമ്പ്യനായപ്പോള്‍ ഖത്തര്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ ഫ്രഞ്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയും പി.എസ്.ജിയുടെ അമൂല്യ നിധിയാണ്.