ബി.ജെ.പിയില്‍ തനിക്ക് നീതി ലഭിക്കുന്നില്ല എന്ന ശോഭസുരേന്ദ്രന്റെ വെളിപ്പെടുത്തലുകളോട് താന്‍ നൂറ് ശതമാനം യോജിക്കുന്നതായി നടനും സംവിധായകനും സംഘപരിവാര്‍ അനുഭാവിയുമായ മേജര്‍ രവി. മോദി അധികാരത്തിലിരിക്കുന്നത് കൊണ്ട് എന്തെങ്കിലും ഗുണം കിട്ടുമെന്ന പ്രതീക്ഷയില്‍ ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുള്ള കുറേ ആളുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് 18 ചാനല്‍ ഇന്നലെ നടത്തിയ പ്രൈംഡിബേറ്റില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു മേജര്‍ രവി. കഴിഞ്ഞ ദിവസം ന്യൂസ് 18 ചാനലിന്റെ ക്യു18 എന്ന പ്രത്യേക അഭിമുഖത്തിലാണ് ശോഭ സുരേന്ദ്രന്‍ താന്‍ കേരളത്തില്‍ ബി.ജെ.പിയില്‍ നേരിടുന്ന അനീതികളെ കുറിച്ച് തുറന്നു പറഞ്ഞത്.
‘ ശോഭ സുരേന്ദ്രന്റെ സ്‌റ്റേറ്റ്‌മെന്റ് ഞാന്‍ കേട്ടു. ശോഭ പറയുന്നതിനോട് ഞാന്‍ നൂറ് ശതമാനം യോജിക്കുന്നു. ഞാന്‍ പാര്‍ട്ടി മെമ്പറല്ലെങ്കിലും വളരെ കാലമായി ആ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ഇന്നും അതിനോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ്. പലരും പാര്‍ട്ടിയില്‍ വരികയും പോകുകയും ചെയ്യുന്നുണ്ട്. മോദി അധികാരത്തിലിരിക്കുന്നത് കൊണ്ട് എന്തെങ്കിലും ഗുണം ലഭിക്കാന്‍ വേണ്ടി പാര്‍ട്ടിയില്‍ ചേര്‍ന്ന കുറേ അധികം ആളുകളുമുണ്ട്. അവരെയെല്ലാം ചേര്‍ത്ത് നിര്‍ത്തുകയും സ്റ്റേജില്‍ സ്ഥാനം കൊടുക്കുകയും ചെയ്യുന്നുണ്ട് സംസ്ഥാന പ്രസിഡണ്ടായ വ്യക്തി.
എന്റെ കാര്യം വിട്ടേക്കാം. ശോഭ സുരേന്ദ്രന്‍ ബി.ജെ.പിയെ സംബന്ധിച്ച് ചെറിയ വ്യക്തിയല്ല. ആറ്റിങ്ങലിലും പാലക്കാടും അവരത് തെളിയിച്ചിട്ടുണ്ട്. ഷാഫി പറമ്പിലിനോട് മത്സരിച്ച് രണ്ടാം സ്ഥാനത്ത് എത്തുക എന്നതിനെ അംഗീകരിക്കാതിരിക്കാനാകില്ല.
നമുക്ക് ഇവിടെ ഒരു കേന്ദ്രമന്ത്രിയുണ്ട്. വി. മുരളീധരനെ കുറിച്ചാണ് ഞാന്‍ പറയുന്നത്. അദ്ദേഹത്തിന് ഇതില്‍ ഇടപെടാനാകില്ലേ. അദ്ദേഹം ഇതില്‍ ഇടപെടണം. മാറി നില്‍ക്കുന്നവരെ കൂടെ നിര്‍ത്താനുള്ള തന്ത്രങ്ങളെല്ലാം അദ്ദേഹത്തിനറിയാം. എന്ത് കൊണ്ട് അദ്ദേഹമിത് ചെയ്തില്ല എന്നാണ് ഞാന്‍ ചോദിക്കുന്നത്.
പാര്‍ട്ടിയില്‍ വരുന്ന എല്ലാവര്‍ക്കും സ്ഥാനമാനങ്ങള്‍ കൊടുക്കാന്‍ കഴിയില്ല എന്ന് സംസ്ഥാന പ്രസിഡന്റ് പറഞ്ഞതിനെ ഞാന്‍ അംഗീകരിക്കുന്നു. രാജസേനനോ ഭീമന്‍രഘുവോ പാര്‍ട്ടിയില്‍ നിന്ന് പോയാലും വലിയ ചലനമൊന്നും ഉണ്ടാക്കില്ല. എന്നാല്‍ ശോഭ സുരേന്ദ്രനെ പോലെ എത്രയോ കാലമായി ഈ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിക്ക് ഇതുപോലൊരു അനുഭവം വന്നത് സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകേടായിട്ടാണ് ഞാന്‍ കാണുന്നത്,’ മേജര്‍ രവി പറഞ്ഞു.
content highlights: I completely agree with Shobha Surendran saying that there is no justice in BJP; Major Ravi