ബോർഡർ-ഗവാസ്ക്കർ ട്രോഫിയിൽ രണ്ട് മത്സരങ്ങൾ വിജയിച്ച് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. 2-1 എന്ന മാർജിനിലാണ് ടെസ്റ്റ് പരമ്പര ഇന്ത്യൻ ടീം വിജയിച്ചത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് ഇന്ത്യൻ ടീം യോഗ്യത നേടുകയായിരുന്നു.
പരമ്പര വിജയത്തിന് പിന്നാലെ ന്യൂസിലാൻഡ് ശ്രീലങ്കയെ തകർത്തതോടെയാണ് ഇന്ത്യൻ ടീമിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാൻ അവസരം ലഭിച്ചത്. ഓസ്ട്രേലിയയെ തന്നെയാണ് ടീം ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എതിരിടുക.
എന്നാൽ ടെസ്റ്റ് മത്സരത്തിൽ തനിക്ക് നേരെ ഉയർന്ന പ്രതിഷേധങ്ങൾക്കെതിരെ തമാശ രൂപത്തിൽ അശ്വിൻ ചെയ്ത ഒരു വീഡിയോയിപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്.
മൂന്നാം ടെസ്റ്റിൽ ടീം ഇന്ത്യ പരാജയപ്പെട്ടതോടെയാണ് ‘ഇന്ത്യയുടെ സ്പിന്നിനെതിരെ എങ്ങനെ കളിക്കാം’ എന്ന അശ്വിൻ യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉണ്ടായത്. ഓസീസിനെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റുകൾ പുഷ്പം പോലെ വിജയിച്ച ടീം ഇന്ത്യക്കാണ് മൂന്നാം ടെസ്റ്റിൽ വലിയ രീതിയിലുള്ള തിരിച്ചടി സംഭവിച്ചത്.
എന്നാൽ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ടീം പരാജയപ്പെട്ടതിന് പിന്നാലെ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കെതിരെ ഒരു വീഡിയോയിലൂടെ തന്നെ മറുപടി നൽകുകയായിരുന്നു ആർ.അശ്വിൻ.
“ഞങ്ങൾ ഇൻഡോർ ടെസ്റ്റിൽ പരാജയപ്പെട്ടപ്പോൾ ആളുകൾ എന്റെ വീഡിയോക്കടിയിൽ രൂക്ഷമായ ഭാഷയിലുള്ള കമന്റുകൾ രേഖപ്പെടുത്താൻ തുടങ്ങി. ഞാനാണ് ഇന്ത്യക്കെതിരെ എങ്ങനെ വിജയിക്കാം എന്ന് ഓസ്ട്രേലിയക്ക് പറഞ്ഞുകൊടുത്തത് എന്നായിരുന്നു അവരുടെ ആരോപണം.
ഇന്ത്യയുടെ തകർച്ചക്ക് ഞാൻ കാരണമായി എന്നവർ പറഞ്ഞു. ഒരു വീഡിയോ കൊണ്ട് എങ്ങനെ ഒരു ടീമിനെ മൊത്തം പരിശീലിപ്പിക്കാനാകും,’ ആർ.അശ്വിൻ പറഞ്ഞു.
“ആ കമന്റുകളെ തമാശ രൂപത്തിൽ മാത്രമാണ് ഞാൻ കാണുന്നത്. ഞാൻ എത്രമാത്രം നല്ല കോച്ചാണെന്നതിലും ഒരു ടീമിനെ ഒറ്റ വീഡിയോകൊണ്ട് ഒരു ടെസ്റ്റ് മത്സരം വിജയിപ്പിച്ചതിലും എനിക്ക് അഭിമാനമുണ്ട്,’ ആർ.അശ്വിൻ പരിഹാസ രൂപത്തിൽ കൂട്ടിച്ചേർത്തു.