പലരും തന്നെ പ്രതിരോധത്തിന്റെ അടയാളമായി നിലനിര്‍ത്താന്‍ ശ്രമിച്ചെന്ന് ഇറോ ഷര്‍മിള
Daily News
പലരും തന്നെ പ്രതിരോധത്തിന്റെ അടയാളമായി നിലനിര്‍ത്താന്‍ ശ്രമിച്ചെന്ന് ഇറോ ഷര്‍മിള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th August 2016, 4:19 pm

ഇംഫാല്‍: തന്നെ മണിപ്പൂരിന്റെ ഉരുക്കുവനിതയെന്നു വിശേഷിപ്പിച്ചവരോട് താനും ഒരു മനുഷ്യസ്ത്രീയാണെന്ന തുറന്നുപറച്ചിലുമായി ഇറോം ഷര്‍മിള. പലരും തന്നെ രക്തസാക്ഷിയാക്കാനും പ്രതിരോധത്തിന്റെ അടയാളമായി നിലനിര്‍ത്താനും ശ്രമിച്ചു. വിവാഹം സമൂഹത്തോടു പൊരുത്തപ്പെട്ടശേഷം മാത്രമേ ഉണ്ടാകൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മനോരമ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇറോം ശര്‍മിള ഇക്കാര്യം വ്യക്തമാക്കിയത്.

ഞാന്‍ ഒരു മനുഷ്യസ്ത്രീയാണെന്ന് അവര്‍ക്കു മനസ്സിലായിട്ടില്ല, നിരാഹാരം അവസാനിപ്പിക്കുന്നതു പൊതുവെ സ്വാഗതം ചെയ്യുമെന്നു കരുതി. പൊതുസമൂഹത്തെ മനസിലാക്കുന്നതില്‍ പിഴവുകള്‍ പറ്റിയെന്നും ഇറോം പറഞ്ഞു.

പൗരാവകാശ സംരക്ഷണത്തിനും മണിപ്പൂരിലെ പ്രത്യേക സൈനിക നിയമം എടുത്തുകളയുന്നതിനുമായി 16 വര്‍ഷം തുടര്‍ന്ന ഐതിഹാസിക സമരം ഇറോം ഇന്നലെ അവസാനിപ്പിച്ചിരുന്നു.

2000 നവംബര്‍ അഞ്ചിനായിരുന്നു ഇറോം ഷര്‍മിള നിരാഹാര സമരം ആരംഭിച്ചത്. ഇംഫാല്‍ വിമാനത്താവളത്തിനു സമീപം അസം റൈഫിള്‍സ് നടത്തിയ വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് അവര്‍ നിരാഹാരം ആരംഭിച്ചത്.