| Thursday, 30th December 2021, 12:20 pm

പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെ, ചിലര്‍ എഴുതിയ കഥയ്ക്കനുസരിച്ച് അഭിനയിക്കാനില്ല: എസ്. രാജേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വീഴ്ചയില്‍ സി.പി.ഐ.എമ്മില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടിയില്‍ പ്രതികരണവുമായി ദേവികുളം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍. സി.പിഐ.എമ്മുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നതായി രാജേന്ദ്രന്‍ പറഞ്ഞു.

പാര്‍ട്ടി അന്വേഷണത്തില്‍ താന്‍ വിശദീകരണം നല്‍കിയില്ലെന്ന് പറയുന്നത് തെറ്റാണെന്നും ദേവികുളം എം.എല്‍.എ രാജയെ തോല്‍പ്പിക്കാന്‍ ചായക്കടയില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്ന് പറയുന്ന പാര്‍ട്ടി കമ്മീഷന്റെ കണ്ടെത്തല്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

‘ചായക്കടയില്‍വെച്ച് ആരെങ്കിലും ഗൂഢാലോചന നടത്തുമോ? ചായക്കട എന്താ സ്വന്തമായി എടുത്തിരിക്കുകയാണോ?,’ രാജേന്ദ്രന്‍ ചോദിച്ചു.

ആരെങ്കിലും കഥയെഴുതുന്നതിന് അനുസരിച്ച് അഭിനയിക്കാനറിയില്ല. തനിക്കെതിരെ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് കാണിച്ച് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. അതില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സി.പി.ഐ.എം ജില്ലാ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ നടപടിയെ കുറിച്ച് പാര്‍ട്ടിയില്‍ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പുറത്താക്കുകയാണെങ്കില്‍ പുറത്താക്കട്ടെയെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

രാജേന്ദ്രനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാണ് ജില്ലാ കമ്മിറ്റി ശിപാര്‍ശ നല്‍കിയിട്ടുള്ളത്. രണ്ടംഗ കമ്മീഷന്റെ അന്വേഷണത്തില്‍ രാജേന്ദ്രന്‍ കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അന്തിമ തീരുമാനം സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്.

തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു രാജേന്ദ്രനെതിരെ പാര്‍ട്ടിയുടെ ജില്ലാ നേതൃത്വം രംഗത്തെത്തിയത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ അഡ്വ. എ. രാജക്കെതിരെ രാജേന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചു എന്നായിരുന്നു പ്രധാന ആരോപണം.

അതിന്റെ അടിസ്ഥാനത്തിലായിരുന്നു പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. വോട്ട് മറിക്കാന്‍ രാജേന്ദ്രന്റെ ഭാഗത്തുനിന്നും പല ശ്രമങ്ങളും ഉണ്ടായെന്നും പാര്‍ട്ടി കണ്ടെത്തിയിരുന്നു. ദേവികുളം മണ്ഡലത്തില്‍ കുറഞ്ഞത് 10000 വോട്ടുകളുടെയെങ്കിലും ഭൂരിപക്ഷത്തില്‍ രാജ ജയിക്കുമെന്നായിരുന്നു സി.പി.ഐ.എം ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

പക്ഷേ ഭൂരിപക്ഷം 7000ത്തിലേക്ക് കുറഞ്ഞു. രാജേന്ദ്രനടക്കം സ്വാധീനമുള്ള പല പ്രദേശങ്ങളിലും പാര്‍ട്ടിക്ക് വോട്ട് കുറഞ്ഞെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ജനുവരി മൂന്ന്, നാല്, അഞ്ച് ദിവസങ്ങളില്‍ പാര്‍ട്ടിയുടെ ജില്ലാ സമ്മേളനം നടക്കാനിരിക്കുകയാണ്. സമ്മേളനത്തില്‍ വിഷയം ചര്‍ച്ചയാകും. അതിന് ശേഷം വിഷയം സംസ്ഥാന നേതൃത്വത്തിന് കൈമാറും. സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നെന്ന ആരോപണം ശക്തമായതോടെയാണ് രാജേന്ദ്രനും പാര്‍ട്ടി നേതൃത്വവുമായുള്ള അസ്വാരസ്യം ശക്തമായത്.

ജില്ലാ കമ്മിറ്റി അംഗമായ രാജേന്ദ്രന്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തത് പാര്‍ട്ടി വിരുദ്ധമാണെന്നും ഇങ്ങനെ ഉള്ള ആളുകളെ ചുമക്കേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി സംസ്ഥാന സെക്രട്ടേറിയറ്റംഗമായ എം.എം. മണി പരസ്യമായി രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി.

രാജേന്ദ്രനെപോലുള്ളവര്‍ പാര്‍ട്ടി വിട്ടു പോയാലും പ്രശ്നമില്ലെന്നും രാജേന്ദ്രന് എല്ലാം നല്കിയത് പാര്‍ട്ടിയാണെന്നും ഇപ്പോള്‍ ഇങ്ങനെ ഓരോന്ന് ചെയ്യുന്നതിന് പണികിട്ടുമെന്നും മറയൂര്‍ ഏരിയ സമ്മേളനത്തില്‍ എം.എം. മണി തുറന്നടിച്ചിരുന്നു.

മറ്റൊരു പാര്‍ട്ടിയിലേക്കും പോകാനില്ലെന്നും തന്നെ പുറത്താക്കുമെന്ന് എം.എം. മണി പരസ്യമായി പറഞ്ഞത് ശരിയായില്ലെന്നുമായിരുന്നു ഇതിന് രാജേന്ദ്രന്‍ നല്‍കിയ മറുപടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: I cant’ act according to the story written by someone: s. Rajendran

We use cookies to give you the best possible experience. Learn more