ജിസം 2 കണ്ടപ്പോള്‍ കരഞ്ഞത് എന്തിന്? സണ്ണി ലിയോണ്‍ പറയുന്നു
Dool Talk
ജിസം 2 കണ്ടപ്പോള്‍ കരഞ്ഞത് എന്തിന്? സണ്ണി ലിയോണ്‍ പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th August 2012, 10:13 pm


ഫേസ് ടു ഫേസ്/സണ്ണി ലിയോണ്‍
മൊഴിമാറ്റം/ജിന്‍സി ബാലകൃഷ്ണന്‍


പൂജാഭട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ജിസം 2 വെന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ഭാഗ്യപരീക്ഷണത്തിനിറങ്ങിയിരിക്കുകയാണ് നടി സണ്ണി ലിയോണ്‍. സണ്ണിയുടെ സാന്നിധ്യം കൊണ്ടുതന്നെ ജിസം 2 ഇതിനകം ഏറെ ശ്രദ്ധക്കഴിഞ്ഞു. ബിഗ് ബോസിലൂടെ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കും പിന്നീട് അതിലൂടെ ജിസം 2വിലേക്കും എത്തിപ്പെട്ട നടിയാണ് സണ്ണി.[]

ജിസം 2 പുറത്തിറങ്ങിക്കഴിഞ്ഞു. ആദ്യദിനം തന്നെ ഏഴരക്കോടിയോളം ചിത്രം നേടുകയും ചെയ്തു. സണ്ണി ലിയോണ്‍ എന്ന താരത്തിന്റെ സാന്നിധ്യം ഇതിന് ഏറെ സഹായിച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല.

അശ്ലീല നടിയെന്ന നിലയില്‍ ഒതുക്കി നിര്‍ത്തപ്പെട്ട സണ്ണി ആദ്യ ചിത്രത്തിലൂടെ തന്നെ ബോളിവുഡില്‍ വന്‍ നേട്ടമാണ് കൊയ്തിരിക്കുന്നത്. ജിസം 2 വിനെക്കുറിച്ചും ഭാവി സിനിമാ മോഹങ്ങളെക്കുറിച്ചും സണ്ണി പറയുന്നു…

ബോളിവുഡില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ എന്ത് തോന്നുന്നു?

വളരെ നല്ല അനുഭവം. ഇവിടെ എന്റെ ആദ്യചിത്രമാണിത്. ചിത്രം തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇതുവരെ കണ്ടതില്‍ നിന്നും ഏറെ വ്യത്യസ്തമായ ഈ ചിത്രത്തെ ആളുകള്‍ എങ്ങനെയാണ് സ്വീകരിക്കുകയെന്നറിയാനുള്ള ആകാംഷയിലാണ് ഞാന്‍.

അതായത് കാണികള്‍ക്കായി ഒരു ട്വിസ്റ്റ് ഒരുക്കിയിട്ടുണ്ടെന്നല്ലേ?

ഈ കഥ വളരെ നന്നായാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഇതൊരു പ്രണയ കഥയാണ്. ഇതിനെക്കുറിച്ച് ആളുകള്‍ക്കിടയില്‍ ഒരുപാട് തെറ്റുദ്ധാരണകളുണ്ട്. അതാണ് ഈ ചിത്രം തിരുത്താന്‍ പോകുന്നത്.

ജിസം 2വിന്റെ പ്രചരണത്തിന് ചിത്രത്തിലെ സണ്ണിയുടെ സാന്നിധ്യം ഏറെ ഗുണം ചെയ്തിട്ടുണ്ട്. ചിത്രത്തിന് ഏറെ പബ്ലിസിറ്റി ലഭിക്കുകയും ചെയ്തു. ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?

(ചിരിക്കുന്നു) എന്താണ് തോന്നുന്നതെന്ന് എനിക്ക് പറയാനാവുന്നില്ല. എന്റെ ജോലി നന്നായി ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടയാണെന്ന് മാത്രമേ എനിക്ക് അതിനെക്കുറിച്ച് പറയാനുള്ളൂ.  ഈ ചിത്രം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു, ജിസം 2 പൊലൊരു വലിയ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞു. ഈ ചിത്രത്തിന് കിട്ടിയ പബ്ലിസിറ്റി, ആളുകളുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം വളരെ വലുതാണ്. അതില്‍ ഞാന്‍ സന്തുഷ്ടയുമാണ്.

ബിഗ് ബോസില്‍ വരുന്ന സമയത്ത് ഈ നിലയിലൊക്കെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ചെറുതായിട്ട് പോലും. ഈ ലോകത്തിന്റെ (സിനിമാ) ഭാഗമാകാന്‍ ഞാനും ആഗ്രഹിച്ചിരുന്നു. എന്നാല്‍ എന്തെങ്കിലും ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചില്ല. എന്നാല്‍ ഭട്ട് സാബ് (മഹേഷ് ഭട്ട്) ബിഗ് ബോസിലെത്തുകയും എന്നെ കാണുകയും ചെയ്തതോടെ ഞാന്‍ ഈ നിലയില്‍ എത്തി.

സംവിധായികയെന്ന നിലയില്‍ പൂജഭട്ടിനെക്കുറിച്ച് എന്താണഭിപ്രായം? കഥാപാത്രത്തിന്റെ പൂര്‍ണതയുടെ കാര്യം പറഞ്ഞ് പൂജ നിങ്ങളുടെ ഉറക്കം കെടുത്തിയോ?

എന്താണ് വേണ്ടിയിരുന്നത് അത് അവര്‍ എന്നെക്കൊണ്ട് ചെയ്യിച്ചു. ഞാന്‍ കഴിഞ്ഞദിവസം ജിസം 2 കണ്ടു. ചിത്രീകരണ സമയത്ത് എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പോലും മനസിലാവാത്ത ചില സീനുകളുണ്ടായിരുന്നു. പക്ഷേ ചിത്രം കണ്ടപ്പോള്‍ എന്റെ അവ്യക്തതകളെല്ലാം മാറി. എല്ലാ കാര്യങ്ങളും പെര്‍ഫെക്ട് ആക്കണമെന്നായിരുന്നു അവരുടെ മനസില്‍. ഈ ചിത്രത്തിന് വേണ്ടി അവര്‍ ഒരുപാട് സമയം ചിലവഴിച്ചിട്ടുണ്ട്. സിനിമ കുറ്റമറ്റതാണെന്ന് അവര്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്.

ജിസം 2 കണ്ടപ്പോള്‍ സണ്ണിയുടെ കണ്ണ് നിറഞ്ഞെന്ന് കേട്ടു. അതിനെക്കുറിച്ച്?

ഞങ്ങള്‍ക്കെല്ലാവര്‍ക്കും അവിശ്വസനീയമായ ഒരു നിമിഷമായിരുന്നു അത്. ആളുകള്‍ എന്ത് കരുതുമെന്ന് കരുതി എനിക്ക് കരയാതിരിക്കാനാവില്ല. എനിക്ക് എന്റെ കുടുംബത്തോടൊപ്പം ഇരുന്ന് കാണാന്‍ പറ്റിയ ഒരു ചിത്രം ചെയ്യാന്‍ കഴിഞ്ഞ എന്ന സന്തോഷത്തിലാണ് കണ്ണുകള്‍ നിറഞ്ഞുപോയത്. എനിക്കൊപ്പം ഇരുന്ന് എന്റെ ഭര്‍ത്താവും ചിത്രം കണ്ടു. ഒരു സിനിമ പൂര്‍ത്തിയാക്കിയെന്ന് പറയാനായി ഞാന്‍ എന്റെ അച്ഛനമ്മമാരെ വിളിച്ചു.

ഹിന്ദി സംസാരം എങ്ങനെയുണ്ടായിരുന്നു. നിങ്ങള്‍ക്ക് ഹിന്ദിയില്‍ ഒരു വാക്ക് പോലും അറിയില്ലയെന്ന് ആളുകള്‍ക്ക് മനസിലാകുമോ?

എന്നെ സംബന്ധിച്ച് തീര്‍ത്തും ഒരു പുതിയ ഭാഷയായിരുന്നു ഹിന്ദി. ഒരു ഭാഷ പഠിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. ഹിന്ദിയിലുള്ള സ്‌ക്രിപ്റ്റ് മുഴുവന്‍ പഠിച്ച് അതിന്റെ മേലെ വര്‍ക്ക് ചെയ്യുകയെന്നത് വലിയ ബുദ്ധിമുട്ടായിരുന്നു.

ജിസം 2വില്‍ എന്ത് പ്രതീക്ഷയാണ് വച്ചുപുലര്‍ത്തുന്നത്?

ആളുകള്‍ക്ക് ഇത് ഇഷ്ടമാകുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ആളുകള്‍ക്ക് ഇത് ഇഷ്ടപ്പെടുന്നതിലാണ് കാര്യം. എനിക്കിത് ഇഷ്ടമായി. എന്റെ ഭര്‍ത്താവിനും. പക്ഷെ പ്രേക്ഷകര്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ വലിയ പ്രശ്‌നമാവും. എല്ലാവരും ആദ്യം ഇത് പോയി കണ്ട് ഒരിക്കല്‍ കൂടി കാണണമെന്നാഗ്രഹിച്ച് തിയ്യേറ്ററില്‍ എത്തണമെന്നാണ് എന്റെ ആഗ്രഹം.

പ്രേക്ഷകര്‍ ഈ ചിത്രത്തെ സ്വീകരിച്ചുവെന്നാണ് തോന്നുന്നത്. അതുകൊണ്ടുതന്നെ ഇനിയുള്ള അഞ്ച് വര്‍ഷം ബോളിവുഡില്‍ എങ്ങനെ തുടരാനാണ് ആഗ്രഹം?

എനിക്ക് യാതൊരു പദ്ധതിയുമില്ല. ഇവിടെ ഒരുപാടാളുകളുണ്ട്. എന്നാല്‍ ആദ്യ സിനിമയിലൂടെ തന്നെ ഇത്രവലിയ നേട്ടം കൊയ്ത ആരെയുമറിയില്ല. അഭിനയം നമ്മള്‍ പഠിച്ചെടുക്കുന്നതാണ്. അവള്‍ നല്ലൊരു നടിയാണെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കുന്ന തരത്തിലുള്ളതാണ് എന്റെ ആദ്യം ചിത്രം. നല്ല നടിയാവാന്‍ ഇനിയും ഒരുപാട് പഠിക്കാനുണ്ട്. അതിനുവേണ്ടിയുള്ള ശ്രമമായിരിക്കും ഇനിയും നിമിഷങ്ങള്‍.

കടപ്പാട്: സീന്യൂസ്.കോം