| Monday, 6th May 2019, 12:50 pm

'ഒന്നും പറയാനാവില്ല, എല്ലാം വോട്ടര്‍മാരുടെ കയ്യിലാണ്' ; ലക്‌നൗവിന്റെ കാര്യത്തില്‍ ഒട്ടും ആത്മവിശ്വാസമില്ലാതെ രാജ്‌നാഥ് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ലക്‌നൗവിന്റെ കാര്യത്തില്‍ തനിക്ക് ഒന്നും പ്രവചിക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ലക്‌നൗവില്‍ വോട്ടു രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് ഒന്നും പ്രവചിക്കാന്‍ കഴിയില്ല. തീരുമാനം ഞാന്‍ ലക്‌നൗവിലെ വോട്ടര്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നു.’ എന്നാണ് അദ്ദേഹം പറഞ്ഞത്.

ലക്‌നൗവില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാണ് രാജ്‌നാഥ് സിങ്. ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യയായ പൂനം സിന്‍ഹയാണ് ഇവിടെ രാജ്‌നാഥ് സിങ്ങിന്റെ എതിരാളി.

നടികൂടിയായ പൂനം സിന്‍ഹ കഴിഞ്ഞമാസമാണ് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. എസ്.പിക്ക് ഇതുവരെ ജയിക്കാന്‍ കഴിയാത്ത മണ്ഡലമാണിത്.

1991 മുതല്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കുന്ന മണ്ഡലമാണ് ലക്‌നൗ. 91 മുതല്‍ 2009 വരെ വാജ്‌പേയിയാണ് ഇവിടെ മത്സരിച്ചത്. 2014ലാണ് രാജ്‌നാഥ് സിങ് ലക്‌നൗവില്‍ ആദ്യമായി മത്സരിച്ചത്. റീത്ത ബഹുഗുണ ജോഷിയെയാണ് രാജ്‌നാഥ് സിങ് അന്ന് പരാജയപ്പെടുത്തിയത്. അവരിപ്പോള്‍ ബി.ജെ.പിയിലാണ്.

‘ആരെയാണ് വേണ്ടതെന്ന് തെരഞ്ഞെടുക്കാനുള്ള പൂര്‍ണ അവകാശം ജനങ്ങള്‍ക്കുണ്ട്. എന്തു തന്നെയായാലും പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകും.’ എന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

യു.പിയില്‍ ഇന്ന് തെരഞ്ഞെടുപ്പു നടക്കുന്ന 14 സീറ്റുകളില്‍ 12 ഇടങ്ങളും കഴിഞ്ഞതവണ ബി.ജെ.പി വിജയം നേടിയ സീറ്റുകളാണ്. രാഹുല്‍ ഗാന്ധി മത്സരിച്ച അമേഠിയും സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലുമാണ് ബി.ജെ.പിക്ക് തോല്‍വി നേരിടേണ്ടി വന്നത്.

We use cookies to give you the best possible experience. Learn more