| Thursday, 24th February 2022, 2:52 pm

എനിക്ക് വേഷങ്ങള്‍ കിട്ടാത്തതിന് സിനിമയെ കുറ്റം പറയാന്‍ പറ്റില്ല, എന്നെത്തന്നെ കുറ്റം പറയണം: മഞ്ജു പിള്ള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ എസ്.പി. പിള്ളയുടെ കൊച്ചുമകള്‍ എന്ന നിലയിലാണ് മഞ്ജു പിള്ള മലയാള സിനിമയിലേക്കെത്തുന്നത്. എന്നാല്‍ സിനിമയില്‍ വന്ന സമയത്ത് നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിനായിരുന്നില്ല.

എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറമെത്തുമ്പോള്‍ മഞ്ജു പിള്ള എന്ന നായിക മലയാള സിനിമയില്‍ തന്റേതായ ഒരു ഇരിപ്പിടം ഉറപ്പിച്ചിട്ടുണ്ട്. ഒരുപിടി നല്ല കഥാപാത്രങ്ങളുമായാണ് താരം ഇന്ന് സിനിമാ മേഖലയില്‍ നില്‍ക്കുന്നത്.

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെയും വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട മോഹനവല്ലിയായി താരം വളര്‍ന്നു.

‘ഹോം’ എന്ന സിനിമയില്‍ കുട്ടിയമ്മ എന്ന കഥാപാത്രത്തെ ആരും അത്ര പെട്ടെന്ന് മറക്കില്ല. പ്രേക്ഷകര്‍ക്കിടയില്‍ അത്രത്തോളം സ്വാധീനം ചെലുത്താന്‍ കഴിഞ്ഞൊരു കഥാപാത്രം കൂടിയായിരുന്നു അത്.

സിനിമ ഇറങ്ങിയതിന് ശേഷം നിരവധി പേരാണ് മഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിയത്. താരത്തിന്റെ അഭിനയവും മേക്കോവറുമെല്ലാം ചര്‍ച്ചയായിരുന്നു. കുട്ടിയമ്മ എന്ന കഥാപാത്രത്തേയും തന്റെ കരിയറിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് താരമിപ്പോള്‍. ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങള്‍ പങ്കുവെക്കുന്നത്.

മുത്തച്ഛന്‍ മലയാള സിനിമയിലെ പേര് കേട്ട നടനായിരുന്നിട്ടും തനിക്ക് വേഷങ്ങള്‍ കിട്ടാതിരുന്നത് തന്റെ പ്രശ്‌നം കൊണ്ടാണെന്ന് പറയുകയാണ് താരം.

‘എനിക്ക് വേഷങ്ങള്‍ കിട്ടാത്തിന് സിനിമയെ കുറ്റം പറയാന്‍ പറ്റില്ല. എന്നെത്തന്നെ കുറ്റം പറയണം. മോളുടെ ഒരു പ്രായം അതായിരുന്നു. സുജിത്തും തിരക്കായിരുന്നു. രണ്ടുപേരും ബിസിയായാല്‍ മോളെ ഒരു ആയയെ ഏല്‍പ്പിച്ച് പോകാനുള്ള താല്‍പര്യം എനിക്കില്ലായിരുന്നു. ഡേവിഡ് ആന്‍ഡ് ഗോലിയാത്തും, വെള്ളിമൂങ്ങയും ഉള്‍പ്പടെ വേണ്ടെന്ന് വെച്ചു. ശ്രീബാല ചെയ്ത ലൗ 24*7ല്‍ ഒരു വേഷം ചെയ്തു. മൂന്ന് ദിവസത്തെ ഷൂട്ടേയുണ്ടായിരുന്നുള്ളു. അടൂര്‍ സാറിന്റെ നാല് പെണ്ണുങ്ങള്‍, എം.പി. സുകുമാരന്‍ നായര്‍ സാറിന്റെ രാമാനം, ഫറൂഖ് അബ്ദുള്‍ റഹ്മാന്റെ കളിയച്ഛന്‍ അങ്ങനെ നാലഞ്ച് സിനിമകളെ കഴിഞ്ഞ പത്തുവര്‍ഷത്തിനിടക്ക് ഞാന്‍ ചെയ്തിട്ടുള്ളൂ. മകള്‍ ദയ വലുതായി, പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഞാന്‍ ഇനി വീണ്ടും സജീവമായി അഭിനയിക്കാന്‍ തുടങ്ങുന്നു,’ മഞ്ജു പറയുന്നു.

‘ഹോം’ എന്ന സിനിമ തന്ന ഇംപാക്ട് ഒന്നുരണ്ട് വര്‍ഷമെങ്കിലും താന്‍ കാത്തുസൂക്ഷിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഹോം തന്ന ഒരു ഇംപാക്ട് ഒന്നുരണ്ട് വര്‍ഷമെങ്കിലും ഞാന്‍ കാത്തുസൂക്ഷിക്കണ്ടേ? കുട്ടിയമ്മക്ക് ചീത്തപ്പേര് കേള്‍പ്പിക്കാത്ത തരത്തിലുള്ള നല്ലനല്ല കഥാപാത്രങ്ങള്‍ ചെയ്യണം. കുറേ സിനിമകള്‍ വരുന്നുണ്ട്. രണ്ട് മൂന്ന് സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്,’ മഞ്ജു പറഞ്ഞു.

ഏറെ നാളുകള്‍ക്കു ശേഷം മലയാളത്തിലിറങ്ങിയ മികച്ച ഒരു ഫീല്‍ ഗുഡ് ചിത്രമായിരുന്നു ഹോം. ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘കോളാമ്പി’യാണ് മഞ്ജു പിളളയുടേതായി പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം.


Content Highlights: I can’t blame the film for not getting roles, I have to blame myself: Manju Pillai

We use cookies to give you the best possible experience. Learn more