ടുണീസ്: വുമൺ ടെന്നീസ് ടൂർണമെന്റിലെ ഫൈനൽ വിജയത്തിന് പിന്നാലെ പുരസ്‌കാര തുക ഫലസ്തീന് നൽകുമെന്ന് പ്രഖ്യാപിച്ച് ടുണീഷ്യൻ ടെന്നീസ് താരം ഓൺസ് ജബൂർ.
മത്സരത്തിന് ശേഷം കോർട്ടിൽ വെച്ച് നൽകിയ അഭിമുഖത്തിൽ കണ്ണുകൾ നിറഞ്ഞ് സംസാരിക്കാൻ ബുദ്ധിമുട്ടിയ ഓൺസ്, ഗസയിലെ ഇസ്രഈലി ആക്രമണത്തിൽ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ വീഡിയോ തന്നെ പ്രയാസപ്പെടുത്തുന്നതായി പറഞ്ഞു.
‘മത്സര വിജയത്തിൽ എനിക്ക് സന്തോഷമുണ്ട്. പക്ഷേ ഈയിടെയായി ഞാൻ അത്ര സന്തോഷവതിയല്ല. ഓരോ ദിവസവും കുഞ്ഞുങ്ങൾ മരിച്ചുവീഴുന്നത് കാണുക എന്നത് വളരെ ബുദ്ധിമുട്ടാണ്. അത് ഹൃദയഭേദകമാണ്,’ മെക്സിക്കോയിലെ ക്യാൻകനിൽ നടന്ന ഫൈനലിലെ വിജയത്തിന് ശേഷം ഓൺസ് പറഞ്ഞു.
‘എനിക്ക് ഈ വിജയത്തിൽ സന്തോഷിക്കാനാകില്ല. ഇതൊരു രാഷ്ട്രീയ സന്ദേശമല്ല. ഇത് മനുഷ്യത്വമാണ്. ഈ ലോകത്ത് സമാധാനം വേണമെന്നാണ് എന്റെ ആഗ്രഹം. അത്ര മാത്രം,’ ഓൺസ് പറഞ്ഞു.
ഗസയിൽ കൊല്ലപ്പെടുന്ന കുട്ടികളെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ പല തവണ വിതുമ്പിയ ഓൺസിനെ നിറഞ്ഞ കൈയടികളോടെയാണ് കാണികൾ സ്വീകരിച്ചത്.
മൂന്ന് തവണ ഗ്രാൻസ്ലാം ഫൈനലിസ്റ്റായ ഓൺസ് തന്റെ സമ്മാനത്തുകയിൽ നിന്ന് ഒരു വിഹിതം ഫലസ്തീന് നൽകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.