| Friday, 25th February 2022, 3:40 pm

ഇടിക്കുമ്പോള്‍ ആള്‍ക്കാര്‍ പറന്നു പോകുന്നത് അംഗീകരിക്കാനാവില്ല, നിര്‍ബന്ധിച്ചാലും ഞാനത് ചെയ്യാറില്ല: ബാബു ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ഒരുകാലത്ത് ആക്ഷന്‍ താരമായി നിറഞ്ഞാടിയ താരമാണ് ബാബു ആന്റണി. ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് മാത്രം ബാബു ആന്റണിയെ ഹൃദയത്തില്‍ ഏറ്റെടുത്ത ആരാധകരുമുണ്ടായിരുന്നു.

നായകനായും വില്ലനായുമെല്ലാം മലയാള സിനിമയില്‍ സ്വന്തമായ ഇരിപ്പിടമുറപ്പിച്ച ബാബു ആന്റണി സിനിമയില്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുമ്പോഴുള്ള അനുഭവങ്ങള്‍ തുറന്നു പറയുകയാണ്.

ഇടിക്കുമ്പോള്‍ ആള്‍ക്കാര്‍ പറന്നുപോകുന്നത് തനിക്ക് അംഗീകരിക്കാന്‍ പറ്റില്ലെന്നും തന്നോട് അത് ആവശ്യപ്പെടുമ്പോള്‍ ചെയ്യാറില്ലെന്നും ബാബു ആന്റണി പറയുന്നു. കൗമുദി മൂവിസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഞാന്‍ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിച്ചിട്ടുള്ള ആളാണ്. അപ്പോള്‍ അതിന്റെ ഫീല്‍ എനിക്ക് അറിയാം. അതൊക്കെ കണ്ടിട്ട് സിനിമയില്‍ ഒരു ഇടി ഇടിക്കുമ്പോള്‍ ആള്‍ക്കാര്‍ പറന്നു പോകുന്നത് എനിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത കോണ്‍സെപ്റ്റ് ആണ്. ഒരു സയന്‍സ് ഫിക്ഷനോ സൂപ്പര്‍ ഹീറോ സിനിമയോ ആണെങ്കില്‍ അങ്ങനെയുള്ള ഫൈറ്റ് ആക്‌സെപ്റ്റ് ചെയ്യാന്‍ പറ്റും.

മറ്റ് ഭാഷകളില്‍ അഭിനയിക്കുമ്പോള്‍ സംവിധായകര്‍ ഇങ്ങനെയുള്ള ആവശ്യങ്ങള്‍ മുന്നോട്ട് വെക്കും. പക്ഷേ ഞാനൊരു കടുംപിടുത്തക്കാരനാണ്. ഞാനത് ചെയ്യില്ല എന്നെക്കൊണ്ടാവില്ല എന്ന് പറയും. അവര്‍ അത് ചിരിച്ചുകൊണ്ട് സന്തോഷത്തോടുകൂടി അംഗീകരിക്കും,’ ബാബു ആന്റണി പറഞ്ഞു.

അതേസമയം ഒരിടവേളക്ക് ശേഷം സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ് ബാബു ആന്റണി.

സന്ദീപ് ജെ.എല്‍. സംവിധാനം ചെയ്യുന്ന ‘ദ ഗ്രേറ്റ് എസ്‌കേപ്’ എന്ന ചിത്രത്തില്‍ ബാബു ആന്റണി ആക്ഷന്‍ താരമായിട്ടുതന്നെയാണ് എത്തുന്നത്. ചിത്രത്തില്‍ ഹോളിവുഡ് താരങ്ങളും അഭിനയിക്കുന്നുണ്ട്.

ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘കടമറ്റത്ത് കത്തനാര്‍’, രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ‘പൊതിച്ചോറ്’, മണിരത്‌നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിന്‍ ശെല്‍വന്‍’എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.


Content Highlight: I can not accept people flying away when hit says Babu Antony

We use cookies to give you the best possible experience. Learn more