national news
ഞാനെത്തിയത് എന്റെ സഹോദരങ്ങളെ കേള്‍ക്കാന്‍; സര്‍ക്കാര്‍ യാത്ര തടഞ്ഞത് നിര്‍ഭാഗ്യകരം: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 29, 01:50 pm
Thursday, 29th June 2023, 7:20 pm

ഇംഫാല്‍: മണിപ്പൂരിലെത്തിയെ തന്നെ പൊലീസ് തടഞ്ഞത് നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പൂരിലെ തന്റെ സഹോദരീ സഹോദരന്മാരെ കേള്‍ക്കാനാണ് താനെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

‘മണിപ്പൂരിലെ എന്റെ സഹോദരീ സഹോദരന്മാരെ കേള്‍ക്കാനാണ് ഞാനെത്തിയത്. ആളുകള്‍ എന്നെ ഏറെ സ്‌നേഹത്തോടെ സ്വാഗതം ചെയ്തു. സര്‍ക്കാര്‍ എന്നെ തടഞ്ഞത് നിര്‍ഭാഗ്യകരമാണ്. മണിപ്പൂരിലെ ഞങ്ങളുടെ ഏക മുന്‍ഗണന സമാധാനത്തിനാണ്,’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

മണിപ്പൂര്‍ സന്ദര്‍ശിക്കാനെത്തിയ രാഹുലിനെ പൊലീസ് തടഞ്ഞിരുന്നു. മുന്നോട്ട് പോകാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും ജനങ്ങള്‍ ആയുധങ്ങളുമായി അക്രമാസക്തരായി നില്‍ക്കുകയാണെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു പൊലീസ് രാഹുലിന്റെ വാഹനവ്യൂഹം തടഞ്ഞത്. വിഷ്ണുപൂരില്‍ വെച്ചായിരുന്നു പൊലീസ് രാഹുലിന്റെ വാഹനം തടഞ്ഞത്. തുടര്‍ന്ന് രാഹുല്‍ ഹെലികോപ്റ്ററില്‍ ചുരാചന്ദ്പൂരിലേക്ക് പോകുകയായിരുന്നു.

ചുരാചന്ദ്പൂരിലെത്തിയ അദ്ദേഹം ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. കുകി ഗോത്രമേഖലയിലെ ഗ്രീന്‍വുഡ് ക്യാമ്പിലെത്തി അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം കണ്ടു. ഇതിന് ശേഷം അദ്ദേഹം ഹെലികോപ്റ്ററില്‍ തന്നെ ഇംഫാലിലേക്ക് മടങ്ങി.

രാഹുല്‍ ഗാന്ധി ഇന്ന് രാത്രി ഇംഫാലില്‍ താമസിക്കുമെന്നും മണിപ്പൂരിലെ സന്ദര്‍ശനം നാളെ തുടരാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കെയ്ഷാം മേഘചന്ദ്ര പറഞ്ഞു. മൊയ്‌റാങിലേക്കുള്ള യാത്ര കോണ്‍ഗ്രസ് റദ്ദാക്കിയതായും കെയ്ഷാം അറിയിച്ചു. ചുരാചന്ദ്പൂരിന് ശേഷം മൊയ്‌റാങ് സന്ദര്‍ശിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ സന്ദര്‍ശനത്തിനുള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചതോടെ യാത്ര റദ്ദാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂര്‍ കലാപത്തില്‍ ഇതുവരെ നൂറിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മെയ്തി സമുദായക്കാര്‍ ഗോത്ര പദവി ആവശ്യപ്പെട്ടതിന് പിന്നാലെ മെയ് മൂന്നിന് കുകി വിഭാഗക്കാര്‍ നടത്തിയ പ്രതിഷേധത്തോടെയാണ് മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നത്.

Conttent Highlight: I came to listen to all my brothers and sisters of Manipur: Rahul gandhi