എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ഏക്‌സിസ് ബാങ്കുകള്‍ കള്ളനിക്ഷേപം നടത്തുന്ന തെളിവുകള്‍ പുറത്ത്
India
എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ഏക്‌സിസ് ബാങ്കുകള്‍ കള്ളനിക്ഷേപം നടത്തുന്ന തെളിവുകള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th March 2013, 11:00 am

 

(സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്നെന്നാണ് സംഘപരിവാര്‍ വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍ എസ്.ബി.ഐ ഉള്‍പ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളും എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ പോലുള്ള സ്വകാര്യ ബാങ്കുകളും കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നു എന്ന കാര്യം 2013ല്‍ കോബ്ര പോസ്റ്റ് എന്ന ഓണ്‍ലൈന്‍ മാസിക തെളിവുകള്‍ സഹിതം പുറത്തുവിട്ടിരുന്നു. കോബ്ര പോസ്റ്റു റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 2013 മാര്‍ച്ച് 14ന് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്ത)

ന്യൂദല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട സ്വകാര്യബാങ്കുകളിലൂടെ കള്ളപ്പണനിക്ഷേപം നടക്കുന്നതിന്റെ തെളിവുകള്‍ പുറത്ത്.

കോബ്രാ പോസ്റ്റ് നടത്തിയ അന്വേഷണത്തിലാണ് പ്രമുഖ സ്വകാര്യ ബാങ്കുകളായ ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, ഏക്‌സിസ് ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്കുകള്‍ വഴി കള്ളപ്പണ നിക്ഷേപം നടത്തുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത് വന്നത്.

ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ദല്‍ഹി ബ്രാഞ്ചില്‍ ഇടപാടുകാരനാണെന്ന് കാണിച്ച് കോബ്ര റിപ്പോര്‍ട്ടര്‍ ചെല്ലുകയും താനുമായി ബന്ധമുള്ള ഒരു രാഷ്ട്രീയ നേതാവിന് 3 ആള്‍ക്കാരുടെ പേരില്‍ ദീര്‍ഘ നാളത്തേക്ക് പണം നിക്ഷേപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

തുടര്‍ന്ന് നടക്കുന്ന എല്ലാ സംഭാഷണങ്ങളും ഒളിക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.  പ്രവിലേജ് ബാങ്കര്‍ ആയ വി. ശ്രീവാസ്തവയുമായാണ് കോബ്ര റിപ്പോര്‍ട്ടര്‍ സംസാരിച്ചത്.

അല്പനേരത്തെ സംസാരത്തിന് ശേഷം പ്രൈവറ്റ് കാബിനിനുള്ളിലേക്ക് ഇദ്ദേഹത്തെ വിളിച്ച് കൊണ്ടുപോകുകയും ചെയ്തു. രാഷ്ട്രീയനേതാവിന്റെ ഭാര്യയുടെ പേരിലും മറ്റ് രണ്ട് പേരുടേയും പേരിലാണ് 1 കോടി രൂപ നിക്ഷേപിക്കേണ്ടതെന്നാണ് ആവശ്യപ്പെട്ടത്. അല്പദിവസത്തിന് ശേഷം 8മുതല്‍ 10 കോടി രൂപ വരെ നിക്ഷേപിക്കുമെന്നും ഇയാള്‍ ബാങ്കറെ ധരിപ്പിച്ചു.

തങ്ങളുടെ ഈ ഇടപാട് പുസ്തകളിലൊന്നും അടയാളപ്പെടുത്തരുതെന്നും പറഞ്ഞു. ഇതിന് ശേഷം പണമായി നിങ്ങളുടെ കയ്യില്‍ എത്ര രൂപയുണ്ടെന്നായിരുന്നു ശ്രീവാസ്തവയുടെ ചോദ്യം.

1 കോടി രൂപ 3 പേരുടെ പേരില്‍ 10 വര്‍ഷ കാലയളവില്‍ നിക്ഷേപിക്കാമെന്ന നിര്‍ദേശവും അയാള്‍ നല്‍കി. 50 ലക്ഷം വരെ ഇത്തരത്തില്‍ ഓരോരുത്തരുടേയും പേരില്‍ നിക്ഷേപിക്കാമെന്നും അദ്ദേഹം വ്യക്തനാക്കി. ഈ ഇടപാടിന്റെ കാര്യം പുറത്ത് പറയേണ്ടതില്ലെന്നായിരുന്നു ശ്രീവാസ്തവയുടെ ഓര്‍മ്മപ്പെടുത്തല്‍.

അതിന് ശേഷം മ്യൂച്വല്‍ ഫണ്ടിനെ കുറിച്ചും ടാക്‌സ് ഫ്രീ ഫണ്ടിനെ കുറിച്ചും വ്യക്തമാക്കിയ അദ്ദേഹം പണമിടപാടുകളെല്ലാം യാതൊരു തെളിവും അവശേഷിപ്പിക്കാതെ ചെയ്തുതരാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

ഇതേസംഭവത്തിന് സമാനമായിരുന്നും എച്ച്.ഡി.എഫ്.സിയുടേയും ഏക്‌സിസ് ബാങ്കിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലും. എച്ച്.ഡി.എഫ്.സിലെ സെയില്‍സ് ഡവലപ്‌മെന്റ് മാനേജരായ എ. ഗുപ്ത തന്നെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കള്ളപ്പണം സ്വീകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നത് ഒളിക്യാമറ പകര്‍ത്തിയിട്ടുണ്ട്.


Also Read: എസ്.ബി.ഐ ഉള്‍പ്പെടെയുള്ള പൊതുമേഖലാ ബാങ്കുകള്‍ കള്ളപ്പണം വെളിപ്പിക്കുന്നു: തെളിവ് ഇതാ!


കള്ളപ്പണനിക്ഷേപത്തിനായെത്തിയ ഇടപാടുകാരനെന്ന് പരിചയപ്പെടുത്തിയ റിപ്പോര്‍ട്ടറോട് എത്ര കോടി രൂപ വേണമെങ്കിലും ഇത്തരത്തില്‍ നിക്ഷേപിക്കാമെന്ന് ഇയാള്‍ വ്യക്തമാക്കുന്നു.

നിങ്ങള്‍ പണം തന്നാല്‍ മാത്രം മതി അതിന്റെ ഡി.ഡി തരുന്ന കാര്യം തങ്ങള്‍ ഏറ്റെന്ന ഉറപ്പും ഇദ്ദേഹം നല്‍കുന്നു. എത്ര പണം നിങ്ങള്‍ തന്നാലും അതെല്ലാം വൈറ്റ് മണിയാക്കി രേഖകള്‍ തരുന്ന കാര്യം ഏറ്റെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

സ്വാകാര്യ ബാങ്കായ ഏക്‌സിസ് ബാങ്കും കള്ളപ്പണം എത്ര വേണമെങ്കിലും സ്വീകരിക്കാമെന്ന് കോബ്രാ റിപ്പോര്‍ട്ടറോട് വ്യക്തമാക്കുന്നുണ്ട്.