ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയിരിക്കുകയാണ് ഇന്ത്യ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ ഇന്ത്യ തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടമാണ് നേടിയത്.
ടൂര്‍ണമെന്റിന്റെ സമാപനത്തോടെ 2025 ചാമ്പ്യന്‍സ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഐ.സി.സി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്ലാതെയാണ് ഐ.സി.സി ടീം പുറത്ത് വിട്ടത്. ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറാണ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ച് ഇന്ത്യക്കാരാണ് ടീമിലുള്ളത്.
വണ്‍ ഡൗണ്‍ ബാറ്ററായി വിരാട് കോഹ്‌ലിയും സെക്കന്റ് ഡൗണ്‍ ആയി ശ്രേയസ് അയ്യരുമാണ് സ്ഥാനം പിടിച്ചത്. അഞ്ചാം നമ്പറില്‍ ഇടം നേടിയത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലാണ്. ക്രിക്കറ്റിലേക്ക് വമ്പന്‍ തിരിച്ചുവരവ് നടത്തിയ മുഹമ്മദ് ഷമിയാണ് ഒമ്പതാം നമ്പറില്‍. സ്റ്റാര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി 11ാം നമ്പറിലെത്തിയപ്പോള്‍ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ ടെയില്‍ എന്‍ഡില്‍ സ്ഥാനം പിടിച്ചു.
ക്യാപ്റ്റനും ഓപ്പണറും അടക്കം കിവീസിന്റെ നാല് താരങ്ങളാണ് ടീമില്‍ ഇടം നേടിയത്. ഗ്ലെന്‍ ഫിലിപ്‌സ്, മാറ്റ ഹെന്റി എന്നിവരാണ് മറ്റുള്ളവര്‍.
ഓപ്പണറായി ന്യൂസിലാന്‍ഡിന്റെ യുവ ബാറ്റര്‍ രചിന്‍ രവീന്ദ്രയും അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാനുമാണ്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് രചിന്‍. ടൂര്‍ണമെന്റില്‍ 177 റണ്‍സ് നേടി ഏറ്റവും ഉയര്‍ന്ന് സ്‌കോര്‍ നേടാന്‍ സദ്രാനും സാധിച്ചിരുന്നു. മാത്രമല്ല ഇലവനില്‍ സ്ഥാനം നേടിയ ഏക അഫ്ഗാന്‍ താരവും സദ്രാനാണ്.
അതേസമയം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കരുത്തിലാണ് ഇന്ത്യ ഫൈനലില്‍ വിജയിച്ചുകയറിയത്. 83 പന്തില്‍ ഏഴ് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 76 റണ്‍സാണ് രോഹിത് കിവീസിനെതിരെ അടിച്ചെടുത്തത്. ടൂര്‍ണമെന്റില്‍ രോഹിത്തിന് നേരത്തെ തിളങ്ങാന്‍ സാധിച്ചിരുന്നില്ലെങ്കിലും ഫൈനലില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ നിര്‍ണായകമായത് ക്യാപ്റ്റന്റെ പ്രകടനം തന്നെയാണ്.
Content Highlight: I.C.C Reveals 2025 Champions Trophy Team, No Rohit