അത്ഭുതകരമായ കരിയർ അവകാശപ്പെടാനുള്ള താരമാണ്, എല്ലാരും കൂടി ആ പാവത്തിനെ ഒന്നുമല്ലാതാക്കി; അർജന്റൈൻ സൂപ്പർതാരത്തെ കുറിച്ച് ലയണൽ മെസി
Football
അത്ഭുതകരമായ കരിയർ അവകാശപ്പെടാനുള്ള താരമാണ്, എല്ലാരും കൂടി ആ പാവത്തിനെ ഒന്നുമല്ലാതാക്കി; അർജന്റൈൻ സൂപ്പർതാരത്തെ കുറിച്ച് ലയണൽ മെസി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 16th October 2022, 1:22 pm

രണ്ട് പതിറ്റാണ്ടോളം പ്രൊഫഷണൽ ഫുട്‌ബോളിൽ ചെലവഴിച്ച അർജന്റീനയുടെ ഗോൺസാലോ ഹിഗ്വെയ്ൻ കുറച്ച് ദിവസം മുമ്പാണ് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. അർജന്റീനയുടെ മുൻ സൂപ്പർ താരങ്ങളിൽ ഒരാളായ ഹി​ഗ്വെയ്ൻ ലോക ഫുട്‌ബോളിലെ ഒട്ടേറെ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

വികാരാധീനനായി താരം കോർട്ട് വിട്ടിറങ്ങുന്ന രംഗം വിങ്ങലോടെയാണ് ആരാധകർ കണ്ടു നിന്നത്.

കരിയറിൽ കയ്പ്പേറിയ സാഹചര്യങ്ങളിലൂടെ കടന്നുപോയ താരമാണ് ഹിഗ്വെയ്ൻ. മത്സരത്തിൽ തുടർന്നപ്പോഴും വിരമിച്ചതിന് ശേഷവും വലിയ വിമർശനങ്ങൾ അദ്ദേഹത്തിനെതിരെ ഉയർന്നിട്ടുണ്ട്.

ഒരു സമയത്ത് അർജന്റീനയുടെ തോൽവികളിൽ ഹിഗ്വെയ്‌ന് മാത്രം വലിയ കുറ്റപ്പെടുത്തലുകൾ ചുമക്കേണ്ട സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.

തന്റെ സഹതാരം കരിയറിൽ അഭിമുഖീകരിച്ച യാതനകളെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ അർജന്റൈൻ ഇതിഹാസവും നിലവിൽ പി.എസ്.ജിയുടെ സൂപ്പർതാരവുമായ ലയണൽ മെസി.

ആളുകൾ ഹിഗ്വെയ്‌നോട് അനീതി കാണിച്ചിരുന്നെന്നും മാധ്യമങ്ങളും താരത്തെ ചൂഷണം ചെയ്തിരുന്നെന്നുമാണ് മെസി പറഞ്ഞത്.

‘അത്ഭുതകരമായ കരിയർ അവകാശപ്പെടാനുള്ള താരമാണ് ഹിഗ്വെയ്ൻ. അദ്ദേഹത്തിന്റെ കഴിവും പ്രകടനവും പ്രശംസനീയമാണ്. ലോകത്തിലെ വമ്പൻ ടീമുകൾക്ക് വേണ്ടി അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുകയും കിരീടങ്ങൾ നേടി കൊടുക്കുകയും ചെയ്തിട്ടുണ്ട്. കോപ്പ അമേരിക്കയിലും വേൾഡ് കപ്പിലും ഗോളുകൾ നേടുക അത്ര നിസാര കാര്യമല്ല.

മത്സരങ്ങളാകുമ്പോൾ പാളിച്ചകൾ വരാം. ഒരു കളിക്കാരനും എല്ലായിപ്പോഴും ഒരേ ഫോമിൽ തുടരാൻ സാധിക്കില്ല. രണ്ട് കോപ്പ അമേരിക്ക ഫൈനലുകളിലും ഒരു വേൾഡ് കപ്പ് ഫൈനലിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും മോശം ഫോമിൽ കളിച്ച ഏതെങ്കിലും ഒരു മത്സരത്തെ വെച്ചാണ് പലരും അദ്ദേഹത്തെ ജഡ്ജ് ചെയ്തത്,” മെസി വ്യക്തമാക്കി

അർജന്റീന ഈ ഫൈനലുകൾ കളിച്ചത് ഹിഗ്വെയ്‌നും കൂടി ഉള്ളതുകൊണ്ടാണെന്ന് മറക്കരുതെന്നും മെസി ആരാധകരെ ഓർമപ്പെടുത്തി. ഈ ഫൈനലുകളിൽ പരാജയപ്പെട്ടതോടുകൂടി ഹിഗ്വെയ്‌നെതിരെയുള്ള വിമർശനങ്ങൾ ശക്തമാവുകയായിരുന്നു. ഇതിനെതിരെയാണ് ലയണൽ മെസി തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

വിരമിച്ചതിന് ശേഷം നേരിടേണ്ടി വന്ന സൈബർ ബുള്ളിയിങ്ങിൽ പ്രതികരണമറിയിച്ച് ഹിഗ്വെയ്ൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തന്നെ വെറുതെ വിടണമെന്നും ഇത്തരം പ്രവണതകൾ മാനസിക സമ്മർദമുണ്ടാക്കുന്നതിനാൽ തന്റെ കുടുംബമാണ് വലയുന്നതെന്നും താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിക്കുകയായിരുന്നു.

2005ലാണ് ഹിഗ്വെയ്ൻ അർജന്റീനിയൻ ടീമായ റിവർ പ്ലേറ്റിനായി തന്റെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തിയത്. റയൽ മാഡ്രിഡ്, നാപ്പോളി, യുവന്റസ്, മിലാൻ, ചെൽസി തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരം ഒരു പ്രൊഫഷണൽ കളിക്കാരനെന്ന നിലയിൽ 14 പ്രധാന കിരീടങ്ങൾ നേടിയിട്ടുണ്ട്.

Content Highlights: I believe people were very unfair to him, Lionel Messi speaks about his team mate in Argentina